അതൊന്നും നടക്കില്ല; കേന്ദ്ര സര്‍ക്കാരിനെ തള്ളി വാട്സ്ആപ്പ്
എന്നാല്‍ ഇത് ഒഴിവാക്കിയാല്‍ ഉപഭോക്താക്കളുടെ സ്വകാര്യത നഷ്ടപ്പെടുമെന്ന വാദത്തില്‍ ഉറച്ചുനിന്ന് തന്നെയാണ് വാട്സ്ആപ്പിന്‍റെ നിരാകരണം.
ഉപഭോക്താക്കളുടെ സ്വകാര്യത ഹനിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം അപ്പാടെ തള്ളി വാട്സ്ആപ്പ്. സന്ദേശത്തിന്‍റെ ഉടവിടം കണ്ടെത്താന്‍ അനുവദിക്കുന്ന സംവിധാനമുണ്ടാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യമാണ് ഫേസ്‍ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് നിരാകരിച്ചത്. ഉപഭോക്താക്കളുടെ സ്വകാര്യതക്ക് വേണ്ടി വാട്സ്ആപ്പ് ഒരുക്കിയ ഏറ്റവും വലിയ സവിശേഷതയായ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഒഴിവാക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം. എന്നാല്‍ ഇത് ഒഴിവാക്കിയാല്‍ ഉപഭോക്താക്കളുടെ സ്വകാര്യത നഷ്ടപ്പെടുമെന്ന വാദത്തില്‍ ഉറച്ചുനിന്ന് തന്നെയാണ് വാട്സ്ആപ്പിന്‍റെ നിരാകരണം.
അയക്കുന്നയാളും സ്വീകരിക്കുന്നയാളുമല്ലാതെ സർക്കാർ സംവിധാനങ്ങൾക്കോ, വാട്‌സ്ആപ്പിനു പോലുമോ സന്ദേശങ്ങൾ തുറന്നുനോക്കാൻ കഴിയില്ല എന്നതാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ. ഇതേസമയം, വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങൾ കണ്ടെത്തി നശിപ്പിക്കാൻ കഴിയുന്നില്ല എന്നതാണ് ഭരണകൂടം നേരിടുന്ന പ്രധാന ഭീഷണി. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ വന്നതോടെ വാട്‌സ്ആപ്പ് സെർവറിൽ പോലും സന്ദേശങ്ങൾ സൂക്ഷിക്കാത്തതാണ് അന്വേഷണ ഏജൻസികള്‍ക്കും തലവേദനയാകുന്നത്. എന്നാല്‍ ഈ സൌകര്യമുള്ളതു കൊണ്ട് തന്നെ അതീവ രഹസ്യ സ്വഭാവത്തിലുള്ള സ്വകാര്യ സന്ദേശങ്ങള്‍ പോലും അയക്കാന്‍ ഉപഭോക്താക്കള്‍ ആശ്രയിക്കുന്ന മാധ്യമമാണ് വാട്സ്ആപ്പ് എന്ന് കമ്പനി പറയുന്നു.
വാട്സ്ആപ്പിനെ വ്യാജ സന്ദേശങ്ങള്‍ അയക്കാന്‍ കുറച്ചുപേര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ജനങ്ങളെ ബോധവത്കരിക്കുക എന്നതു മാത്രമാണ് മാര്‍ഗമെന്നും കേന്ദ്രത്തിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ഒരുക്കിയ സംവിധാനങ്ങളില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും കമ്പനി വക്താവ് വ്യക്തമാക്കി. പശു സംരക്ഷണത്തിന്‍റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പരക്കുകയും ഇത് ക്രൂരമായ നരഹത്യകളിലേക്ക് എത്തിയതുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിനോട് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.