ഒരു നൂറ്റാണ്ട് മുമ്പത്തെ മായക്കാഴ്ച്ച
പ്രായമാകുംതോറും നമ്മുടെ കാഴ്ച്ചകളും വ്യത്യാസപ്പെടുന്നുണ്ടോ? ഒരേ ചിത്രം തന്നെ രണ്ട് പ്രായക്കാര്‍ രണ്ട് വിധത്തിലാണോ കാണുന്നത്?
പ്രായമാകുംതോറും നമ്മുടെ കാഴ്ച്ചകളും വ്യത്യാസപ്പെടുന്നുണ്ടോ? ഒരേ ചിത്രം തന്നെ രണ്ട് പ്രായക്കാര്‍ രണ്ട് വിധത്തിലാണോ കാണുന്നത്? അങ്ങനെയും സംഭവിക്കാമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പ് 1915ല്‍ വരച്ച ഒരു 'മായക്കാഴ്ച്ച' ചിത്രമാണ് ഗവേഷകരെക്കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത്.
ചെറുപ്പക്കാര്‍ ഇരുപതുകാരിയേയും പ്രായമായവര്‍ 60കാരിയേയും കാണുന്ന ചിത്രമാണിതെന്നാണ് പഠനം പറയുന്നത്. സയന്റിഫിക് റിപ്പോര്‍ട്ട് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ മനുഷ്യരും ഇടപെടുന്ന സാമൂഹ്യ സാഹചര്യങ്ങളുമായി ഈ കാഴ്ച്ച ബന്ധപ്പെട്ടിരിക്കുന്നു. 666 പേരാണ് പഠനത്തിന്റെ ഭാഗമായി ചിത്രം നോക്കി കണ്ടത് പറഞ്ഞത്.
പഠനത്തില്‍ പങ്കെടുത്തവര്‍ക്ക് ഒരു നിശ്ചിത സമയത്തേക്ക് മാത്രം ഈ ചിത്രം കാണിച്ചു കൊടുക്കുകയാണ് ആദ്യം ചെയ്തത്. ചിലര്‍ മുഖം തിരിച്ചു നില്‍ക്കുന്ന യുവതിയേയും മറ്റുചിലര്‍ സ്‌കാര്‍ഫ് ധരിച്ച ഒരു വൃദ്ധയുടെ മുഖത്തിന്റെ പകുതിയുമാണ് ഈ ചിത്രത്തില്‍ കണ്ടത്. നിങ്ങള്‍ കണ്ട രൂപത്തിന്റെ വയസ് രേഖപ്പെടുത്താനും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് നടത്തിയ വിശകലനത്തിലാണ് യുവജനങ്ങള്‍ കൂടുതലും കണ്ടത് യുവതിയുടെ രൂപവും പ്രായമായവര്‍ വൃദ്ധയേയുമാണ് കണ്ടതെന്നും തെളിഞ്ഞത്. നമ്മള്‍ ഇടപെടുന്നവരുടെ പ്രായവും നമ്മുടെ ചിന്തകളും കാഴ്ച്ചകളും തമ്മില്‍ പോലും ബന്ധമുണ്ടെന്നാണ് പഠനം പറയുന്നത്.