വാട്സ്ആപില്‍ അയച്ച സന്ദേശം തിരിച്ചെടുക്കാം, എഡിറ്റ് ചെയ്യാം... പുതിയ ഫീച്ചറുകള്‍
ആശയവിനിമയത്തില്‍ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കപ്പെടുന്ന ഈ കാലത്ത് ഏറ്റവും ജനകീയ മാധ്യമമായി മാറികഴിഞ്ഞു വാട്സ്ആപ്.
ആശയവിനിമയത്തില്‍ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കപ്പെടുന്ന ഈ കാലത്ത് ഏറ്റവും ജനകീയ മാധ്യമമായി മാറികഴിഞ്ഞു വാട്സ്ആപ്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇടയിലുള്ള മാധ്യമം എന്നതിനപ്പുറം ജോലിയും ബിസിനസും സംബന്ധമായ കാര്യങ്ങള്‍ക്ക് വരെ ഇന്ന് വാട്സ്ആപ് ഉപയോഗിക്കുന്നു. ദിവസവും വാട്സ്ആപ് വഴി പറക്കുന്ന കോടിക്കണക്കിനു സന്ദേശങ്ങളാണ്. എന്നാല്‍ വാട്സ്ആപ് ചാറ്റിനിടെ അബദ്ധത്തില്‍ സന്ദേശം മാറി അയക്കുകയോ അക്ഷരത്തെറ്റ് സംഭവിക്കുകയോ ചെയ്യുന്നത് പതിവാണ്. ചിലപ്പോഴൊക്കെ ഈ തെറ്റുകള്‍ വലിയ പ്രശ്നങ്ങളിലേക്ക് എത്താവുന്നതും ആയിരിക്കും. അപ്പോഴൊക്കെ മിക്കവരും ചിന്തിക്കും അയച്ച സന്ദേശം തിരിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന്. ഇതിനുള്ള മാര്‍ഗമാണ് വാട്സ്ആപ് പുതുതായി അവതരിപ്പിക്കുന്നത്. കൈവിട്ട ആയുധവും വാട്സ്ആപില്‍ അയച്ച സന്ദേശവും തിരിച്ചെടുക്കാന്‍ കഴിയില്ല എന്നത് ഇനി മാറ്റിപ്പറയാം. വാട്സ്ആപ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുകയാണ്. അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാനും അത് എഡിറ്റ് ചെയ്ത ശേഷം അയക്കാനുമുള്ള സംവിധാനമാണ് പുതുമ. ഇതിന്റെ പരീക്ഷണം ഐഒഎസ് ബീറ്റ മോഡില്‍ ആരംഭിച്ചു കഴിഞ്ഞു. ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കാന്‍ കഴിയുന്നവര്‍ക്ക് ഇത് നിലവില്‍ ലഭ്യമാണ്. ആന്‍ഡ്രോയ്ഡില്‍ ഇത് പരീക്ഷണം തുടങ്ങിയിട്ടില്ല. ജിമെയില്‍ മാതൃകയില്‍ സന്ദേശം തിരിച്ചെടുക്കാന്‍ ഒരു നിശ്ചിത സമയപരിധിയുണ്ടാകും. മിക്കവാറും ഇത് സന്ദേശം സ്വീകരിക്കുന്നയാള്‍ വായിക്കുന്നതിനു മുമ്പ് വരെയായിരിക്കും. ബ്ലൂ ടിക്ക് വീണു കഴിഞ്ഞാല്‍ പിന്നെ സന്ദേശം എഡിറ്റ് ചെയ്യാന്‍ കഴിഞ്ഞേക്കില്ലെന്നാണ് സൂചന. അതേസമയം, പുതിയ ഫീച്ചര്‍ എന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുമെന്ന് വാട്സ്ആപ് വ്യക്തമാക്കിയിട്ടില്ല.