ടോപ് ടെന്‍ ക്രിമിനല്‍ ലിസ്റ്റില്‍ മോദിയും, ഗൂഗിളിന് നോട്ടീസ്
ഗൂഗിളിന്‍റെ അല്‍ഗോരിതം സ്വയമേവയാണ് തെരച്ചലിന് ഉപയോഗിച്ച പദത്തോട് സമാനമായ ഫോട്ടോകള്‍ തെരഞ്ഞെടുക്കുന്നതെന്നും കമ്പനി
സെര്‍ച്ചില്‍ ടോപ് ടെന്‍ ക്രിമിനലുകളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും കാണിക്കുന്നതിന് ഗൂഗിളിന് കോടതി നോട്ടീസ്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായ്, ഇന്ത്യന്‍ തലവന്‍ രാജന്‍ ആനന്ദന്‍ എന്നിവര്‍ക്കാണ് അലഹബാദ് കോടതി നോട്ടീസ് അയച്ചിട്ടുള്ളത്. ഗൂഗിളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനും കോടതി ഉത്തരവിട്ടു. സുശീല്‍ കുമാര്‍ മിശ്ര എന്ന അഭിഭാഷകന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി. ഫോട്ടോ സെര്‍ച്ചില്‍ ലോകത്തെ പത്ത് പ്രമുഖ കുറ്റവാളികളിലൊരാളായി മോദിയെ ചിത്രീകരിക്കുന്നുണ്ടെന്നും ഇത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് താന്‍ ഗൂഗിളിന് രേഖാമൂലം പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ഇപ്പോഴും തല്‍സ്ഥിതി തുടരുകയാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ക്രിമിനല്‍ പട്ടികയില്‍ മോദിയുടെ ഫോട്ടോ വരുന്നത് നേരത്തെ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് ഗൂഗിള്‍ ഔദ്യോഗികമായി മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. സെര്‍ച്ചില്‍ വരുന്ന ഫലങ്ങള്‍ ഗൂഗിളിന്‍റെ നയങ്ങളല്ലെന്നും ഗൂഗിളിന്‍റെ അല്‍ഗോരിതം സ്വയമേവയാണ് തെരച്ചലിന് ഉപയോഗിച്ച പദത്തോട് സമാനമായ ഫോട്ടോകള്‍ തെരഞ്ഞെടുക്കുന്നതെന്നും കമ്പനി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് പരമാവധി ഒഴിവാക്കാന്‍ തങ്ങളുടെ അല്‍ഗോരിതത്തില്‍ മാറ്റങ്ങള്‍ വരുത്തികൊണ്ടിരിക്കുകയാണെന്ന് ഗൂഗിള്‍ അറിയിച്ചിരുന്നെങ്കിലും കുറ്റവാളികളുടെ പട്ടികയില്‍ മോദിയുടെ ചിത്രം വരുന്നത് തുടരുകയാണ്. ഉസാമ ബിന്‍ ലാദന്‍, ദാവൂദ് ഇബ്രാഹിം തുടങ്ങിയവര്‍ക്കൊപ്പമാണ് മോദിയുടെ ചിത്രവും വരുന്നത്.