ഐഫോണ്‍ 7, 7 പ്ലസ് വാങ്ങാതിരിക്കാന്‍ 6 കാരണങ്ങള്‍
കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കൂടിയപ്പോള്‍ വാനോളം ഉയര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് തിരശീലയിട്ടായിരുന്നു ആപ്പിള്‍ ഐഫോണ്‍ 7, 7 പ്ലസ് സ്‍മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ എത്തിച്ചത്.
കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കൂടിയപ്പോള്‍ വാനോളം ഉയര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് തിരശീലയിട്ടായിരുന്നു ആപ്പിള്‍ ഐഫോണ്‍ 7, 7 പ്ലസ് സ്‍മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ എത്തിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ചത് എന്ന വിശേഷണത്തോടെയാണ് പുതിയ ഐഫോണുകള്‍ അവതരിച്ചത്. ഈ രണ്ടു ഫോണുകളും വിപണിയില്‍ സമ്മിശ്ര പ്രതികരണം നേടുകയും ചെയ്തു.
ഡിസൈനില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നതാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്ന ഒരു ന്യൂനത. ഐഫോണ്‍ 6 എസിനും 6 എസ് പ്ലസിനും ആപ്പിള്‍ നല്‍കിയ അതേ ഡിസൈന്‍ തന്നെയാണ് ഐഫോണ്‍ 7ഉം 7 പ്ലസും പിന്തുടര്‍ന്നിരിക്കുന്നത്. രണ്ടു വര്‍ഷം പഴക്കമുള്ള ഈയൊരു ഡിസൈനില്‍ കാര്യമായ ഒരു മാറ്റവും ആപ്പിള്‍ വരുത്തിയിട്ടില്ല. പുറംമോടിയിലെ പഴഞ്ചന്‍ വേഷം ഐഫോണ്‍ ആരാധകര്‍ക്കിടയില്‍ കല്ലുകടിയായിട്ടുണ്ട്. താഴെ ഭാഗത്തുള്ള സ്റ്റീരിയോ സ്പീക്കറുകളും 7 പ്ലസിലെ ഡ്യുവല്‍ കാമറയുമൊഴിച്ചാല്‍ കാര്യമായ മാറ്റങ്ങളൊന്നും പുതിയ ഐഫോണുകളിലില്ല.
ഡിസ്പ്ലെയിലും വലിയ മാറ്റമില്ല എന്നതാണ് മറ്റൊരു ന്യൂനത. രണ്ടു വര്‍ഷം മുമ്പ് വിപണിയിലെത്തിയ 6 എസ്, 6 എസ് പ്ലസ് ഹാന്‍ഡ് സെറ്റുകളിലേതു പോലെ തന്നെ റെറ്റിന എച്ച്ഡി ഡിസ്പ്ലെ തന്നെയാണ് ഐഫോണ്‍ 7 ലും കാഴ്ചയൊരുക്കുന്നത്. എന്നാല്‍ ഐഫോണ്‍ 7ലെ ഡിസ്പ്ലെ പഴയതിനേക്കാള്‍ മികച്ച അനുഭവം നല്‍കുമെന്നും ഇതിനായി പുതിയ സംവിധാനം ഇതിലുണ്ടെന്നുമാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.
ബാറ്ററി ശേഷി ഏറ്റവും കൂടുതല്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും മുന്‍ഗാമികളേക്കാള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമാണ് അധികമായി ജീവന്‍ നിലനിര്‍ത്താന്‍ പുതുമുഖങ്ങള്‍ക്ക് കഴിയുന്നുള്ളുവെന്ന് വിദഗ്ധര്‍ പറയുന്നു.
പുതിയ ഐഫോണുകളില്‍ നിന്നു ഹെഡ്ഫോണ്‍ ജാക്ക് ഒഴിവാക്കിയതാണ് അതൃപ്തിക്ക് മറ്റൊരു കാരണം. 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് നിലനിര്‍ത്തിക്കൊണ്ട് തന്നെ വയര്‍ലെസ് ഹെഡ്ഫോണുകള്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ എന്നാണ് ചില അഭിപ്രായങ്ങള്‍. ജാക്ക് ഒഴിവാക്കിയതോടെ പഴയ ഹെഡ്ഫോണ്‍ പുതിയ ഐഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയില്ല.
ഐഫോണ്‍ 7, 7 പ്ലസിന്റെ റാം സംബന്ധിച്ച വിവരങ്ങള്‍ ആപ്പിള്‍ പുറത്തുവിട്ടിട്ടില്ലെന്നതാണ് മറ്റൊരു പ്രശ്നം. 32 ജിബി മുതല്‍ 256 ജിബി വരെ സ്റ്റോറേജ് ശേഷിയെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും റാം എത്രയെന്ന് ആപ്പിള്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഫോബ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഐഫോണ്‍ 7 ന് 2 ജിബി റാം ആയിരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. ഇത് സത്യമെങ്കില്‍ മുന്‍ഗാമികളേക്കാള്‍ റാം ശേഷിയില്‍ യാതൊരു പുരോഗമനവും പുതുതലമുറക്ക് അവകാശപ്പെടാനുണ്ടാകില്ല.
ഇതുവരെ ഐഫോണുകള്‍ക്ക് അന്യമായിരുന്ന ജെറ്റ് ബ്ലാക്ക് നിറമായിരുന്നു 7, 7 പ്ലസുകളുടെ വലിയൊരു പ്രത്യേകതയായി രൂപകല്‍പനയില്‍ എടുത്തുപറഞ്ഞിരുന്നത്. എന്നാല്‍ അടിസ്ഥാന വേരിയന്റായ 32 ജിബി മോഡല്‍ ഈ ജെറ്റ് ബ്ലാക്കില്‍ ലഭിക്കില്ല. കണ്ണാടി പോലെ തിളങ്ങുന്ന ജെറ്റ് ബ്ലാക്ക് മോഡല്‍ വാങ്ങണമെങ്കില്‍ കൂടുതല്‍ പണം മുടക്കേണ്ടി വരും. 128 ജിബി മോഡല്‍ മുതലാണ് ജെറ്റ് ബ്ലാക്ക് ഐഫോണ്‍ ലഭ്യമാകുക.