ഫോൾഡബിൾ ഫോണുകളെ ലക്ഷ്യമിട്ട് ആൻഡ്രോയിഡ്
ഒരേ സമയം ഒന്നിൽ കൂടുതൽ ആപ്പുകൾ കെെകാര്യം ചെയ്യാൻ സഹായകമായ രീതിയിൽ വികസിപ്പിച്ചെടുത്ത ‘ആൻഡ്രോയിഡ് ക്യൂ’(Android Q)വുമായാണ് ഗൂഗിൾ എത്തിയിരിക്കുന്നത്
സാംസങിന്റെ പുതിയ പ്രഖ്യാപനത്തോടു കൂടി മടക്കി വെച്ച് ഉപയോഗിക്കാവുന്ന ഫോണുകളെ കുറച്ചുള്ള ചർച്ച സജീവമായിരിക്കുകയാണ്. അതിനിടെ, ഫോൾഡബിൾ സ്മാർട്ട്ഫോണുകളെ ലക്ഷ്യമിട്ടുള്ള പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി രംഗത്തു വന്നിരിക്കുകയാണ് ഗൂഗിൾ.
ഒരേ സമയം ഒന്നിൽ കൂടുതൽ ആപ്പുകൾ കെെകാര്യം ചെയ്യാൻ സഹായകമായ രീതിയിൽ വികസിപ്പിച്ചെടുത്ത ‘ആൻഡ്രോയിഡ് ക്യൂ’(Android Q)വുമായാണ് ഗൂഗിൾ എത്തിയിരിക്കുന്നത്. ഒരു ആപ്പ് തുറക്കുമ്പോൾ, മുമ്പ് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ആപ്പ് ഓട്ടോമാറ്റിക്കായി നിന്ന് പോകുന്ന തരത്തിലാണ് നിലവിലെ രീതി. ഇതിന് പരിഹാരമായുള്ള സജ്ജീകരണവുമായാണ് ആൻഡ്രോയിഡ് ക്യൂ എത്തിയിരിക്കുന്നത്.
നിലവിൽ ‘സ്ല്പ്ലിറ്റ് സ്ക്രീൻ’ ഓപ്ഷൻ വഴി സ്മാര്‍ട്ട്ഫോണുകളില്‍ രണ്ട് ആപ്പുകൾ തുറക്കാനുള്ള സൗകര്യം ഉണ്ടെങ്കിലും, ഒരേ സമയം രണ്ട് ആപ്പുകൾ പ്രവർത്തിക്കുന്ന ഓപ്ഷനുണ്ടായിരുന്നില്ല. എന്നാൽ ആൻഡ്രോയിഡ് ക്യൂ ഇതിന് അനുയോജ്യമാണെന്നാണ് ഗൂഗിളിന്റെ അവകാശവാദം. ഫോൾഡബിൾ ഫോണുകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെങ്കിലും, നോൺ-ഫോൾഡബിൾ ഫോണുകളിലും ഓ.എസ് ലഭ്യമാകുന്നതാണ്.
മടക്കി വെച്ച് ഉപയോഗിക്കാവുന്ന സ്മാർട്ട്ഫോൺ ഇറക്കുന്നതിനെ പറ്റി നേരത്തെ സാംസങ് വാർത്ത പുറത്തു വിട്ടിരിന്നു. ‘ഗാലക്സി എക്സ്’ എന്ന് പേരിട്ടിരിക്കുന്ന ഫോൺ, മടക്കി വെച്ച് ഒരേ സമയം മൾട്ടിപ്പിൾ ആപ്പുകൾ കെെകാര്യം ചെയ്യാവുന്ന തരത്തിലുള്ളതാണ്. ആൻഡ്രോയിഡിന്റെ പുതിയ ആപ്പ് ഇതിന് സഹായകമായിരിക്കും.