തെരഞ്ഞെടുപ്പുകളിലെ ബാഹ്യ ഇടപെടലുകൾ; വിശ്വാസ്യത നിലനിർത്താൻ ഫേസ്ബുക്ക് എന്ത് ചെയ്തു?
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റഷ്യ നടത്തിയ ഇടപെടലുകളുടെ പേരിൽ കണക്കറ്റ വിമർശനമാണ് ഫേസ്ബുക്ക് നേരിട്ടത്. 50 മില്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സ്ഥാപകൻ ക്രിസ്റ്റഫർ വെയിലി ട്രംപിന് വേണ്ടി പ്രവർത്തിച്ചതായി വെളിപ്പെട്ടതും ഫേസ്ബുക്കിനെ പ്രതിരോധത്തിലാക്കി. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് അമേരിക്കൻ കോൺഗ്രസിന് മുന്നിൽ ഹാജരാകേണ്ടി വന്ന മാർക്ക് സുക്കർബർഗിന് അംഗങ്ങളുടെ പല ചോദ്യങ്ങൾക്കും തൃപ്തികരമായ മറുപടി പറയാൻ സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നത് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്നും തങ്ങളുടെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവിന് മാപ്പു ചോദിക്കുന്നു എന്ന് പറഞ്ഞ് രക്ഷപ്പെടാനെ സുക്കർബർഗിന് കഴിഞ്ഞുള്ളൂ.
ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട് അമേരിക്കൻ കോൺഗ്രസിന് മുന്നിൽ ഹാജരാകേണ്ടി വന്ന മാർക്ക് സുക്കർബർഗിന് അംഗങ്ങളുടെ പല ചോദ്യങ്ങൾക്കും തൃപ്തികരമായ മറുപടി പറയാൻ സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നത് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്നും തങ്ങളുടെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവിന് മാപ്പു ചോദിക്കുന്നു എന്ന് പറഞ്ഞ് രക്ഷപ്പെടാനെ സുക്കർബർഗിന് കഴിഞ്ഞുള്ളൂ
ഈ വര്‍ഷം തുടക്കത്തിൽ, ലോകമെമ്പാടും നടക്കുന്ന തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്ന സ്ഥിതിവിശേഷം ഉണ്ടാകാതിരിക്കാനുള്ള സകല മുൻകരുതലുകളും കൈക്കൊള്ളുമെന്ന് സുക്കർബർഗ് വാഗ്ദാനം ചെയ്തിരുന്നു. ഇത് സംബന്ധമായി തങ്ങൾ കൈക്കൊണ്ട നടപടികൾ വിശദീകരിച്ച് കൊണ്ട് ബുധനാഴ്ച മാർക്ക് സുക്കർബർഗ് വിശദമായ ഒരു ബ്ലോഗ് പ്രസിദ്ധീകരിച്ചു.
"2016 ൽ ഈ വിഷയം മുൻകൂട്ടി കാണാൻ കഴിയാത്തതിൽ ഞങ്ങൾക്ക് വിഷമമുണ്ട്", അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെ സൂചിപ്പിച്ചു കൊണ്ട് സുക്കർബർഗ് എഴുതി. "പക്ഷെ, ആ സംഭവത്തിന് ശേഷം ഞങ്ങൾ പാഠം പഠിച്ചു. ഫേസ്ബുക്ക് നൽകുന്ന സേവനങ്ങൾ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ഉപയോഗിക്കുന്നത് ഇല്ലാതാക്കാൻ സാങ്കേതിക വിദ്യയെയും ആളുകളെയും ഉപയോഗപ്പെടുത്തി പുതിയ സംവിധാനങ്ങൾ ഞങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്," സുക്കർബർഗ് എഴുതുന്നു.
"ഇന്ന് ഫേസ്ബുക്ക് ഇത്തരത്തിലുള്ള ബാഹ്യ ഇടപെടലുകളെയൊക്കെ ചെറുക്കാൻ സജ്ജമാണ്," സുക്കർബർഗ് പറഞ്ഞു.
തെറ്റായ വിവരങ്ങളും തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങളും വ്യാജ വാർത്തകളും കൈമാറ്റം ചെയ്യപ്പെടുന്നത് ഇല്ലാതാക്കി തങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ കഴിഞ്ഞ 18 മാസങ്ങൾ ഫേസ്ബുക്ക് എന്ത് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു എന്നതിനുള്ള ഉത്തരം കൂടിയാണ് സുക്കർബർഗിന്റെ വിശദമായ ബ്ലോഗ്. സാധാരണ ഗതിയിൽ തന്റെ സ്വന്തം ഫേസ്ബുക്ക് പേജിൽ കമ്പനിയുടെ നയങ്ങളെ സംബന്ധിച്ച് ചെറിയ കുറിപ്പുകൾ മാത്രം പോസ്റ്റ് ചെയ്തിരുന്ന സുക്കർബർഗ് ഈ വിഷയത്തിൽ വിശദമായ കുറിപ്പുകൾ തന്നെ എഴുതുമെന്ന് പറഞ്ഞിരുന്നു. ലോകമെമ്പാടും നടക്കുന്ന ജനാധിപത്യ തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ സുരക്ഷിതമാക്കുക എന്നതിനാണ് അദ്ദേഹം മുൻഗണന നൽകിയത്. അമേരിക്കൻ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഫേസ്ബുക്ക് ഉപയോഗപ്പെടുത്തപ്പെട്ട സാഹചര്യത്തിലാണ് സുക്കർബർഗ് ഒരുങ്ങിയിറങ്ങിയത്.
