ബഹിരാകാശ സഞ്ചാരിയാവണോ? നാസയുടെ വെര്‍ച്വല്‍ റിയാലിറ്റി ഗെയിം സഹായിക്കും

Update: 2018-06-02 09:32 GMT
Editor : Subin
ബഹിരാകാശ സഞ്ചാരിയാവണോ? നാസയുടെ വെര്‍ച്വല്‍ റിയാലിറ്റി ഗെയിം സഹായിക്കും
Advertising

മനുഷ്യന്‍ ചൊവ്വയിലിറങ്ങുന്നതിന് മുമ്പ് തന്നെ താത്പര്യമുള്ളവരെ ചൊവ്വയെ അനുഭവിപ്പിക്കുകയാണ് നാസ ഈ വീഡിയോ ഗെയിമിലൂടെ...

യഥാര്‍ഥ ജീവിതത്തില്‍ ബഹിരാകാശ സഞ്ചാരിയാവുകയെന്നത് കോടിക്കണക്കിന് മനുഷ്യരില്‍ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രം സാധിച്ചിട്ടുള്ളതാണ്. കഠിനമായ പരിശീലന മുറകളും നിരവധി പരീക്ഷണങ്ങളുമൊന്നുമില്ലാതെ ചൊവ്വയില്‍ പോകുന്ന അനുഭവം ലഭിക്കാന്‍ സഹായിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. മനുഷ്യന്‍ ചൊവ്വയിലിറങ്ങുന്നതിന് മുമ്പ് തന്നെ താത്പര്യമുള്ളവരെ ചൊവ്വയെ അനുഭവിപ്പിക്കുകയാണ് നാസ ഈ വീഡിയോ ഗെയിമിലൂടെ.

നാസയില്‍ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച വെര്‍ച്വല്‍ റിയാലിറ്റി കമ്പ്യൂട്ടര്‍ ഗെയിമായ മാര്‍സ് 2030ആണ് ഇതിന് സഹായിക്കുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമ 2010ല്‍ തന്റെ സ്വപ്‌നം പങ്കുവെച്ചിരുന്നു. 2030 ആകുമ്പോഴേക്കും മനുഷ്യരെ ചൊവ്വയിലെത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നായിരുന്നു അന്ന് ഒബാമ പറഞ്ഞത്.

എഫ്എംഎസ് സ്റ്റുഡിയോസ് നിര്‍മ്മിച്ച മാര്‍സ് 2030 15 ഡോളര്‍ മുടക്കി ഡൗണ്‍ലോഡ് ചെയ്യാം. വിന്‍ഡോസ് 10ഉം അതിനു ശേഷമുള്ള ഒഎസുകളും ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഈ ഗെയിം ഡൗണ്‍ലോഡ് ചെയ്യാനാകും. പ്ലേ സ്റ്റേഷനില്‍ ഇപ്പോള്‍ മാര്‍സ് 2030 ലഭ്യമല്ലെങ്കിലും വൈകാതെ പ്ലേ സ്റ്റേഷനിലുമെത്തുമെന്നാണ് ഗെയിമിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങാനും അവിടെ 40 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ നടന്ന് വസ്തുക്കള്‍ ശേഖരിക്കാനും ഈ ഗെയിമിലൂടെ സാധിക്കും. നാസയുടെ കൈവശമുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ 40 കിലോമീറ്റര്‍ സാങ്കല്‍പിക പ്രദേശം നിര്‍മ്മിച്ചിരിക്കുന്നത്. ഗെയിമിന്റെ ഭാഗമായി ചൊവ്വയില്‍ നിന്നും ശേഖരിക്കുന്ന വസ്തുക്കളെ മൈക്രോസ്‌കോപ്പില്‍ നിരീക്ഷിക്കാന്‍ പോലും കളിക്കാര്‍ക്ക് സാധിക്കും. വെറുമൊരു കമ്പ്യൂട്ടര്‍ ഗെയിം എന്നതിനേക്കാള്‍ ചൊവ്വയില്‍ പോയ അനുഭവം സമ്മാനിക്കുന്നതാണ് മാര്‍സ് 2030 എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News