'എക്വിനോക്‌സ്' പേടിയില്‍ സോഷ്യല്‍മീഡിയ
മാര്‍ച്ച് 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ സൂര്യാഘാതം മൂലമുള്ള മരണങ്ങള്‍ പോലും സംഭവിക്കാമെന്നും ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്നും സൂര്യനില്‍ നിന്നും ചൂടുകാറ്റ് അടിക്കാന്‍ സാധ്യതയുണ്ടെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ പറയുന്നത്...
സൂര്യന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസങ്ങളെയാണ് എക്വിനോക്‌സ് എന്ന് വിശേഷിപ്പിക്കുന്നത്. ഈ ദിവസങ്ങളില്‍ സൂര്യാഘാതം മൂലമുള്ള മരണങ്ങള്‍ പോലും സംഭവിക്കാമെന്നും ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്നും സൂര്യനില്‍ നിന്നും ചൂടുകാറ്റ് അടിക്കാന്‍ സാധ്യതയുണ്ടെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ പറയുന്നത്. മാര്‍ച്ച് 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളിലാണ് എക്വിനോക്‌സ് സംഭവിക്കുകയെന്നും മുന്നറിയിപ്പുണ്ട്.
നിരന്തരം രക്തസമ്മര്‍ദ്ദം അളക്കണമെന്നും മൂന്ന് ലിറ്ററെങ്കിലും വെള്ളം കുടിക്കണമെന്നുമൊക്കെ എക്വിനോക്‌സ് സന്ദേശങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. സത്യത്തില്‍ സോഷ്യല്‍മീഡിയ ഊതിപ്പെരുപ്പിച്ചതാണ് ഈ എക്വിനോക്‌സ് പേടിയെന്നാണ് വിദഗ്ധര്‍ അറിയിക്കുന്നത്. മാര്‍ച്ച് 20നും സെപ്തംബര്‍ 22നുമാണ് ഈവര്‍ഷം ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തുക. ചെറിയ തോതില്‍ ഊഷ്മാവില്‍ വ്യത്യാസമുണ്ടാകുമെന്നത് ഒഴിച്ചാല്‍ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഈ ദിവസങ്ങളില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന എക്വിനോക്‌സ് സന്ദേശങ്ങളില്‍ ഒന്ന് ഇങ്ങനെ'അടുത്ത അഞ്ച് ദിവസം എക്വിനോക്‌സ് പ്രതിഭാസം സംഭവിക്കുന്നതിനാല്‍ ആരും ഉച്ചസമയത്ത് വീടിന് പുറത്തിറങ്ങരുത്. പ്രത്യേകിച്ച് 12 മുതല്‍ വൈകീട്ട് മൂന്ന് വരെയുള്ള സമയം. അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രി വരെയെത്താം. ഇത് സൂര്യാഘാതത്തിനും നിര്‍ജ്ജലീകരണത്തിനും കാരണണാകും.
എല്ലാവരും ഈ ദിവസങ്ങളില്‍ മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സാധിക്കുമെങ്കില്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കണം. സൂര്യാഘാതം സംഭവിച്ചാല്‍ ഉടന്‍ തന്നെ തണുത്ത വെള്ളത്തില്‍ കുളിക്കുകയാണ് ഉത്തമം. മാംസാഹാരം കുറയ്ക്കുക. പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുക. വീടിന് പുറത്ത് ഒരു മെഴുകുതിരി കത്തിക്കാതെ വെക്കുക. മെഴുക് ഉരുകുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം.
സൂര്യാഘാതം തമാശയല്ല! ഇത് നിങ്ങളുടെ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പോലും ബാധിച്ചേക്കാം. ചുണ്ടുകളും കണ്‍പോളകളും നിരന്തരം പരിശോധിക്കണം' എന്നിങ്ങനെ പോകുന്നു സോഷ്യല്‍മീഡിയയുടെ ഉപദേശങ്ങള്‍. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം സന്ദേങ്ങള്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.