ഈ വര്‍ഷം ഏപ്രിലിലാണ് 2016ൽ അമേരിക്കൻ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ റഷ്യ ഫേസ്ബുക്കിനെ ദുരുപയോഗം ചെയ്തതിന്റെ പേരിൽ സുക്കർബർഗിനെ അമേരിക്കൻ കോൺഗ്രസ് ചോദ്യം ചെയ്യുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് മുൻകൂട്ടി കാണാൻ കഴിയാത്തതിന്റെ പേരിൽ രൂക്ഷമായ വിമർശനമാണ് കോൺഗ്രസ് അംഗങ്ങളിൽ നിന്നും ഫേസ്ബുക്ക് സ്ഥാപകന് നേരിടേണ്ടി വന്നത്. പിന്നീട്, ഇന്ത്യയിലെയും മെക്സിക്കോയിലെയുമടക്കം നിരവധി രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ഇടപെടാൻ ഫേസ്ബുക്ക് ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ പേരിൽ പിന്നെയും പഴി കേൾക്കേണ്ടി വന്നു അദ്ദേഹത്തിന്. കഴിഞ്ഞയാഴ്ച ഫേസ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷെറിൽ സാൻഡ്ബർഗിനും ഈ വിഷയവുമായി ബന്ധപ്പെട്ട് അമേരിക്കൻ കോൺഗ്രസിന് മുന്നിൽ ഹാജരാകേണ്ടി വന്നു.
വലിയ വെല്ലുവിളി തന്നെയാണ് ഫേസ്ബുക്കിനെ കാത്തിരിക്കുന്നത്. തെരഞ്ഞെടുപ്പുകളിലെ ബാഹ്യ ഇടപെടലുകൾ കണ്ടെത്താനും ചെറുക്കാനും സാധിച്ചില്ലെങ്കിൽ വീണ്ടും ഫേസ്ബുക്ക് പ്രതിസന്ധിയിലാകും. ഇപ്പോൾ തന്നെ അടുത്ത മാസം നടക്കാനിരിക്കുന്ന ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഇടപെടലുകളുടെ പേരിൽ ഫേസ്ബുക്ക് നിരീക്ഷണത്തിലാണ്. അമേരിക്കയിൽ നവംബര്‍ മാസത്തിലെ അർദ്ധവാർഷിക തെരഞ്ഞെടുപ്പും അടുത്തുവരികയാണ്.
2016 നവംബര്‍ മുതൽ ഫേസ്ബുക്ക് ലോകത്തുടനീളം നടത്തുന്ന ഇടപെടലുകളുടെയും ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത സുക്കർബർഗ് തന്റെ സൈറ്റിനെ മുമ്പത്തേക്കാൾ കൂടുതൽ സുതാര്യമാക്കാനുള്ള യത്നത്തിലായിരുന്നു. തെറ്റായ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നതും തെരഞ്ഞെടുപ്പുകൾ സ്വാധീനിക്കപ്പെടുന്നതും തടയുന്നതിനുള്ള നിരവധി സംവിധാനങ്ങളും നയങ്ങളുമാണ് 2016 ന് ശേഷം ഫേസ്ബുക്ക് വികസിപ്പിച്ചെടുത്തത്. വ്യാജ അക്കൗണ്ടുകൾ കണ്ടെത്തി അവ സ്വയം നീക്കം ചെയ്യാനുള്ള സംവിധാനം മുതൽ തെറ്റായ വിവരങ്ങൾ കൈമാറുന്ന പേജുകൾ കണ്ടെത്തി അവ കൂടുതൽ ആളുകളിലേക്ക് എത്താതിരിക്കാനുള്ള നടപടികൾ വരെ ഇതിൽ പെടും. സുരക്ഷാ സംബന്ധമായ ജോലികൾക്കുവേണ്ടി 10000 പേരെ കൂടി തങ്ങളുടെ ടീമിലേക്ക് പുതുതായി നിയമിക്കാൻ ഒരുങ്ങുകയാണെന്നും സുക്കർബർഗ് പറഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പുകളിൽ സാമൂഹ്യ മാധ്യമങ്ങൾക്കുള്ള സ്വാധീനത്തെ കുറിച്ച് പഠിക്കാൻ പുറത്തുനിന്ന് അക്കാദമിക വിദഗ്‌ദ്ധരെ ക്ഷണിച്ചുകൊണ്ടുള്ള ഒരു പരിപാടിയും ഫേസ്ബുക്ക് ആസൂത്രണം ചെയ്തിട്ടുണ്ട്. വർഷത്തിൽ രണ്ടുപ്രാവശ്യം ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്ത വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് പ്രസിദ്ധീകരിക്കാനും നീക്കമുണ്ട്. ഫേസ്ബുക്കിൽ രാഷ്ട്രീയ പരസ്യങ്ങൾ കൊടുക്കേണ്ടവർ അമേരിക്കൻ പൗരന്മാരോ അമേരിക്കയിൽ സ്ഥിരതാമസം നടത്തുന്നവരോ ആണെന്ന് സ്ഥിരീകരിച്ചതിന് ശേഷം മാത്രമേ പരസ്യം അനുവദിക്കൂ എന്ന പുതിയ ചട്ടവും ബാഹ്യ ഇടപെടലുകളെ നിയന്ത്രിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.
