കോണ്‍ക്രീറ്റിലേക്കുള്ള വീഴ്ച്ചയും വെള്ളവും ഐഫോണിന്റെ പുതിയ മോഡലുകള്‍ അതിജീവിക്കുമോ?
ഐഫോണിനെ സ്വന്തമാക്കിയ ആപ്പിള്‍ പ്രേമികളില്‍ ഭൂരിഭാഗവും അവയെ പൊന്നുപോലെ കൊണ്ടു നടക്കുമ്പോള്‍ അതേ ഐഫോണുകളെ നിലത്തെറിഞ്ഞും വെള്ളത്തിലിട്ടും പരീക്ഷിക്കുന്നവരുമുണ്ട്!
സെപ്തംബര്‍ 21നാണ് ഐഫോണിന്റെ പുതിയ മോഡലുകളായ XS ഉം XS Maxഉം വിപണിയിലെത്തിയത്. ഐഫോണിനെ സ്വന്തമാക്കിയ ആപ്പിള്‍ പ്രേമികളില്‍ ഭൂരിഭാഗവും അവയെ പൊന്നുപോലെ കൊണ്ടു നടക്കുമ്പോള്‍ അതേ ഐഫോണുകളെ നിലത്തെറിഞ്ഞും വെള്ളത്തിലിട്ടും പരീക്ഷിക്കുന്നവരുമുണ്ട്! ഡ്രോപ്പ് ടെസ്റ്റ് നടത്തുന്ന വ്‌ളോഗര്‍മാരും യുട്യൂബര്‍മാരുമാണ് ഇത്തരം കടുംകൈകള്‍ ചെയ്യുന്നത്. അത്തരത്തിലൊരു കഠിന പരീക്ഷണത്തിന്റെ വീഡിയോ അടുത്ത ദിവസം പുറത്തിറങ്ങി.
യുട്യൂബ് ചാനലായ ടെക്‌സ്മാര്‍ട്ട് ആണ് ഐഫോണ്‍ XS, ഐഫോണ്‍ XS Max, ഐഫോണ്‍ X എന്നിവയുടെ ഡ്രോപ്പ് ടെസ്റ്റ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. പോക്കറ്റിന്റെ ഉയരത്തിലും തലപ്പൊക്കത്തിലും പത്ത് അടി ഉയരത്തില്‍ നിന്നും ഈ ഫോണുകള്‍ നിലത്തിട്ടായിരുന്നു പരീക്ഷണം. കോണ്‍ക്രീറ്റ് തറയിലേക്ക് പത്ത് അടി മുകളില്‍ നിന്നുള്ള വീഴ്ച്ചയെ അതിജീവിക്കാന്‍ കഴിയുന്ന ഫോണുകള്‍ വളരെ കുറവാണെന്ന് ഓര്‍ക്കണം.
വാര്‍ത്തക്കുമുമ്പേ വീഡിയോ കാണേണ്ടവര്‍ക്ക് ഇവിടെ നോക്കാം
പോക്കറ്റ് ഉയരത്തില്‍ നിന്നുള്ള വീഴ്ച്ചയില്‍ മൂന്ന് ഫോണുകള്‍ക്കും കാര്യമായ പരിക്കേറ്റില്ല. എന്നാല്‍ തലപ്പൊക്കത്തു നിന്നും നിലത്തേക്കിട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ Xന്റെ ഗ്ലാസുകള്‍ ചെറുതായി പൊട്ടി. അപ്പോഴും ഐഫോണ്‍ Xs പരിക്കേല്‍ക്കാതെ പിടിച്ചു നിന്നു. അതേസമയം ഐഫോണ്‍ XS Maxന്റെ സ്‌ക്രീനില്‍ ചെറിയ പോറലുകള്‍ പ്രത്യക്ഷപ്പെട്ടു.
ഒടുവിലായി പത്ത് അടി മുകളില്‍ നിന്നുള്ള വീഴ്ച്ച. ഇത്തവണ ഐഫോണ്‍ എക്‌സ് കൂടുതല്‍ തകര്‍ന്നു(നേരത്തത്തെ വീഴ്ച്ചയില്‍ തന്നെ ചെറിയ പൊട്ടലുകളുണ്ടായിരുന്നു) എന്നാല്‍ അപ്പോഴും ഐഫോണ്‍ ഐഫോണ്‍ XSന് ഒരു കുഴപ്പവും പറ്റിയില്ല! അതേസമയം ഐഫോണ്‍ XS Maxന്റെ മുന്നിലെ ചില്ല് തകര്‍ന്നു. അപ്പോഴും ഫോണിന്റെ പ്രവര്‍ത്തനത്തിന് കുഴപ്പമുണ്ടായിരുന്നില്ല.
ആദ്യ വീഡിയോക്ക് ശേഷം മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും ഐഫോണുകളെ വെള്ളത്തിലിട്ട് വീണ്ടും ടെക്‌സ്മാര്‍ട്ട് വന്നു. വാട്ടര്‍ പ്രൂഫാണെന്ന് ആപ്പിളിന്റെ അവകാശവാദത്തെയാണ് ഇത്തവണ പരീക്ഷിച്ചത്. ഐഫോണ്‍ XS Max, ഐഫോണ്‍ XS മോഡലുകളായിരുന്നു ഉപയോഗിച്ചത്. അരമണിക്കൂര്‍ ഗ്ലാസ് ബൗളില്‍ ഇട്ടുവെച്ചെങ്കിലും ഐഫോണ്‍ XS Max ആ വെല്ലുവിളി അതിജീവിച്ചു. അതേസമയം 33 അടി താഴെ ഒരു മണിക്കൂര്‍ ഇട്ടപ്പോള്‍ ഫോണ്‍ തകരാറിലാവുകയും ചെയ്തു.
ഐഫോണ്‍ വെള്ളത്തിലിട്ടുള്ള പരീക്ഷണത്തിന്റെ വീഡിയോ കാണാം