വാട്സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഫെയ്സ്ബുക്ക് നിര്‍ത്തി
ഈ വര്‍ഷം ആഗസ്റ്റിലാണ് ഫെയ്‌സ്ബുക്ക് വാട്‌സാപ്പില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചത്
യൂറോപ്പില്‍ വാട്സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഫെയ്സ്ബുക്ക് നിര്‍ത്തി. അധികാരികളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇപ്പോഴും ചര്‍ച്ചകള്‍ തുടരുന്നതിനാല്‍ തീരുമാനം താല്‍ക്കാലികം മാത്രമാണെന്നാണ് ഫെയ്‌സ്ബുക്ക് പറയുന്നത്.
2014ലാണ് 1900 കോടി ഡോളറിന് ഫെയ്‌സ്ബുക്ക് വാട്‌സാപ്പിനെ സ്വന്തമാക്കുന്നത്. ഈ വര്‍ഷം ആഗസ്റ്റിലാണ് ഫെയ്‌സ്ബുക്ക് വാട്‌സാപ്പില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചത്. ഇതിനെതിരെ യൂറോപ്പിലെ വിവിധ ഡാറ്റാ കളക്ഷന്‍ അതോറിറ്റികള്‍ രംഗത്തു വരികയും നിയമപരമായ തീരുമാനം ഉണ്ടാകുന്നത് വരെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. വാട്‌സാപ്പില്‍ നിന്നുള്ള വിവരശേഖരണം നിര്‍ത്തിവെക്കാനുള്ള ഫെയ്‌സ്ബുക്കിന്റെ തീരുമാനം ഐറിഷ് ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷണര്‍ സ്ഥിരീകരിച്ചു. .ജര്‍മ്മനിയില്‍ നേരത്തെ തന്നെ ഫെയ്‌സ്ബുക്കിന്റെ നീക്കം തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. വാട്‌സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ദേശീയ വിവര സംരക്ഷണ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. നിലവില്‍ ശേഖരിച്ച വിവരങ്ങള്‍ നീക്കം ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, ഇതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇപ്പോഴും ചര്‍ച്ചകള്‍ തുടരുന്നതിനാല്‍ തീരുമാനം താല്‍ക്കാലികം മാത്രമാണെന്നാണ് ഫെയ്‌സ്ബുക്ക് പറയുന്നത്.