സെല്‍ഫ് ഡ്രൈവിങ് ടെക്നോളജി മോഷ്ടിച്ചെന്ന ഗൂഗിളിന്റെ പരാതിക്കെതിരെ ഊബര്‍
ഊബറിന്റെ ടെക്നോളജി റദ്ദാക്കണമെന്ന ഗൂഗിളിന്റെ ഹരജി നീതിയുക്തമല്ലെന്ന് ഊബര്‍ കോടതിയില്‍ പറഞ്ഞു.
ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് ടെക്നോളജി മോഷ്ടിച്ചതാണെന്ന ആരോപണം തള്ളി ഊബര്‍. ഊബറിന്റെ ടെക്നോളജി റദ്ദാക്കണമെന്ന ഗൂഗിളിന്റെ ഹരജി നീതിയുക്തമല്ലെന്ന് ഊബര്‍ കോടതിയില്‍ പറഞ്ഞു.
ഫെബ്രുവരിയിലാണ് ഗൂഗിള്‍ ഊബറിനെതിരെ കോടതിയെ സമീപിച്ചത്. ഗൂഗിളിന്റെ മുന്‍ ജീവനക്കാരനായ ആന്‍ഡ്രൂ ലെവന്‍ഡോവ്സ്കി, സെല്‍ഫ് ഡ്രൈവിങ് ലോറി കമ്പനിയായ ഓട്ടോയിലേക്ക് പോകും മുമ്പ്, 14000 ഡോക്യുമെന്റ്സ് മോഷ്ടിച്ചിരുന്നെന്നും പിന്നീട് ഈ കമ്പനി ഊബറില്‍ ലയിക്കുകയും, അങ്ങനെയാണ് തങ്ങളുടെ സെല്‍ഫ് ഡ്രൈവിങ് ടെക്നോളജി ഊബറിന് ലഭിച്ചതെന്നുമാണ് ഗൂഗിളിന്റെ വാദം. കഴിഞ്ഞ വര്‍ഷമാണ് 660 മില്യണ്‍ ഡോളറിന് ഊബറിനെ ഓട്ടോ സ്വന്തമാക്കിയത്. തര്‍ക്ക വിഷയമായ ഈ സാങ്കേതിക വിദ്യ നിരോധിച്ച് കൊണ്ട് ഉത്തരവിടണമെന്ന് ഗൂഗിള്‍ ടെക്നോളജിയെ നിയന്ത്രിക്കുന്ന വെയ്മോ കോടതിയില്‍ വാദിച്ചു. കഴിഞ്ഞ ആഴ്ച നടന്ന വാദത്തില്‍ ടെക്നോളജി മരവിപ്പിക്കണമെന്ന ആവശ്യം നീതിയുക്തമല്ലെന്ന് ഊബര്‍ വാദിച്ചിരുന്നു. നടപടി ശരിയല്ലെന്ന് കാണിച്ച് ഊബര്‍ അഭിഭാഷക ആഞ്ചെല പണ്ടില വെള്ളിയാഴ്ച പ്രസ്താവനയും ഇറക്കിയിരുന്നു. ഊബറിന്റെ സര്‍വീസിന് 14000 ഫയലുകള്‍ ഉപയോഗിച്ചതിന് യാതൊരു തെളിവുമില്ലെന്നും ആഞ്ചെസ പറഞ്ഞു. എന്നാല്‍ ആന്‍ഡ്രൂ ലെവന്‍ഡോസ്കി ഈ ആരോപണങ്ങളെ നിഷേധിച്ചിട്ടില്ല.
അമേരിക്കന്‍ നിയമപ്രകാരം, ഒരു വ്യക്തിയുടെ ജീവന് ഭീഷണിയുണ്ടാക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന നിയമത്തിന്റെ ചുവട് പിടിച്ച് എന്താണ് സംഭവിച്ചതെന്ന് ലെവന്‍ഡോവ്സ്കി കോടതിയില്‍ വ്യക്തമാക്കിയിട്ടില്ല. ഈ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് നിരീക്ഷിച്ച കോടതി, ലെവന്‍ഡോവ്സ്കിയില്‍ നിന്ന് വിശദീകരണം തേടണമെന്നും അക്കാര്യം കോടതിയെ അറിയിക്കണമെന്നും ഉത്തരവിട്ടു. അല്ലാത്തപക്ഷം കടുത്ത നടപടികള്‍ കൈകൊള്ളുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.