സ്റ്റീവ് ജോബ്‌സ് ഐഫോണ്‍ ഉപയോഗിക്കാന്‍ മക്കളെ അനുവദിച്ചിരുന്നില്ല!

Update: 2018-05-09 14:56 GMT
Editor : admin
സ്റ്റീവ് ജോബ്‌സ് ഐഫോണ്‍ ഉപയോഗിക്കാന്‍ മക്കളെ അനുവദിച്ചിരുന്നില്ല!
Advertising

ഇതിന് പിന്നില്‍ സ്റ്റീവ് ജോബ്‌സിന് വ്യക്തമായ കാരണമുണ്ടായിരുന്നു. ഓരോ രക്ഷിതാവിനേയും ചിന്തിപ്പിക്കാന്‍ പോന്നതായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ ഈ വിഷയത്തിലുള്ള നിരീക്ഷണം. 

മക്കള്‍ ഐഫോണും മൊബൈലുമെല്ലാം ഉപയോഗിക്കുന്നത് കണ്ട് അഭിമാനത്തോടെ ഇരിക്കുന്ന രക്ഷിതാക്കള്‍ അറിയാന്‍, ഐഫോണും ഐപാഡുമെല്ലാം കണ്ടുപിടിച്ച ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് തന്റെ മക്കള്‍ക്ക് ഐഫോണ്‍ ഉപയോഗിക്കാനായി നല്‍കിയിരുന്നില്ല. ഇതിന് പിന്നില്‍ സ്റ്റീവ് ജോബ്‌സിന് വ്യക്തമായ കാരണമുണ്ടായിരുന്നു. ഓരോ രക്ഷിതാവിനേയും ചിന്തിപ്പിക്കാന്‍ പോന്നതായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ ഈ വിഷയത്തിലുള്ള നിരീക്ഷണം.

ആപ്പിള്‍ മേധാവിയായിരിക്കെ തന്നെയാണ് മക്കളെ ഐഫോണ്‍, ഐപാഡ് ഉപയോഗത്തില്‍ നിന്നും സ്റ്റീവ്‌ജോബ്‌സ് വിലക്കിയത്. ഐപാഡ് പുറത്തിറക്കിയ ശേഷം നടത്തിയ വിരുന്നു സല്‍ക്കാരത്തിനിടെ നടന്ന സൗഹൃദസംഭാഷണത്തിനിടെയാണ് സ്റ്റീവ് ജോബ്‌സ് ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ നിക് ബില്‍ട്ടനോട് ഇക്കാര്യം തുറന്നു പറഞ്ഞത്. ഐപാഡ് മക്കള്‍ക്ക് ഇഷ്ടപ്പെട്ടോ എന്നായിരുന്നു നികിന്റെ ചോദ്യം. മക്കള്‍ക്ക് ഐപാഡിനെക്കുറിച്ച് വലിയ അറിവില്ലെന്നും ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വീട്ടില്‍ നിയന്ത്രണമുണ്ടെന്നുമായിരുന്നു സ്റ്റീവ് ജോബ്‌സിന്റെ മറുപടി.

സത്യത്തില്‍ സ്റ്റീവ് ജോബ്‌സ് മാത്രമല്ല സിലിക്കണ്‍ വാലിയിലെ പല പ്രമുഖരും വീടുകളില്‍ ഇത്തരം ഉപകരണങ്ങള്‍ വിലക്കിയിട്ടുണ്ടെന്നതാണ് വിചിത്രമായ വസ്തുത. സാങ്കേതിക വിദ്യക്ക് വലിയ പ്രാധാന്യമൊന്നും കൊടുക്കാത്ത സ്‌കൂളുകളിലേക്കാണ് ഇവരില്‍ പലരും മക്കളെ അയക്കുന്നത്. രാത്രി വീട്ടിലെത്തിയ ശേഷവും വാരാന്ത്യത്തിലും ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും ഇവര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കുടുംബബന്ധങ്ങള്‍ ഊഷ്മളമാക്കുകയെന്ന ലക്ഷ്യമാണ് ടെക് ലോകത്തെ ഗുരുക്കന്മാരുടെ ഈ തീരുമാനങ്ങള്‍ക്ക് പിന്നില്‍.

പത്തുവയസില്‍ താഴെയുള്ള കുട്ടികള്‍ പുതിയ സാങ്കേതിക വിദ്യകളോട് എളുപ്പത്തില്‍ ഇണങ്ങുന്നവരാണെന്ന് പഠനങ്ങള്‍ നേരത്തെ തെളിയിച്ചിട്ടുള്ളതാണ്. വളരെ ചെറുപ്പത്തില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രീതി സായത്തമാക്കുന്നതോടെ ഇവര്‍ ഈ സാങ്കേതിക വിദ്യയുടെ അടിമകളായും മാറുന്നു. ദിവസം അര മണിക്കൂറിലേറെ ടാബ്‌ലറ്റുകള്‍ ഉപയോഗിക്കുന്നതും സ്മാര്‍ട്ട്‌ഫോണുകള്‍ രണ്ട് മണിക്കൂറിലേറെ ഉപയോഗിക്കുന്നതും കുട്ടികളെ ഈ സാങ്കേതികവിദ്യകളുടെ അടിമകളാക്കി മാറ്റും. പത്ത് വയസ് മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് ഹോംവര്‍ക്കും മറ്റും ചെയ്യുന്നതിന് ഇത്തരം ഉപകരണങ്ങളെ ആശ്രയിക്കാം എന്ന് മാത്രമാണ് വിദഗ്ധോപദേശം.

കുടുംബത്തിലെ അംഗങ്ങള്‍ തമ്മിലുള്ള സംസാരവും യാത്ര പോകലും വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയുമെല്ലാം ഇത്തരം പുതു തലമുറ ഉപകരണങ്ങള്‍ക്ക് പകരം വേണമെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഇല്ലെങ്കില്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ മാതാപിതാക്കളേക്കാളും മറ്റുള്ളവരേക്കാളും കൂടുതല്‍ സ്വാധീനം ഇത്തരം ഉപകരണങ്ങള്‍ക്കായി മാറും. ഐഫോണ്‍, ഐപാഡ് തുടങ്ങി ആപ്പിളിന്റെ സുപ്രധാന കണ്ടുപിടുത്തങ്ങളുടെ ബുദ്ധികേന്ദ്രമായിരുന്ന സ്റ്റീവ് ജോബ്‌സിന്റെ തീരുമാനമായിരുന്നു ശരിയെന്ന് ഈ മുന്നറിയിപ്പുകള്‍ തെളിയിക്കുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News