ഒരു വീഡിയോ വൈറലാകുന്നതിന് പിന്നിലെ കാരണങ്ങള്‍

Update: 2018-05-13 02:31 GMT
Editor : admin
ഒരു വീഡിയോ വൈറലാകുന്നതിന് പിന്നിലെ കാരണങ്ങള്‍
Advertising

ഒരു വീഡിയോ ഏതു രീതിയിലാണ് ഒരു വ്യക്തി സ്വീകരിക്കുന്നത് എന്നതും അത് ഷെയര്‍ ചെയ്യാന്‍ ഒരാളെ പ്രേരിപ്പിക്കുന്ന  ഘടകങ്ങളും.....

ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. തെരഞ്ഞെടുപ്പും സാമൂഹിക വിഷയങ്ങളുമെല്ലാം ചൂടേറിയ ചര്‍ച്ചകളുടെയും പ്രതികരണങ്ങളുടെയും രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ പെയ്തിറങ്ങുന്ന കാലം. വീഡിയോകള്‍ക്ക് വെബ് ലോകത്ത് കൂടുതല്‍ സ്വീകാര്യത ലഭിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് മറ്റൊരു പ്രധാന വസ്തുത. ദിനം പ്രതി ആയിരത്തിലേറെ വീഡിയോകള്‍ ഫേസ് ബുക്കിലും, യു ട്യൂബിലും ട്വിറ്ററിലുമായി പ്രത്യക്ഷപ്പെടുമ്പോള്‍ ഇതില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത് വിരലിലെണ്ണാവുന്നവ മാത്രമാണ്. വൈറല്‍ ലോകത്ത് ചലനങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ ഒരു വീഡിയോ മാറുന്നതിന് പിന്നിലെ ഘടകങ്ങള്‍ എന്തെല്ലാമാണ്? - ഉത്തരം അത്ര എളുപ്പമല്ലാത്ത ഒരു ചോദ്യമാണിത്. കാഴ്ചക്കാരുമായി നേരിട്ട് സംവദിക്കുന്നതായിരിക്കണം ഓരോ കലാസൃഷ്ടിയും എന്ന ആത്യന്തിക തത്വം തന്നെയാണ് ഇവിടെയും പരമപ്രധാനം. ഒരു വീഡിയോ വീണ്ടും വീണ്ടും കാണാനും ഷെയര്‍ ചെയ്യാനും കാഴ്ചക്കാരെ പ്രേരിപ്പിക്കുന്ന തരത്തിലാകണമെന്നാണ് നെറ്റ് ലോകത്തെ വിജയമന്ത്രം. എന്നാല്‍ വിജയത്തിന് പ്രത്യേകമൊരു മാന്ത്രിമ ഫോര്‍മുല ഇല്ലാതാനും.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധവും ക്രിക്കറ്റ് ലോകത്തെ പോരാട്ടങ്ങളും പൊതുവെ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നവയാണ്. അതിനാല്‍ തന്നെ സമാധാന സന്ദേശം നല്‍കുന്ന ഈ പ്രമേയം ഉള്‍കൊള്ളുന്ന വീഡിയോകള്‍ എന്നും സ്വീകരിക്കപ്പെട്ടിട്ടുണ്ട്. #ProfileForPeace എന്ന ഹാഷ് ടാഗോടു കൂടി ജലന്ധര്‍ സ്വദേശിനിയായ ഗുര്‍മേഹര്‍ കൌര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോവും വിഭജന കാലത്ത് വേര്‍പിരിയപ്പെട്ട രണ്ട് സുഹൃത്തുക്കളുടെ പുനസമാഗമം ചിത്രീകരിച്ച ഗൂഗിള്‍ പരസ്യവും ഇതിന് ഉദാഹരണങ്ങളാണ്. 13,336,440 പേരാണ് ഇതിനോടകം ഗൂഗിളിന്‍റെ പരസ്യ വീഡിയോ കണ്ടിട്ടുള്ളത്, ഇന്ത്യ - പാക് പ്രമേയമുള്ള വീഡിയോകളെല്ലാം വിജയകരമാകുമെന്ന അര്‍ഥം ഇതിനില്ല.

വൈറല്‍ ലോകത്ത് ഒരു വീഡിയോയുടെ ഭാവി നിര്‍ണയിക്കുന്നത് രണ്ട് ഘടകങ്ങളാണ് പൊതുവെയുള്ള പഠനങ്ങള്‍ തെളിയിക്കുന്നത്. ഒരു വീഡിയോ ഏതു രീതിയിലാണ് ഒരു വ്യക്തി സ്വീകരിക്കുന്നത് എന്നതും അത് ഷെയര്‍ ചെയ്യാന്‍ ഒരാളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളും. സന്തോഷവും മനസിന് കുളിര്‍മയും മികച്ച കാഴ്ചാനുഭവവും പകരുന്ന വീഡിയോകള്‍ ആളുകള്‍ കൂടുതലായി ഷെയര്‍ ചെയ്യും. ഇഷ്ടപ്പെട്ട വിഷയങ്ങളുള്ള വീഡിയോകളും ഏതെങ്കിലും ഒരു വിഷയത്തില്‍ അഭിപ്രായം അറിയാന്‍ താത്പര്യമുള്ള വീഡിയോകളും പൊതുവെ ഷെയര്‍ ചെയ്യപ്പെടാറുണ്ട്.

കാഴ്ചക്കാരന്‍റെ ഭാവനയെ കീഴടക്കുന്ന വീഡിയോകള്‍ക്ക് സ്വീകാര്യത കൂടുമെന്നതാണ് മറ്റൊരു പഠനം, തമാശ വീഡിയോകളും കാര്യമാത്രമായ വിവരങ്ങള്‍ പ്രദാനം ചെയ്യുന്നതായ വീഡിയോകളും സ്വീകാര്യത കൂടുതലുള്ള ഗണത്തില്‍പ്പെടുന്നവയാണ്. എന്നാല്‍ നെറ്റിനെ കീഴടക്കാനുള്ള ഒരു മാന്ത്രിക വിദ്യ ഈ പഠനങ്ങളൊന്നും തന്നെ സമ്മാനിക്കുന്നുമില്ല. കാണികളാണ് രാജാക്കന്‍മാരെന്ന അടിസ്ഥാന പാഠം തന്നെയാണ് ഇവിടെയും പ്രസക്തം. ഭയാനകമായ രംഗങ്ങളുള്ള വീഡിയോകളും പൊതുവെ വൈറല്‍ ലോകത്തെ തരംഗങ്ങളാകാറുണ്ട്. സ്വയം ഒരു കാഴ്ചക്കാരന്‍റെ സ്ഥാനത്ത് പ്രതിഷ്ഠിച്ച് വീഡിയോയുടെ നിര്‍മ്മാണം മുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഏക വിജയ ഫോര്‍മുല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News