അതിജീവനത്തിനായുള്ള ഏഴ് കണ്ടെത്തലുകള്‍

Update: 2018-05-23 16:00 GMT
Editor : Subin
അതിജീവനത്തിനായുള്ള ഏഴ് കണ്ടെത്തലുകള്‍
Advertising

കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള ദുരന്തങ്ങളെ അതിജീവിക്കാന്‍ സഹായിക്കുന്ന ഏഴ് കണ്ടുപിടുത്തങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്...

മനുഷ്യന്റെ പ്രകൃതിയിലെ ഇടപെടലുകള്‍ ചെറുതല്ലാത്ത പ്രതിസന്ധികളാണ് സമീപഭാവിയില്‍ നമ്മള്‍ നേരിടേണ്ടി വരികയെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള ദുരന്തങ്ങളെ അതിജീവിക്കാന്‍ സഹായിക്കുന്ന ഏഴ് കണ്ടുപിടുത്തങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സാങ്കേതികവിദ്യയുടേയും ശാസ്ത്രത്തിന്റെയും സഹായത്തില്‍ മാത്രമേ ഭാവിയില്‍ അതിജീവനം സാധ്യമാകൂ എന്ന് ഈ കണ്ടെത്തലുകള്‍ സൂചന നല്‍കുന്നു.

1 സ്വയം കറങ്ങുന്ന കെട്ടിടം
സ്വന്തം ആവശ്യത്തിനുള്ള ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന കൂറ്റന്‍ കെട്ടിടത്തിന്റെ പണി ദുബൈയില്‍ ആരംഭിച്ചുകഴിഞ്ഞു. കെട്ടിടത്തിന്റെ പുറത്ത് ഒട്ടിച്ച് വെക്കുന്ന സോളാര്‍ പാനലുകള്‍ വഴിയും കാറ്റില്‍ തിരിയുന്ന കൂറ്റന്‍ ടര്‍ബൈനുകളുടേയും സഹായത്തിലാണ് ഊര്‍ജ്ജോല്‍പ്പാദനം നടക്കുക. 79 ഭാഗങ്ങളാക്കി തിരിക്കുന്ന കെട്ടിടത്തിനെ ഓരോ നിലയും കാറ്റിനനുസരിച്ച് കറങ്ങും. ഇതുവഴിയും ഊര്‍ജ്ജം ഉത്പാദിപ്പിക്കപ്പെടും. മറ്റൊരു വിചിത്ര വസ്തുത ഈ കെട്ടിടത്തിന് സ്ഥിരമായി ഒരു രൂപമുണ്ടാകില്ലെന്നതാണ്.

2. ചൂടിനെ തോല്‍പ്പിക്കുന്ന വിളകള്‍

ഉയര്‍ന്ന ചൂടിനെ അതിജീവിക്കാന്‍ ശേഷിയുള്ള കാര്‍ഷികവിളകളായിരിക്കും ഭാവിയില്‍ ഭൂമിയിലെ ജീവന്റെ വിശപ്പടക്കുക. ജനിതക എഞ്ചിനീയറിംങ് പോലുള്ള ശാസ്ത്രശാഖകളുടെ സഹായത്തില്‍ ഇത്തരത്തിലുള്ള കാര്‍ഷിക വിളകള്‍ വളര്‍ത്തിയെടുക്കാനാകും. വരള്‍ച്ചയെ അജിതീവിക്കാന്‍ കഴിയുന്ന ചോളം കാനഡയിലും ഗോതമ്പ് ഈജിപ്തിലും പരീക്ഷണഘട്ടത്തിലാണ്.

3. ആകാശം മുട്ടുന്ന കൃഷിനിലങ്ങള്‍
കുത്തനെയുള്ള നിര്‍മ്മിതികളില്‍ കൃഷി ചെയ്യുക എന്നതാണ് ആശയം. കുത്തനെയുള്ള കൃഷിരീതി ആഗോള താപനകാലത്തെ അതിജീവന തന്ത്രങ്ങളിലൊന്നാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതു സംബന്ധിച്ചുള്ള പരീക്ഷണങ്ങള്‍ ബംഗളൂരുവിലും ചൈനയിലും തുടങ്ങിക്കഴിഞ്ഞു. ആഫ്രിക്കയില്‍ ഏറെ വൈകാതെ ഇത്തരം ഒരു കൃഷിയിടം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകര്‍. സഹാറന്‍ മേഖലയില്‍ ഹരിതവിപ്ലവത്തിനിടയാക്കും ഈ കൃഷിരീതിയെന്നാണ്പ്രതീക്ഷിക്കപ്പെടുന്നത്. സോളാര്‍ വഴിയുള്ള ഊര്‍ജ്ജോല്‍പാദനം, ആരോഗ്യപരമായ കാര്‍ഷിക രീതി, വെള്ളപ്പൊക്കത്തെയും വരള്‍ച്ചയേയും അതിജീവിക്കല്‍, വെള്ളത്തിന്റെ ഫലപ്രദമായ ഉപയോഗം തുടങ്ങി നിരവധി ഗുണങ്ങളാണ് ഈ മാതൃക മുന്നോട്ടുവെക്കുന്നത്.

