പുതിയ ഉല്‍പന്നങ്ങളുമായി ആപ്പിള്‍; ഐപാഡ് പ്രോ, മാക്ക് മിനി വിപണിയില്‍  

Update: 2018-10-31 15:44 GMT
Advertising

വിപണി കീഴടക്കാന്‍ പുതിയ ഉല്‍പന്നങ്ങളുമായി ആപ്പിള്‍. ഒക്ടോബര്‍ 30 ന് നടന്ന ചടങ്ങിലാണ് പുതിയ ഉത്പന്നങ്ങള്‍ കമ്പനി പുറത്തിറക്കിയത്. കൂടുതല്‍ കനം കുറഞ്ഞതും ഭാരംകുറഞ്ഞതും ഒപ്പം കൂടുതല്‍ പ്രവര്‍ത്തന മികവുമുള്ളതുമായ പുതിയ മാക്ക് ബുക്ക് എയര്‍, രണ്ട് പുതിയ ഐപാഡ് പ്രോകള്‍ എന്നിവയാണ് ടെക് ഭീമന്‍ അവതരിപ്പിച്ചിട്ടുള്ളത്. ഒപ്പം പുതിയ ആപ്പിള്‍ പെന്‍സില്‍, മാക്ക് മിനി ഡെസ്‌ക് ടോപ്പ് എന്നിവയും ആപ്പിള്‍ പുറത്തിറക്കി. ടച്ച് ഐഡി, മികച്ച ബാറ്ററി ലൈഫ്, 16 ജിബി വരെ റാം ശേഷി എന്നിവയും മാക്ക്ബുക്ക് എയറിന്റെ സവിശേഷതകളാണ്.

ഐപാഡ് പ്രോ

ഫെയ്‌സ് ഐഡി, ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ എന്നിവയുള്‍പ്പെടുത്തി പുതിയ രൂപത്തിലാണ് ഐപാഡ് പ്രോ വിപണിയിലെത്തിക്കുന്നത്. എ12 ബയോണിക് ചിപ്പ്‌സെറ്റ്, എയ്റ്റ് കോര്‍ പ്രൊസസര്‍ എന്നിവയും ഐപാഡ് പ്രോയുടെ മുഖ്യ സവിശേഷതകളില്‍ ചിലതാണ്.

12.9 ഇഞ്ചിന്റേയും 11 ഇഞ്ചിന്റേയും രണ്ട് ഐപാഡ് പ്രോകളാണ് ആപ്പിള്‍ അവതരിപ്പിക്കുന്നത്. ഇതിന് യഥാക്രമം 999 ഡോളറും ( 73491 രൂപ ) 799 (58778 രൂപ) ഡോളറുമാണ് വില. നവംബര്‍ ഏഴിനാണ് ഇവ വില്‍പനയ്‌ക്കെത്തുന്നത്. 64 ജി.ബി, 256 ജി.ബി, 1 ടി.ബി സ്‌റ്റോറേജ് ഓപ്ഷനുകളും ഇതിനുണ്ട്.

ഐപാഡ് പ്രോ അണ്‍ലോക്ക് ചെയ്യാനും, ആപ്പുകളില്‍ ലോഗിന്‍ ചെയ്യാനും പേമെന്റ് നടത്താനും ഫെയ്‌സ് ഐഡി സംവിധാനം ഉപയോഗിക്കാം. ടൈപ് സി യുഎസ്ബി പോര്‍ട്ട് വഴി മറ്റ് ഉപകരണങ്ങളുമായുള്ള കണക്റ്റിവിറ്റിയും എളുപ്പമാവുന്നു. 12 മെഗാ പിക്‌സലിന്റെ ക്യാമറയില്‍ 4കെ വീഡിയോഗ്രഫി, ഡോക്യുമെന്റ് സ്‌കാന്‍, ഫോട്ടോഗ്രാഫി, എ.ആര്‍ ഉപയോഗങ്ങള്‍ എന്നിവ സാധ്യമാണ്.

ആപ്പിള്‍ പെന്‍സില്‍

ഉപഭോക്താവിന്റെ സ്പര്‍ശനം തിരിച്ചറിയാന്‍ ശേഷിയുള്ളതാണ് പുതിയ ആപ്പിള്‍ പെന്‍സില്‍. ബ്രഷുകള്‍ മാറ്റുന്നതിനും ഇറേസര്‍ മോഡിലേക്ക് കൊണ്ടുവരുന്നതിനും പെന്‍സിലില്‍ ഡബിള്‍ ടാപ്പ് ചെയ്താല്‍ മതി. കൈകളുടെ മര്‍ദം ഉപയോഗിച്ച് വരയുടെ കട്ടികൂട്ടാനും പെന്‍സില്‍ ചെരിച്ച് വെച്ച് ഷേഡിങ് ചെയ്യാനുമെല്ലാം സാധിക്കും. ഐപാഡ് പ്രോയോട് ചേര്‍ത്ത് വെച്ച് ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന മാഗ്‌നറ്റിക്കല്‍ പെയര്‍ ആന്റ് ചാര്‍ജ് സൗകര്യം ഇതിനുണ്ട്. ഡിസൈന്‍ ആവശ്യങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ് പുതിയ ആപ്പിള്‍ പെന്‍സില്‍.

മാക്ക് മിനി

ആപ്പിളില്‍ നിന്നുള്ള പുതിയ ഡെസ്‌ക് ടോപ്പ് ആണ് ആപ്പിള്‍ മാക്ക് മിനി. 799 ഡോളറാണ് (ഏകദേശം 58778 രൂപ ) ഇതിന് വില. പുതിയ ഇന്റല്‍ എട്ടാം തലമുറ പ്രൊസസര്‍, 64 ജിബി റാം, 2 ടിബി സ്‌റ്റോറേജ് ശേഷിയില്‍ കൂടുതല്‍ ശക്തിയേറിയ പ്രവര്‍ത്തന മികവുമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ തെര്‍മല്‍ കൂളിങ് സൗകര്യവും മാക്ക് മിനിയ്ക്കുണ്ട്. നവംബര്‍ ഏഴിന് തന്നെയാണ് മാക്ക് മിനിയും വിപണിയിലെത്തുന്നത്.

Tags:    

Similar News