മോദിജി, അങ്ങേക്ക് ഇരിക്കട്ടെ ഒരു പൊന്‍പണം..! - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

Update: 2018-05-26 09:34 GMT
Editor : Damodaran
മോദിജി, അങ്ങേക്ക് ഇരിക്കട്ടെ ഒരു പൊന്‍പണം..! - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്
Advertising

ചപ്പാത്തിയും ദാലും തിന്നിട്ടു 500 രൂപ നീട്ടിയപ്പോള്‍ കടക്കാരന്‍ കോപിച്ചതായും ഭാഗ്യത്തിന് ബാഗും പേഴ്സും നുള്ളിപ്പെറുക്കിയപ്പോൾ ചില്ലറ 60 രൂപ കിട്ടി. അല്ലെങ്കില്‍അവിടെ ചപ്പാത്തിക്കു മാവ് കുഴക്കേണ്ടി വന്നേനെയെന്നും ....


അപ്രതീക്ഷിതമായി 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം തെല്ലൊന്നുമല്ല സാധാരണക്കാരെ വലച്ചത്. യാത്രക്കിടെ പുതിയ തീരുമാനമറിയാതെ നേരിട്ട ബുദ്ധിമുട്ടുകള്‍ വിവരിച്ച് പ്രധാനമന്ത്രിക്ക് മലയാളിയായ അബ്ദുള്‍ റഷീദ് അയച്ച ഫേസ്ബുക്ക് പോസ്റ്റ് ഇ ലോകത്ത് തരംഗമാകുകയാണ്. ഹിമാചലിലെ വഴിയോരക്കടയിൽനിന്ന് ചപ്പാത്തിയും ദാലും തിന്നിട്ടു 500 രൂപ നീട്ടിയപ്പോള്‍ കടക്കാരന്‍ കോപിച്ചതായും ഭാഗ്യത്തിന് ബാഗും പേഴ്സും നുള്ളിപ്പെറുക്കിയപ്പോൾ ചില്ലറ 60 രൂപ കിട്ടി. അല്ലെങ്കില്‍അവിടെ ചപ്പാത്തിക്കു മാവ് കുഴക്കേണ്ടി വന്നേനെയെന്നും റഷീദ് കുറിച്ചു.

പോസ്റ്റിന്‍റെ പൂര്‍ണ രൂപം

മോദിജി, അങ്ങേക്ക് ഇരിക്കട്ടെ
ഒരു പൊന്‍പണം..!

പ്രിയപ്പെട്ട മോദിജി,
ഒരു യാത്രയില്‍ആയിരുന്ന ഞാന്‍, ഹിമാചലിലെ വഴിയോരക്കടയിൽനിന്ന് ചപ്പാത്തിയും ദാലും തിന്നിട്ടു 500 രൂപ നീട്ടിയപ്പോൾ കടക്കാരന്‍ ഒറ്റ ആട്ട്..! “പറ്റിക്കാന്‍ നോക്കുന്നോ?” എന്നാണു ഹിന്ദിയില്‍അയാളുടെ ചോദ്യം. എന്താണ് സംഭവിച്ചത് എന്നറിയാതെ പകച്ചുപോയി.ഭാഗ്യത്തിന് ബാഗും പേഴ്സും നുള്ളിപ്പെറുക്കിയപ്പോൾ ചില്ലറ 60 രൂപ കിട്ടി. അല്ലെങ്കില്‍അവിടെ ചപ്പാത്തിക്കു മാവ് കുഴക്കേണ്ടി വന്നേനെ..!

യാത്രയില്‍ആയതിനാല്‍ചാർജ് തീരാതിരിക്കാന്‍ ഓഫ് ചെയ്തുവെച്ച മൊബെയില്‍ഓണാക്കി നോക്കിയപ്പോൾ ആണ് അങ്ങയുടെ ആ അതിഗംഭീര തീരുമാനം അറിഞ്ഞത്. ഫേസ്‌ബുക്കിലും ട്വിറ്ററിലും അതിനു കിട്ടിയ കയ്യടി കൂടി കണ്ടപ്പോൾ സത്യത്തില്‍രോമാഞ്ചം ഉണ്ടായി.
ഒരു റെയിൽവേ സ്റ്റേഷന്‍ മാസ്റ്ററോട് കാലുപിടിച്ചു 500 രൂപയ്ക്കു ചില്ലറ വാങ്ങിയാണ് യാത്ര തുടരുന്നത്. പിന്നെ ATM യന്ത്രത്തില്‍അഞ്ചു തവണ ആയി 400 രൂപ വീതം പിന്‍വലിച്ചു കിട്ടിയ 20 നൂറു രൂപ നോട്ടുകൾ കൂടി സഹായമായി. സർവിസ് ചാർജ് ആയി നൂറു രൂപ പോകും. സാരമില്ല, ഈ രാജ്യത്തെ കള്ളപ്പണം തടയാനായി എന്‍റെ 100 രൂപ പോട്ടെ..!

