ബിഎസ്എന്‍എല്‍ 5ജി ഇന്റര്‍നെറ്റ് അവതരിപ്പിക്കുന്നു
5ജിയുടെ സൃഷ്ടികര്‍മ്മത്തിന്റെ തറക്കല്ലാണ് കോറിയന്റുമായുള്ള കരാറെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കി.
രാജ്യത്ത് 4ജി ഇന്റര്‍നെറ്റ് അവതരിപ്പിച്ച് ടെലികോം മേഖലയില്‍ വിപ്ലവം രചിച്ച റിലയന്‍സിന്റെ ജിയോയെ പൂട്ടാന്‍ രണ്ടുംകല്‍പ്പിച്ച് ബിഎസ്എന്‍എല്‍. 2018 ഓടെ രാജ്യത്ത് 5ജി സേവനം ആരംഭിക്കാനാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നത്. 5ജി നെറ്റ്‍വര്‍ക്കിന്റെ വികസനത്തിനായി അമേരിക്കന്‍ കമ്പനിയായ കോറിയന്റുമായി ധാരണയായിട്ടുണ്ടെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. 5ജിയുടെ സൃഷ്ടികര്‍മ്മത്തിന്റെ തറക്കല്ലാണ് കോറിയന്റുമായുള്ള കരാറെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കി.
തങ്ങളുടെ ഉപഭോക്താക്കള്‍ ഏറ്റവും നവീനമായ സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്ന ലക്ഷ്യമാണ് 5ജി എന്ന ആശയത്തിലേക്ക് തങ്ങളെ എത്തിച്ചതെന്ന് ബിഎസ്എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവ പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ചോടെ 5ജിയുടെ പരീക്ഷണം രാജ്യത്ത് തുടങ്ങാനാണ് പദ്ധതി. 5ജി കണക്ടിവിറ്റിക്കായി സ്‍മാര്‍ട്ട്ഫോണ്‍ കമ്പനിയായ നോക്കിയയുമായി ചര്‍ച്ച നടത്തി കഴിഞ്ഞതായും ശ്രീവാസ്തവ പറഞ്ഞു. 5ജി സേവനം യാഥാര്‍ഥ്യമാക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് എൽ&ടി, എച്ച്‍പി തുടങ്ങിയ കമ്പനികളുമായി ചർച്ചകൾ നടത്തിയതായും ശ്രീവാസ്തവ അറിയിച്ചു. 5ജി ശൃഖല വ്യാപകമാക്കുന്നത് വഴി ജിയോ ഉൾപ്പടെയുള്ള സ്വകാര്യ സേവനദാതാക്കൾ ഉയർത്തുന്ന വെല്ലുവിളി നേരിടാനാകുമെന്നാണ് ബിഎസ്എന്‍എല്ലിന്റെ കണക്കുകൂട്ടൽ. സാങ്കേതികവിദ്യ പങ്കുവെക്കുന്നതല്ലാതെ കോറിയന്റുമായി വാണിജ്യാടിസ്ഥാനത്തുള്ള കരാറുകളൊന്നുമുണ്ടാകില്ലെന്നും ശ്രീവാസ്തവ വ്യക്തമാക്കി.