ഫേസ്ബുക്കില്‍ വീണ്ടും പൂ വിരിഞ്ഞു
ഫേസ്ബുക്കിലെ ഇമോജികളുടെ നിരയിലേക്ക് ഒരു പുതിയ അതിഥി കൂടി കടന്നു വന്നിരിക്കുകയാണ് - പര്‍പ്പിള്‍ നിറത്തിലുള്ള ഒരു പുഷ്പം
ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്ക് പരീക്ഷണങ്ങളുടെ ഈറ്റില്ലം കൂടിയാണ്. അനുദിനം പുതിയ മാറ്റങ്ങള്‍ പരീക്ഷിക്കുന്നതില്‍ വ്യാപൃതരായിരിക്കുകയാണ് ഫേസ്ബുക്കിലെ ഡെവലപ്പര്‍മാര്‍. ചെറിയ മാറ്റങ്ങള്‍ പോലും വൈറല്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നതും പതിവാണ്. ഫേസ്ബുക്കിലെ ഇമോജികളുടെ നിരയിലേക്ക് ഒരു പുതിയ അതിഥി കൂടി കടന്നു വന്നിരിക്കുകയാണ് - പര്‍പ്പിള്‍ നിറത്തിലുള്ള ഒരു പുഷ്പം. മദേഴ്സ് ഡേയോട് അനുബന്ധിച്ച് അമ്മമാരുടെ സ്നേഹവും കരുതലും ആദരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പരീക്ഷണം.
ലൈക്ക്, ലൌ, വാഹ്, ഹാഹാ, ദുഖം എന്നീ ഇമോജികള്‍ക്കൊപ്പമാണ് നന്ദി സൂചകമായി പുതിയ ഇമോജി സ്ഥാനം പിടിച്ചിട്ടുള്ളത്. 2016ല്‍ പൂവ് ഇമോജി പരീക്ഷിക്കപ്പെട്ടിരുന്നതാണെങ്കിലും പിന്നീട് അപ്രത്യക്ഷമായി. ഇത്തവണയും താത്ക്കാലികമായാണ് ഫേസ്ബുക്കില്‍ പൂ വിരിഞ്ഞിട്ടുള്ളത്. മെയ് 14നാണ് അമേരിക്കയിലെ മാതൃദിനം. ഇതിനു ശേഷം ഇമോജി അപ്രത്യക്ഷമാകാനാണ് സാധ്യത.