പക്ഷെ, മോദിജി ചില ചെറിയ സംശയങ്ങൾ ചോദിച്ചോട്ടെ. പലർക്കും തോന്നാവുന്ന സംശയം ആയതിനാല്‍മന്‍ കി ബാത്തില്‍എങ്കിലും ഒരു മറുപടി തരുമോ? ഇന്ത്യന്‍ കള്ളപ്പണത്തിന്‍റെ സിംഹഭാഗവും (ഇന്ത്യന്‍ ഭരണകൂടത്തിന് തൊടാന്‍ പോലും കഴിയാത്ത ) tax heaven രാജ്യങ്ങളിലെ ബാങ്കുകളില്‍സുരക്ഷിതമാണ് എന്ന് നമ്മുടെ സർക്കാറുകൾതന്നെ പലവട്ടം സമ്മതിച്ചിട്ടുണ്ട്. അങ്ങും അത് പറഞ്ഞിട്ടുണ്ട്.


ആയിരം പേരുടേതായി 4479 കോടി സ്വിസ്സ് ബാങ്കില്‍മാത്രമുണ്ടെന്നു അടുത്തിടെ വന്ന കണക്ക് അങ്ങ് ഓർക്കുമല്ലോ. 14,957 കോടിയുടെ കള്ളപ്പണം എങ്കിലും സ്വത്തുക്കളായി രാജ്യത്തു നിലവിലുണ്ടെന്നും നികുതിവകുപ്പുകൾ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. 2012 -ല്‍സിബിഐ വെളിപ്പെടുത്തിയത് മുപ്പതു ലക്ഷം കോടിയുടെ കള്ളപ്പണം എങ്കിലും പുറംരാജ്യങ്ങളിലെ ബാങ്കുകളില്‍ഇന്ത്യക്കാരുടേതായി സുരക്ഷിതമായി ഉണ്ടെന്നാണ്.

അതായത്, നമ്മുടെ രാജ്യത്തെ കള്ളപ്പണത്തിന്‍റെ 90 ശതമാനം ബിനാമി, അനധികൃത സ്വത്തുക്കളായും വിദേശബാങ്ക് നിക്ഷേപമായും കൂമ്പാരം കൂടിയിരിക്കുകയാണ്. പിന്നെ കുറച്ചു ഒറ്റനോട്ടത്തിലൊന്നും പിടിക്കാന്‍ പറ്റാത്ത വിധം വിപണിയില്‍rotate ചെയ്യുകയാണ്.


അടുത്തിടെ ഞങ്ങളുടെ കേരളത്തില്‍ഒരു ഏമാന് 40 ഇടത്തു ബിനാമി സ്വത്ത് ഉണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. അങ്ങനെയുള്ള ഈ മഹാരാജ്യത്തെ മുതലാളിമാരെ അങ്ങ് ആയിരം രൂപ ഇല്ലാതാക്കിയും പുതിയ രണ്ടായിരം നോട്ടു ഇറക്കിയും ഒറ്റ രാത്രികൊണ്ട് ‘ഇല്ലാക്കുന്നതിന്‍റെ യുക്തി’ എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. ഒരു പക്ഷെ ഞങ്ങൾ ജനങ്ങൾ ഇക്കണോമിക്സ് പഠിക്കാത്തത്തിന്‍റെ കുഴപ്പം ആകും..

അങ്ങയുടെ പാർട്ടിയിലെ തന്നെ നൂറിലേറെ എംപിമാരുടെ സ്വത്ത് 2009-2014 കാലത്ത് ഇരട്ടിയായി വർധിച്ചു എന്ന കണക്കു ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്നത് അങ്ങ് ഓർക്കുന്നുണ്ടല്ലോ. അതായത്, ഈ രാജ്യത്തെ കള്ളപ്പണം വെറും 500, 1000 നോട്ടല്ല. ആണെങ്കില്‍തന്നെ അത് അട്ടിയാക്കി പത്തായത്തില്‍വെച്ചിരിക്കുകയുമല്ല.


താഴെ തട്ട് മുതല്‍മേലെതട്ടിൽ, അങ്ങയുടെ മൂക്കിന് മുന്നിൽവരെ വളർന്നു നിൽക്കുന്ന ഒരു വിഷവൃക്ഷം ആണ് കള്ളപ്പണം. സംശയം ഉണ്ടെങ്കില്‍ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ടു കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍നടന്ന കൈക്കൂലി ഇടപാടുകൾ മാത്രം ഒന്നെടുത്തു പരിശോധിച്ചാല്‍മതിയാവും.

