വൈറലായ സെല്‍ഫി പരീക്ഷണം ഗൂഗിള്‍ ഇന്ത്യയിലും അവതരിപ്പിച്ചു
നിങ്ങളുമായി സാമ്യമുള്ള ഏതെങ്കിലും കലാസൃഷ്ടി ലോകത്തുണ്ടാകുമോ? ഏതെങ്കിലും ചിത്രകാരന്‍ നിങ്ങളുടെ മുഖത്തോട് സാമ്യമുള്ള ചിത്രം വരച്ചിട്ടുണ്ടാകുമോ?
ഒരാളെ പോലെ ഏഴുപേരെങ്കിലും ലോകത്തുണ്ടാകുമെന്ന ചോല്ല് കേട്ടിരിക്കും. എന്നാല്‍ നിങ്ങളുമായി സാമ്യമുള്ള ഏതെങ്കിലും കലാസൃഷ്ടി ലോകത്തുണ്ടാകുമോ? ഏതെങ്കിലും ചിത്രകാരന്‍ നിങ്ങളുടെ മുഖത്തോട് സാമ്യമുള്ള ചിത്രം വരച്ചിട്ടുണ്ടാകുമോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഗൂഗിളിന്റെ ആര്‍ട്‌സ് ആന്റ് കള്‍ച്ചര്‍ അപ്ലിക്കേഷനിലെ പുതിയ സെല്‍ഫി ഫീച്ചര്‍.
തങ്ങളുടെ ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ പ്ലാറ്റ്‌ഫോമിലെ പുതിയ അപ്‌ഡേഷനായാണ് ഗൂഗിള്‍ സെല്‍ഫി ഈ ആര്‍ട്ട് ഫീച്ചര്‍ അവതരിപ്പിച്ചത്. ഗൂഗിളിലുള്ള ലക്ഷക്കണക്കിന്‍ ചിത്രങ്ങളില്‍ നിന്നും നിങ്ങളുടെ മുഖത്തോട് സാമ്യമുള്ളത് കണ്ടെത്തി തരുന്നതാണ് ഈ ഫീച്ചര്‍. കഴിഞ്ഞയാഴ്ച അമേരിക്കയില്‍ അവതരിപ്പിച്ച ഈഫീച്ചര്‍ വൈകാതെ വൈറലായിരുന്നു. ഇതോടെയാണ് ഇന്ത്യയടക്കമുള്ള മറ്റു രാജ്യങ്ങളിലേക്കുകൂടി ഈ ഫീച്ചര്‍ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഈ പുതിയ ഫീച്ചര്‍ അനുസരിച്ച് നിങ്ങള്‍ക്ക് സ്വന്തം മുഖത്തിന്റെ സെല്‍ഫി ഈ ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്യാം. കമ്പ്യൂട്ടര്‍ വിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കകം നിങ്ങളുടെ ചിത്രത്തോട് സാമ്യമുള്ള കലാസൃഷ്ടികള്‍ ഗൂഗിള്‍ തിരിച്ചു നല്‍കും. നിങ്ങളുടെ ചിത്രത്തോട് എത്രശതമാനം ഈ കലാസൃഷ്ടിക്ക് സാമ്യമുണ്ടെന്നും വ്യക്തമാക്കിയിരിക്കും. ദിവസങ്ങള്‍ക്കകം മൂന്ന് കോടിയിലേറെ സെല്‍ഫികളാണ് ഈ ആപ്ലിക്കേഷനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എടുത്തിരിക്കുന്നത്.
എഴുപതോളം രാജ്യങ്ങളിലെ 1500 മ്യൂസിയം പാട്ണര്‍മാര്‍ക്കു കീഴിലെ ആറായിരം എക്‌സിബിഷനുകളിലെ ചിത്രങ്ങള്‍ ഗൂഗിളിന്റെ ശേഖരത്തിലുണ്ട്. ലക്ഷക്കണക്കിന് വരുന്ന ഈ ചിത്രങ്ങളില്‍ നിന്നാണ് ഗൂഗിള്‍ നിങ്ങളുടെ മുഖത്തോട് സാമ്യമുള്ള ചിത്രം തെരഞ്ഞെടുക്കുന്നത്.