ജിയോയുമായി മത്സരിക്കാന്‍ റിലയന്‍സ്; 49 രൂപക്ക് 1 ജിബി 4ജി ഡാറ്റ
ടെലികോം യുദ്ധത്തില്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സും പങ്കാളികളാകുന്നു
ടെലികോം യുദ്ധത്തില്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സും പങ്കാളികളാകുന്നു. മുകേഷ് അംബാനിയുടെ റിയലന്‍സ് ജിയോയുമായാണ് യുദ്ധപ്രഖ്യാപനം. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തങ്ങളുടെ 4ജി ഉപഭോക്താക്കള്‍ക്കായി 49 രൂപയുടെ ഓഫറാണ് അവതരിപ്പിച്ചിരിക്കുന്നത്. 49 രൂപയുടെ പ്ലാനില്‍ ഒരു ജിബി 4ജി ഡാറ്റയാണ് ലഭ്യമാകുക. ഇതേസമയം, 149 രൂപയുടെ ഓഫറില്‍ 3ജിബി 4ജി ഡാറ്റയും പരിധികളില്ലാത്ത വോയിസ് കോളും ലഭ്യമാണ്. റിലയന്‍സ് നെറ്റ്‍വര്‍ക്കില്‍ ലോക്കല്‍, എസ്‍ടിഡി കോളുകള്‍ പരിധികളില്ലാതെ ഉപയോഗിക്കാന്‍ കഴിയും.
ഹോളി ആഘോഷങ്ങളുടെ ഭാഗമായാണ് 28 ദിവസം കാലപരിധിയിലുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ കണക്ഷന്‍ എടുക്കുന്നവരാണ് ഈ ഓഫറിന് അര്‍ഹരാകുകയെന്ന് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് അറിയിച്ചു. പുതിയ 3ജി, 2ജി പ്ലാനുകളും ആര്‍കോം അവതരിപ്പിക്കുന്നുണ്ട്. 99 രൂപക്ക് പരിധികളില്ലാത്ത 3ജി ഡാറ്റയും 49 രൂപക്ക് പരിധികളില്ലാത്ത 2ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു കശ്‍മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ 3ജി ഉപഭോക്താക്കള്‍ക്ക് 99 രൂപയുടെ പ്ലാന്‍ ചെയ്യാന്‍ കഴിയും. ഈ പ്ലാനില്‍ 20 രൂപയുടെ സംസാരസമയവും ലഭ്യമാണ്. മിനിറ്റിന് 25 പൈസ വീതമാണ് ഈടാക്കുക. ഇതേസമയം, ഹരിയാന, യുപി, എപി, ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്‍നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ 2ജി ഉപഭോക്താക്കള്‍ക്ക് 49 രൂപയുടെ പ്ലാന്‍ ഉപയോഗിക്കാന്‍ കഴിയും. പരിധികളില്ലാത്ത ഡാറ്റക്കൊപ്പം 25 പൈസ നിരക്കില്‍ 20 രൂപയുടെ സംസാര സമയവും ലഭിക്കും. റിയലന്‍സ് ജിയോയുടെ വരവോട് കൂടി അടിപതറിയ മറ്റു ടെലികോം കമ്പനികള്‍ ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ച് മത്സരം കടുപ്പിക്കുമ്പോഴാണ് അനില്‍ അംബാനിയുടെ ആര്‍കോമും പടപ്പുറപ്പാട് തുടങ്ങുന്നത്.