ഫേസ്‍ബുക്കില്‍ നിങ്ങള്‍ക്കും ജോലി നേടാന്‍ അവസരം... ദുര്‍ബല ഹൃദയര്‍ക്ക് ഈ പണി പറ്റില്ല

Update: 2018-05-14 20:32 GMT
Editor : Alwyn K Jose
ഫേസ്‍ബുക്കില്‍ നിങ്ങള്‍ക്കും ജോലി നേടാന്‍ അവസരം... ദുര്‍ബല ഹൃദയര്‍ക്ക് ഈ പണി പറ്റില്ല
Advertising

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍മീഡിയയായ ഫേസ്‍ബുക്കില്‍ തൊഴിലവസരം.

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍മീഡിയയായ ഫേസ്‍ബുക്കില്‍ തൊഴിലവസരം. പുതുതായി 3000 പേരെയാണ് ഫേസ്‍ബുക്ക് ജോലിക്കെടുക്കുന്നത്. ക്രൂരമായ കൊലപാതകങ്ങള്‍, പീഡനങ്ങള്‍, ആത്മഹത്യ തുടങ്ങിയവയുടെ വീഡിയോകള്‍ കണ്ടെത്തി നീക്കം ചെയ്യുന്നതാണ് ജോലിയുടെ സ്വഭാവം.

ഫേസ്ബുക്കില്‍ അംഗങ്ങള്‍ക്ക് അസ്വസ്ഥതയുളവാക്കുന്ന തരത്തിലുള്ള അതിക്രൂരവും അക്രമസ്വഭാവവുമുള്ള വീഡിയോകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പേരെ ജോലിക്കെടുത്ത് ഇവ നിരീക്ഷിക്കാന്‍ ഫേസ്‍ബുക്ക് തീരുമാനിച്ചത്. ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നതിന് ഫേസ്‍ബുക്ക് ഇടം നല്‍കുന്നു എന്ന ആക്ഷേപം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നിയമനം നടത്തുമെന്ന് ഫേസ്‍ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. തായ്‍ലന്‍ഡില്‍ കുഞ്ഞിനെ കൊന്ന് ആത്മഹത്യ ചെയ്തയാള്‍ ഇതിന്‍റെ വീഡിയോ ഫേസ്‍ബുക്ക് ലൈവിലിട്ടിരുന്നു. ഈ വീഡിയോ ഫേസ്ബുക്കില്‍ ലക്ഷക്കണക്കിനു ആളുകള്‍ കാണുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെയാണ് ഇത്തരം പ്രവണതക്ക് കൂച്ചുവിലങ്ങിടാന്‍ ഫേസ്‍ബുക്ക് തീരുമാനിച്ചിരിക്കുന്നത്. ഫേസ്ബുക്ക് കമ്യൂണിറ്റി ഓപ്പറേഷന്‍ ടീമിലായിരിക്കും പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുക. നിലവില്‍ 4500 ഓളം പേര്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരിലേക്ക് 3000 പേര്‍ കൂടി പുതുതായി എത്തുന്നതോടെ ഫേസ്ബുക്കിനെ ശുദ്ധീകരിക്കാന്‍ കഴിയുമെന്നാണ് സുക്കര്‍ബര്‍ഗിന്‍റെ പ്രതീക്ഷ.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News