ഈ ഇമെയില്‍ തുറക്കരുത്...
അജ്ഞാത ലോകത്തിരുന്ന് ഹാക്കര്‍മാര്‍ ഇരകള്‍ക്കായി വല വിരിച്ചുകൊണ്ടിരിക്കുകയാണ്.
അജ്ഞാത ലോകത്തിരുന്ന് ഹാക്കര്‍മാര്‍ ഇരകള്‍ക്കായി വല വിരിച്ചുകൊണ്ടിരിക്കുകയാണ്. ഹാക്കിങിനു പല രീതികളുണ്ട്. ഫിഷിങ് എന്നതാണ് ഇതിലൊരടവ്. ഒറിജിനലിനെ വെല്ലുന്ന വ്യാജ വെബ് പേജുകളും മറ്റും നിര്‍മിച്ച് ഇരക്ക് വേണ്ടി ചൂണ്ടയിടുകയാണ് ഹാക്കര്‍മാര്‍ ഫിഷിങിലൂടെ ചെയ്യുന്നത്. എന്നാല്‍ നവമാധ്യമങ്ങളിലൂടെയും ഇമെയിലുകള്‍ വഴിയും എത്തുന്ന ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്താലാണ് സാധാരണഗതിയില്‍ ഹാക്കിങിന് വിധേയമാകൂ.
എന്നാല്‍ ഹാക്കര്‍മാര്‍ പുതുതായി പരീക്ഷിക്കുന്ന ഗൂഗിള്‍ ഡോക്സ് ലിങ്കുകള്‍ ഇരയുടെ അടിവേര് തോണ്ടുമെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അപരിചിതമായ ആളുകള്‍ അയക്കുന്ന മെയിലുകളിലെ ഗൂഗിള്‍ ഡോക്സ് ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ജാഗ്രത പാലിക്കണമെന്ന് ഗൂഗിള്‍ ഇതിനോടകം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആയിരക്കണക്കിനു പേര്‍ ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട് ഹാക്കിങിന് ഇരയായെന്ന പരാതിയെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശവുമായി ഗൂഗിള്‍ തന്നെ രംഗത്തു വന്നിരിക്കുന്നത്. ഹാക്കര്‍മാരെ തുരത്താന്‍ വേണ്ട നടപടികള്‍ എടുക്കുമെന്നും സംശയകരമായ പേജുകള്‍ നീക്കം ചെയ്യുമെന്നും ഗൂഗിള്‍ അറിയിച്ചു. ഹാക്കര്‍മാര്‍ അയക്കുന്ന ഗൂഗിള്‍ ഡോക്സ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പാസ്‍വേഡ് ഇല്ലാതെ തന്നെ നിങ്ങളുടെ അക്കൌണ്ടില്‍ നുഴഞ്ഞുകയറാന്‍ അവര്‍ക്ക് കഴിയുമെന്നതാണ് ഏറ്റവും അപകടകരം. ഗൂഗിള്‍ ഡോക്സ് ലിങ്ക് ഫിഷിങ് ഇമെയിലാണെന്ന് തോന്നില്ലെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ കൂപ്പര്‍ ക്വിന്‍റ്റിന്‍ പറയുന്നത്. ഒരിക്കല്‍ നിങ്ങള്‍ ഈ ലിങ്കില്‍ പ്രവേശിച്ചാല്‍ ഇതേ ഇമെയില്‍ നിങ്ങളുടെ കോണ്‍ടാക്ട്സിലുള്ള മുഴുവന്‍ പേര്‍ക്കും തനിയെ അയക്കപ്പെടുമെന്നും ക്വിന്‍റ്റിന്‍ പറഞ്ഞു.