ഗ്രാമങ്ങളിലേക്ക് ഇന്‍റര്‍നെറ്റെത്തിക്കാന്‍ ഐഎസ്ആര്‍ഒയുടെ കൂറ്റന്‍ ഉപഗ്രഹം
ഇന്ത്യ ഇന്നുവരെ വിക്ഷേപിച്ച എല്ലാ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ ശേഷിക്ക് തുല്യമാണ് ജിസാറ്റ് 11ന്റേത്.
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ആറായിരം കിലോയോളം ഭാരമുള്ള ജിസാറ്റ് 11 ആണ് ഗ്രാമങ്ങളിലേക്ക് ഇന്റര്‍നെറ്റ് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ വിക്ഷേപിക്കുന്നത്. സാറ്റലൈറ്റ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഇന്റര്‍നെറ്റ് ഇന്ത്യയുടെ ടെലികോം മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്രഞ്ച് ഗയാനയിലെ കൂറുവിലേക്ക് ഉപഗ്രഹം കൊണ്ടുപോകാനുള്ള നടപടികള്‍ ഐഎസ്ആര്‍ഒ തുടങ്ങിയിട്ടുണ്ട്. എന്നായിരിക്കും വിക്ഷേപണമെന്ന് ഐഎസ്ആര്‍ഒ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നാല് മീറ്റര്‍ നീളമുള്ള കൂറ്റന്‍ നാല് സോളാര്‍ പാനലുകളാണ് ഈ ഉപഗ്രഹത്തിനുള്ളത്. 500 കോടി രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന ജിസാറ്റ് 11ന്റെ ഓരോ സോളാര്‍ പാനലിനും ഒരു മുറിയുടെ വലിപ്പമുണ്ട്.
ഇന്ത്യ ഇന്നുവരെ വിക്ഷേപിച്ച എല്ലാ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ ശേഷിക്ക് തുല്യമാണ് ജിസാറ്റ് 11ന്റേത്. ഫ്രഞ്ച് ഏരിയന്‍ 5 എന്ന റോക്കറ്റായിരിക്കും ഇന്ത്യക്കുവേണ്ടി ഉപഗ്രഹം ബഹിരാകാശത്തെത്തിക്കുക. ഭാരമേറിയ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ട്രാക്ക് റെക്കോഡുള്ള റോക്കറ്റാണ് ഏരിയന്‍ 5.