'ബ്ലൂ വെയ്ല്‍ ചലഞ്ച്' മിത്തോ സത്യമോ?

Update: 2018-06-02 23:32 GMT
'ബ്ലൂ വെയ്ല്‍ ചലഞ്ച്' മിത്തോ സത്യമോ?
Advertising

50 ദിവസങ്ങളിലായി വിവിധ വെല്ലുവിളികള്‍ മറികടന്ന് മുന്നേറുന്നുവെന്ന ആശയമാണ് ബ്ലൂ വെയ്ല്‍ ഗെയിമിനുള്ളത്. ഓരോ ദിവസം ചെല്ലും തോറും ടാസ്‌കുകളുടെ കാഠിന്യം വര്‍ധിച്ച് കളിക്കാരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ബ്ലൂ വെയ്ല്‍ ഗെയിം...

കൗമാരക്കാരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ഓണ്‍ലൈന്‍ ഗെയിം ബ്ലൂ വെയ്ല്‍ ചലഞ്ചിനെക്കുറിച്ചുള്ള ആശങ്കകള്‍ വ്യാപകമാകുന്നു. റഷ്യയില്‍ ചില കൗമാരക്കാരുടെ ആത്മഹത്യകള്‍ക്ക് പ്രേരണയായിട്ടുള്ളത് ബ്ലൂ വെയ്ല്‍ ഗെയിമാണെന്ന് ആരോപണമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് റഷ്യന്‍ അധികൃതര്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ നല്‍കിയിട്ടില്ല.

50 ദിവസങ്ങളിലായി വിവിധ വെല്ലുവിളികള്‍ മറികടന്ന് മുന്നേറുന്നുവെന്ന ആശയമാണ് ബ്ലൂ വെയ്ല്‍ ഗെയിമിനുള്ളത്. ഓരോ ദിവസം ചെല്ലും തോറും ടാസ്‌കുകളുടെ കാഠിന്യം വര്‍ധിക്കും. ഒടുവിലെ ദിവസങ്ങളില്‍ കളിക്കാരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ബ്ലൂ വെയ്ല്‍ ഗെയിം. ഈ ആശയം സോഷ്യല്‍ മീഡിയയിലൂടെ ലോകമൊട്ടാകെ വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

ഈ മരണക്കളിക്ക് ബ്ലൂവെയ്ല്‍ എന്ന് പേരുവന്നതിന് പിന്നിലും കാരണമുണ്ട്. നീലത്തിമിംഗലങ്ങള്‍ മരണാസന്നമാകുമ്പോള്‍ തിരിച്ചുപോകാനാവില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെ തീരങ്ങള്‍ക്കടുത്തേക്ക് നീന്താറുണ്ടെന്ന വിശ്വാസമുണ്ട്. ഇങ്ങനെ തീരത്തിനോട് അടുത്തെത്തുന്ന നീലത്തിമിംഗലങ്ങള്‍ ചത്ത് തീരത്തടിയുകയാണ് ചെയ്യുകയെന്നും കരുതപ്പെടുന്നു. മരണത്തിലേക്ക് സ്വയം തിരഞ്ഞെടുത്തുള്ള ഈ പോക്കിനെയാണ് ബ്ലൂ വെയ്ല്‍ ചലഞ്ച് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ബ്ലൂ വെയ്ല്‍ ചലഞ്ചിലെ 50 ദിവസത്തെ വെല്ലുവിളികള്‍ ഓരോ ദിവസം ചെല്ലും തോറും കടുപ്പമേറി വരും. തുടക്കത്തില്‍ പുസ്തകത്തിലെ പ്രത്യേക ഭാഗം വായിക്കലും രാത്രി പ്രത്യേക സമയം ഉണര്‍ന്ന് ചില സ്ഥലങ്ങളിലേക്ക് പോകുന്നതും സിനിമകള്‍ കാണുന്നതുമൊക്കെയാകും. പിന്നീടത് പടിപടിയായി കടുപ്പത്തിലായി ഒന്നുകില്‍ അസാധ്യമാവുകയോ കളിക്കാരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഒന്നായി മാറും. റഷ്യക്ക് പുറമേ ഉക്രൈന്‍, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങളിലും ബ്ലൂ വെയ്ല്‍ ചലഞ്ചിന് കൗമാരക്കാരിലെ ആത്മഹത്യയുമായി ബന്ധമുണ്ടോ എന്ന അന്വേഷണം നടന്നുവരികയാണ്. ഇതുവരെ ആത്മഹത്യകളും ഈ ഗെയിമും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കാനായിട്ടില്ല.

Tags:    

Similar News