4. സൗരോര്‍ജ്ജ എസി

എയര്‍ കണ്ടീഷനരുകള്‍ മൂലമുള്ള പ്രധാന വെല്ലുവിളികളിലൊന്ന് വര്‍ധിച്ച വൈദ്യുതി ഉപയോഗമാണ്. ഈ വെല്ലുവിളിയെ മറികടക്കുകയെന്ന ലക്ഷ്യത്തിലാണ് സൗരോര്‍ജ്ജത്തില്‍ പ്രവൃത്തിക്കുന്ന എസികള്‍ വരുന്നത്. ഇത്തരം എസികള്‍ തണുപ്പുള്ളുള്ള വായു മാത്രമല്ല ചൂടുവെള്ളവും ഉത്പാദിപ്പിക്കാന്‍ സഹായിക്കും.

5. 'വെള്ളത്തിലായ' വീടുകള്‍

ആഗോളതാപനത്തിന്റെ പ്രധാന വെല്ലുവിളികളിലൊന്നാണ് സമുദ്രജലനിരപ്പ് ഉയരുന്നത്. 2100 ആകുമ്പോഴേക്കും ഈ ആശങ്ക പലയിടത്തും യാഥാര്‍ഥ്യമാകുമെന്നാണ് കരുതുന്നത്. ബംഗ്ലാദേശ്, ആസ്‌ത്രേലിയ, നെതര്‍ലാണ്ട്, മാലിദ്വീപ് തുടങ്ങി നമ്മുടെ കൊച്ചി വരെ ഈ ഭീഷണിയുടെ നിഴലിലാണ്. ഇതിനെ മറികടക്കാനുള്ള മാര്‍ഗ്ഗമാണ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വീടുകള്‍. വീടുകള്‍ മാത്രമല്ല നഗരങ്ങള്‍ വരെ ഇത്തരത്തില്‍ നിര്‍മ്മിക്കാനാണ് ശ്രമം. നെതര്‍ലണ്ടിലാണ് ഇത് സംബന്ധിച്ച ഗവേഷണങ്ങള്‍ നടക്കുന്നത്.

6. കൃത്രിമ ഗ്ലേസിയറുകള്‍
ഗ്ലേസിയറുകള്‍ അഥവാ മഞ്ഞുപാളികള്‍ അതിവേഗം ഉരുകി തീരുന്നത് ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലവുമാണ്. എന്നാല്‍ ഈ ഗ്ലേസിയറുകള്‍ കൃത്രിമമായി നിര്‍മ്മിക്കാനായാലോ? ഇങ്ങനെയൊരു ചിന്ത യാഥാര്‍ഥ്യമാക്കാനൊരുങ്ങിതിരിച്ച വ്യക്തിയാണ് ചുവാങ് നോര്‍ഫല്‍. വിരമിച്ച സിവില്‍ എഞ്ചിനീയറായ നോര്‍ഫെല്‍ ലഡാക്കുകാരനാണ്. മലമടക്കുകളോട് ചേര്‍ന്നുള്ള ചെറു കുഴികളിലേക്ക് വെള്ളം അടിച്ചുകയറ്റുകയാണ് ആദ്യ പടി. തണുപ്പുകാലത്ത് ഈ വെള്ളം മഞ്ഞുകട്ടയായി മാറും. കൂടുതല്‍ വെള്ളം എത്തുന്നതോടെ ഐസ് പാളിയായി മാറുകയും വേനലില്‍ സാധാരണയില്‍ കൂടുതല്‍ വെള്ളം കൃഷിക്കും മറ്റും ലഭിക്കുകയും ചെയ്യുമെന്നാണ് ലഡാക്കുകാരന്‍ നോര്‍ഫെലിന്റെ അനുഭവം.

7. ഒഴുകും നഗരങ്ങള്‍

ബെല്‍ജിയംകാരനായ വാസ്തുശില്‍പി വിന്‍സെന്റ് കല്ലബോട്‌സാണ് ഈ മനോഹരമായ ആശയത്തിന് പിന്നില്‍. വെള്ളത്തില്‍ ഒഴുകി നടക്കുന്ന വിന്‍സെന്റ് സുന്ദരനഗരസ്വപ്‌നത്തിന്റെ ചിത്രം ഏതൊരാളുടേയും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. വലിയൊരു താമരയിലയുടെ ആകൃതിയിലുള്ളതാണ് ഈ നഗരം. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് പെരുവഴിയിലാകുന്ന അരലക്ഷത്തോളം അഭയാര്‍ഥികളുടെ അഭയമാകും ഈ ഒഴുകുന്ന നഗരമെന്നാണ് കണക്കാക്കപ്പെടുന്നത്. മഴവെള്ളം സംഭരിച്ചുള്ള ചെറു തടാകവും കാറ്റ്, തിരമാല, സൗരോര്‍ജ്ജം എന്നിവയില്‍ നിന്നാണ് നഗരത്തിനാവശ്യമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കുക.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News