ക്യാമറ ഉപയോഗിച്ച് സെര്‍ച്ചില്‍ അത്ഭുതം സൃഷ്ടിക്കാനൊരുങ്ങി ഗൂഗിള്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് വരുംകാലത്തിന്റെ ഏറ്റവും വലിയ സാധ്യതയെന്ന് വ്യക്തമാക്കിയാണ് സുന്ദര്‍ പിച്ചൈ ഗൂഗിള്‍ ലെന്‍സ് അവതരിപ്പിച്ചത്
സ്മാര്‍ട്ട്‌ഫോണ്‍ ഉള്‍പ്പെടെയുള്ള ഗാഡ്ജറ്റുകളുടെ ക്യാമറ ഉപയോഗിച്ച് സെര്‍ച്ചില്‍ അത്ഭുതം സൃഷ്ടിക്കാനൊരുങ്ങി ഗൂഗിള്‍. വെള്ളിയാഴ്ച ഗൂഗിള്‍ സിഇഒ സുന്ദരപിച്ചൈ അവതരിപ്പിച്ച ഗൂഗിള്‍ ലെന്‍സ് ആണ് സെര്‍ച്ചില്‍ പുതിയ വിപ്ലവം കുറിക്കാന്‍ ഒരുങ്ങുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് വരുംകാലത്തിന്റെ ഏറ്റവും വലിയ സാധ്യതയെന്ന് വ്യക്തമാക്കിയാണ് സുന്ദര്‍ പിച്ചൈ ഗൂഗിള്‍ ലെന്‍സ് അവതരിപ്പിച്ചത്. ക്യാമറഉപയോഗിച്ചുള്ള സെര്‍ച്ചില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംയോജിപ്പിച്ചാണ് ഗൂഗിള്‍ ലെന്‍സ് പ്രവര്‍ത്തിക്കുന്നത്. സെര്‍ച്ചില്‍ അത്ഭുതകരമായ ഫലങ്ങള്‍ നല്‍കാന്‍ 'ലെന്‍സി'നാകുമെന്ന് പിച്ചൈ വ്യക്തമാക്കുന്നു. കാണുന്നത് എന്താണെന്ന് മനസ്സിലാക്കാനും അവയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും കഴിയുന്ന ദൃശ്യങ്ങളില്‍ അധിഷ്ഠിതമായ ടെക്‌നോളജിയാണ് ഗൂഗിള്‍ ലെന്‍സ്. അതായത്. നിങ്ങള്‍ കാണുന്ന ഒരു വസ്തുവിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ലെന്‍സിന് സാധിക്കുമെന്ന് ലളിതമായി പറയാം.
ഉദാഹരണത്തിന് നിങ്ങള്‍ ഒരു പൂവിന് നേരെ ക്യാമറ പിടിക്കുന്നുവെന്നിരിക്കട്ടെ. ആ പൂവ് ഏതാണെന്ന് ഗൂഗിള്‍ ലെന്‍സിന് പറയാനാകും. നിലവില്‍ ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ ഫോട്ടോസ് എന്നിവയുമായി ലെന്‍സിനെ സംയോജിപ്പിച്ചിട്ടുണ്ടെന്നും വൈകാതെ മറ്റ് ഗൂഗിള്‍ പ്രോഡക്ടുകളും ലെന്‍സിന് കൂട്ടായെത്തുമെന്നും പിച്ചൈ അറിയിച്ചു. വീഡിയോകളും ഫോട്ടോകളും ഉള്‍പ്പെടെയുടെ 'ദൃശ്യങ്ങള്‍' കൂടി സെര്‍ച്ചിലേക്ക് എത്തിക്കുന്നതോടെ തങ്ങളുടെ വിവരശേഖരത്തിന്റെ വ്യാപ്തി വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്.