2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്കിടയിൽ തീവ്ര സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി റഷ്യക്കാരായ ആളുകൾ നൂറുകണക്കിന് ഫേസ്ബുക്ക് പരസ്യങ്ങളാണ് വാങ്ങിക്കൂട്ടിയത്. അതിന് ശേഷം, തങ്ങളുടെ സൈറ്റിൽ വരുന്ന എല്ലാ രാഷ്ട്രീയ പരസ്യങ്ങളുടെയും വിവരങ്ങൾ ഫേസ്ബുക്ക് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അമേരിക്കക്കാരെ സ്വാധീനിക്കാൻ ഉപയോഗിച്ചിരുന്ന 32 പേജുകളും അക്കൗണ്ടുകളും പൂട്ടിയെന്നും ഫേസ്ബുക്ക് വെളിപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് സ്വാധീനിക്കാൻ റഷ്യയും ഇറാനും ഇടപെടൽ നടത്തുന്നു എന്ന് വ്യക്തമാക്കിയ ഫേസ്ബുക്ക് അതിന് വേണ്ടി പ്രവർത്തിക്കുന്ന നൂറുകണക്കിന് പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്തു എന്നും പറഞ്ഞിരുന്നു. 2.2 ബില്യൺ സ്ഥിരം സന്ദര്‍ശകരുള്ള ഫേസ്ബുക്കിനെ ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ഒരു തുടർയുദ്ധമായിട്ടാണ് സുക്കർബർഗ് ഈ നടപടികളെയൊക്കെ വിശദീകരിച്ചത്.
“ഈ വലിയ യത്നത്തിൽ നമ്മളെല്ലാവരും ഒരുമിച്ചാണ്. സൈബർ ആക്രമണങ്ങൾക്കും വ്യാജ സന്ദേശങ്ങൾക്കും നമുക്ക്മേൽ നാശനഷ്ടങ്ങൾ വരുത്താൻ സാധിക്കുന്നതിന് മുമ്പ് അവയെ നേരിടാൻ നമുക്ക് സാധിക്കണം. ജനാധിപത്യത്തെ സംരക്ഷിക്കാൻ നാമെല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ടതുണ്ട്,” സുക്കർബർഗ് ബ്ലോഗിൽ എഴുതി
ശരിയായ വിവരങ്ങളുടെ ഒഴുക്കിനെ ബാധിക്കാതെ തന്നെ തെറ്റായ വിവരങ്ങൾ പ്രചരിക്കപ്പെടുന്നത് എങ്ങനെ കണ്ടെത്തി ഇല്ലാതാക്കാം എന്നത് ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയാണ്. എന്നാൽ ഇത് ഫേസ്ബുക്കിന്റെ മാത്രം ഉത്തരവാദിത്തമല്ല എന്നതും എടുത്തുപറയേണ്ടതാണ്. ട്വിറ്ററും ഇൻസ്റ്റഗ്രാമും റെഡിറ്റും ഉൾപ്പെടെ മറ്റു സാമൂഹ്യ മാധ്യമങ്ങളും തെറ്റായ സന്ദേശങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കാൻ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.
"ഈ വലിയ യത്നത്തിൽ നമ്മളെല്ലാവരും ഒരുമിച്ചാണ്. സൈബർ ആക്രമണങ്ങൾക്കും വ്യാജ സന്ദേശങ്ങൾക്കും നമുക്ക്മേൽ നാശനഷ്ടങ്ങൾ വരുത്താൻ സാധിക്കുന്നതിന് മുമ്പ് അവയെ നേരിടാൻ നമുക്ക് സാധിക്കണം. ജനാധിപത്യത്തെ സംരക്ഷിക്കാൻ നാമെല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ടതുണ്ട്," സുക്കർബർഗ് ബ്ലോഗിൽ എഴുതി.
കടപ്പാട്: ദി ന്യൂയോർക് ടൈംസ്