രണ്ടും കല്‍പ്പിച്ച് ബി.എസ്‍.എന്‍.എല്‍; 491 രൂപക്ക് പ്രതിദിനം 20 ജിബി ഡാറ്റ
രാജ്യത്ത് 5 ജി അവതരിപ്പിക്കാനൊരുങ്ങുന്ന ബി.എസ്‍.എന്‍.എല്‍, ഏറ്റവുമൊടുവില്‍ തങ്ങളുടെ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനാണ് പുതിയ ഓഫര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
ടെലികോം രംഗത്തെ അതികായരായ എയര്‍ടെല്ലിനെയും റിലയന്‍സിന്‍റെ ജിയോയേയും വെല്ലുവിളിച്ച് ബി.എസ്‍.എന്‍.എല്‍ വീണ്ടും രംഗത്ത്. രാജ്യത്ത് 5 ജി അവതരിപ്പിക്കാനൊരുങ്ങുന്ന ബി.എസ്‍.എന്‍.എല്‍, ഏറ്റവുമൊടുവില്‍ തങ്ങളുടെ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനാണ് പുതിയ ഓഫര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
491 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാനാണ് ബി.എസ്‍.എന്‍.എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഓഫര്‍ സ്വീകരിക്കുന്നവര്‍ക്ക് പ്രതിദിനം 20 ജിബി ഡാറ്റയാണ് ഉപയോഗിക്കാന്‍ കഴിയുക. സെക്കന്‍റില്‍ 20 എം.ബി ആയിരിക്കും വേഗത. ദിവസം അനുവദനീയമായ 20 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നീട് സെക്കന്‍റില്‍ ഒരു എം.ബി വേഗതയായിരിക്കും ലഭിക്കുക. 491 രൂപയുടെ പ്ലാനിനൊപ്പം ഇന്ത്യയില്‍ എവിടേക്കും ഏതു നെറ്റ്‍വര്‍ക്കിലേക്കും സൌജന്യമായി വിളിക്കാനും കഴിയും.
നിലവില്‍ ബി.എസ്‍.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കായി 777 രൂപയുടെയും 1277 രൂപയുടെയും പ്ലാനുകള്‍ നല്‍കുന്നുണ്ട്. 777 രൂപയുടെ പ്ലാനില്‍ പ്രതിമാസം സെക്കന്‍റില്‍ 50 എംബി വേഗതയില്‍ 500 ജിബി ഡാറ്റയും 1277 രൂപയുടെ പ്ലാനില്‍ സെക്കന്‍റില്‍ 100 എംബി വേഗതയില്‍ 750 ജിബി ഡാറ്റയുമാണ് ഉപഭോക്താവിന് ലഭിക്കുക. നിലവില്‍ ബി.എസ്‍.എന്‍.എല്ലാണ് ബ്രോഡ്ബാന്‍ഡ് മേഖലയില്‍ മുന്നിട്ടുനില്‍ക്കുന്നത്. തൊട്ടുപിന്നില്‍ എയര്‍ടെല്ലാണ്. ജിഗാഫൈബര്‍ സര്‍വീസുമായി ജിയോ കൂടി എത്തിയാല്‍ ബ്രോഡ്ബാന്‍ഡ് രംഗത്ത് ഓഫറുകളുടെ പെരുമഴ തന്നെയുണ്ടാകുമെന്നാണ് ടെലികോം മേഖലയില്‍ നിന്നുള്ള സൂചനകള്‍.