വ്യാജന്‍മാരെ പൂട്ടാന്‍ ട്വിറ്റര്‍ ‘കടുത്ത പ്രയോഗത്തിന്’
വ്യാജന്‍മാരെ തിരഞ്ഞുകണ്ടുപിടിച്ച് അക്കൌണ്ട് നീക്കം ചെയ്യാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
സോഷ്യല്‍മീഡിയക്ക് എന്നും ഒരു തലവേദനയാണ് വ്യാജന്‍മാര്‍. സമ്പൂര്‍ണമായി വ്യാജന്‍മാരെ ഉന്മൂലനം ചെയ്യാന്‍ ടെക് ലോകത്തിന് കഴിയുമോയെന്നത് ചോദ്യചിഹ്നമാണെങ്കിലും ഇവരെ ഒതുക്കാന്‍ തന്നെയാണ് ട്വിറ്ററിന്‍റെ തീരുമാനം.
യു.എസിൽ നവംബറിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വ്യാജന്‍മാരെ പൂട്ടാന്‍ ട്വിറ്റര്‍ നടപടികള്‍ ശക്തമാക്കിയത്. വ്യാജന്‍മാരെ തിരഞ്ഞുകണ്ടുപിടിച്ച് അക്കൌണ്ട് നീക്കം ചെയ്യാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മറ്റുള്ളവരുടെ ഫോട്ടോകള്‍ ഉപയോഗിച്ച് അക്കൌണ്ടുണ്ടാക്കുന്നവരെയും പ്രൊഫൈല്‍ വിവരങ്ങള്‍ പകര്‍ത്തി വ്യാജ അക്കൌണ്ടിന് രൂപംകൊടുക്കുന്നവരെയും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രൊഫൈല്‍ വിവരങ്ങള്‍ ഉപയോഗിച്ച് പ്രചരണം നടത്തുന്നവരെയുമൊക്കെ ട്വിറ്റര്‍ കണ്ടെത്തും. ആഗസ്റ്റില്‍ ഒട്ടേറെ വ്യാജ അക്കൌണ്ടുകള്‍ നീക്കം ചെയ്തെന്നും ട്വിറ്റര്‍ പ്രതിനിധി അറിയിച്ചു. പാര്‍ട്ടികളുടേതെന്ന വ്യാജേന രാഷ്ട്രീയ, തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ ട്വീറ്റുകള്‍ പ്രചരിപ്പിക്കുന്നതിനും തടയിടുമെന്ന് ട്വിറ്റര്‍ അറിയിച്ചു.