പ്രതിമാസം 400 രൂപക്ക് എച്ച്ഡി ചാനലുകളുമായി ജിയോ ഹോം
ജിയോ ഹോം ടിവിയുടെ പരീക്ഷണങ്ങള്‍ രാജ്യത്ത് പുരോഗമിക്കുന്നതിനിടെയാണ് സേവനം ഉടന്‍ ആരംഭിക്കുമെന്ന സൂചനകള്‍ ലഭിച്ചിരിക്കുന്നത്.
രാജ്യത്ത് 4ജി വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ, ഡിടിഎച്ച് രംഗത്തേക്ക് കൂടി പ്രവേശിക്കുന്നു. മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ജിയോ ഉടന്‍ തന്നെ ജിയോ ഹോം ടിവി സേവനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഎംബിഎംഎസ് അഥവ Enhanced Multimedia Broadcast Multicast Service എന്ന സംവിധാനത്തിലുള്ള ജിയോ ഹോം ടിവിയുടെ പരീക്ഷണങ്ങള്‍ രാജ്യത്ത് പുരോഗമിക്കുന്നതിനിടെയാണ് സേവനം ഉടന്‍ ആരംഭിക്കുമെന്ന സൂചനകള്‍ ലഭിച്ചിരിക്കുന്നത്.
പ്രതിമാസം 400 രൂപ നിരക്കിലും 200 രൂപ നിരക്കിലും ജിയോ ഹോം ടിവി ഡിടിഎച്ച് സേവനം ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 200 രൂപക്ക് എസ്ഡി ചാനലുകളും 400 രൂപക്ക് എസ്ഡി, എച്ച്ഡി ചാനലുകളും ജിയോ ഹോമില്‍ ലഭ്യമാകും. ടെലികോം ടോക്കാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജിയോ ഹോം ടിവി സേവനത്തിന്‍റെ ബീറ്റ പരീക്ഷണം ഇതിനോടകം പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, എത്ര എച്ച്ഡി ചാനലുകള്‍ ലഭ്യമാകുമെന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.