ഇതാ, ഇപ്പോൾ എന്‍റെ കയ്യിൽനിന്നു ഒരു റയിൽവേ ടിക്കറ്റ് പരിശോധകന്‍ ആവർത്തിച്ചു ചോദിച്ചിട്ടും ടിക്കറ്റ് തരാതെ 200 രൂപ കൈക്കൂലി വാങ്ങിയതെയുള്ളൂ. ദോഷം പറയരുത്, പണം നൂറു രൂപ നോട്ടുകളായി തന്നെ വേണമെന്ന് അയാൾ നിർബന്ധം പിടിച്ചു. അതായത്, കൈക്കൂലിയും കള്ളപ്പണവും നൂറു രൂപ നോട്ടുകളായി വിനിമയം ചെയ്യാനുള്ള വിദ്യ തുടങ്ങിക്കഴിഞ്ഞു. 62 ശതമാനം ഇന്ത്യക്കാർ നിസ്സാര കാര്യങ്ങൾക്കുപോലും നിരന്തരം കൈക്കൂലി കൊടുക്കേണ്ടി വരുന്നു എന്നും ഭരണനിർവഹണ സുതാര്യതയില്‍ഇന്ത്യ മഹാ രാജ്യം 76 -ാം സ്ഥാനത്തു ആണെന്നുമുള്ള കണക്കുകൾ ഓഫിസ് സെക്രട്ടറിമാർ അങ്ങയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടാവുമല്ലോ.

രാജ്യത്തെ കള്ളപ്പണം തടയാന്‍ 1000 രൂപ ഇല്ലാതാക്കിയാല്‍മതിയെന്ന് അന്ന് ബാബ രാംദേവ് പറഞ്ഞപ്പോൾ അത് അങ്ങ് അക്ഷരം പ്രതി അനുസരിക്കും എന്ന് ഞങ്ങൾ വിചാരിച്ചില്ല. ബാബാ രാംദേവിനെപ്പോലുള്ള സാമ്പത്തിക വിദഗ്ധരാണ് നമുക്ക് വേണ്ടത്.

കള്ളപ്പണക്കാർ നോട്ടുകൾ കൃത്യം 500, 1000 ആക്കി കെട്ടി പത്തായത്തില്‍വെച്ചിരിക്കുകയാണെന്നും ഒരു ദിവസം രാത്രി 10 മണിക്ക് പ്രധാനമന്ത്രി നേരിട്ട് അത് മുഴുവന്‍ അസാധുവാക്കിയാല്‍കള്ളപ്പണക്കാർ മുഴുവന്‍ ഇല്ലാതാകുമെന്നും ഉള്ള ആ ബുദ്ധി സമ്മതിക്കണം. റിസർവ്ബാങ്കിനെപ്പോലും അസാധുവാക്കി, രാജ്യത്തെ പ്രത്യേകം അഭിസംബോധന ചെയ്തു, അതിനാടകീയമായി അങ്ങ് നടത്തിയ ആ പ്രഖ്യാപനവും കലക്കി. ആ നാടകം കണ്ടു കള്ളപ്പണക്കാരൊക്കെ നാളെത്തന്നെ രാജ്യം വിടും. 100, 50 നോട്ടുകളോ ഇനി ഇറക്കാന്‍ പോകുന്ന 2000, 500 നോട്ടുകളോ ഭീകരർക്ക് കള്ളനോട്ട് അടിക്കാന്‍ കഴിയാത്തവിധം കിടിലനാവും എന്ന് വിശ്വസിക്കുന്നു.

എന്തായാലും അങ്ങയുടെയും രാംദേവിന്‍റെയും ബുദ്ധി ജയിക്കട്ടെ. പല സംസ്ഥാനത്തും ഇലക്ഷന്‍ വരുന്നുണ്ട്. ഒരു രാജ്യം അതിന്‍റെ തന്നെ കറന്‍സി നിരോധിച്ചു വളർത്തുന്ന ജനാധിപത്യം ഗംഭീരമാകട്ടെ. അങ്ങേക്ക് കയ്യടിക്കുന്ന സാമ്പത്തിക വിദഗ്ധർ നീണാൾ വാഴട്ടെ…

ഭാരത് മാതാ കീ ജയ്…
ഒരു പാവം പ്രജ.
എം. അബ്ദുല്‍റഷീദ്

മോദിജി, അങ്ങേക്ക് ഇരിക്കട്ടെ ഒരു പൊൻപണം..! പ്രിയപ്പെട്ട മോദിജി, ഒരു യാത്രയിൽ ആയിരുന്ന ഞാൻ, ഹിമാചലിലെ വഴിയോരക്കടയിൽനി...

Posted by Abdul Rasheed on Tuesday, November 8, 2016

Writer - Damodaran

contributor

Editor - Damodaran

contributor

Similar News