കേംബ്രിഡ്ജ് അനലിറ്റിക തന്റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സുക്കര്‍ബര്‍ഗ്
യുഎസ് സെനറ്റ് സമിതിക്ക് മുന്‍പിലാണ് സുക്കര്‍ ബര്‍ഗിന്റെ വെളിപ്പെടുത്തല്‍
കേംബ്രിഡ്ജ് അനലിറ്റിക തന്റെ ഫേസ്ബുക്ക് അക്കൌണ്ടില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ്. യുഎസ് സെനറ്റ് സമിതിക്ക് മുന്‍പിലാണ് സുക്കര്‍ ബര്‍ഗിന്റെ വെളിപ്പെടുത്തല്‍ . തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യം മനസിലാക്കുന്നുവെന്നും ഫേസ്ബുക്കിന് ഇനി തെറ്റ് സംഭവിക്കില്ലെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.
കേംബ്രിഡ്ജ് അനലിറ്റിക വിവരങ്ങള്‍ ചോര്‍ത്തിയ 8 കോടി 70 ലക്ഷം പേരുടെ കൂട്ടത്തില്‍ താനുമുണ്ടെന്നാണ് സുക്കര്‍ ബര്‍ഗ് യുഎസ് സെനറ്റ് സമിതിക്ക് മുന്‍പില്‍ പറഞ്ഞത്. തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യം മനസിലാക്കുന്നവെന്നും ഫേസ്ബുക്കിന് ഇത്തരത്തില്‍ ഇനി വീഴ്ച സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും സുക്കര്‍ ബര്‍ഗ് ഉറപ്പ് നല്‍കി. ഫേസ്ബുക്കില്‍ പങ്കുവെക്കുന്ന വിവരങ്ങള്‍ ഉപയോക്താവ് ആഗ്രഹിക്കുന്ന പോലെ നിയന്ത്രിക്കാനാകുന്നില്ലെന്ന സെനറ്റംഗത്തിന്റെ വിമര്‍ശത്തെ സുക്കര്‍ബര്‍ഗ് തള്ളിക്കളഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഫേസ്ബുക്ക് മാത്രമാണ് പങ്കുവെക്കുന്ന വിവരങ്ങളില്‍ വേണ്ട വിധത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഉപയോക്താവിന് സൌകര്യം ഒരുക്കുന്നതെന്നായിരുന്നു സുക്കര്‍ബര്‍ഗിന്റെ മറുപടി.
രണ്ടാം ദിവസമാണ് സുക്കര്‍ബര്‍ഗ് സെനറ്റ് പ്രത്യേക സമിതിക്ക് മുന്പില്‍ ഹാജരാകുന്നത്. ആദ്യ ദിനത്തിലെ ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂര്‍ നീണ്ടു നിന്നിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഫേസ്ബുക്കിന് വീഴ്ച പറ്റിയതില്‍ ക്ഷമ ചോദിക്കുന്നതായി ആദ്യ ദിനത്തില്‍ തന്നെ സുക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.