ഫ്ലിപ്പ്കാര്‍ട്ട് സ്ഥാപകന്‍ ബിന്നി ബന്‍സാല്‍ രാജിവെച്ചു
സ്വഭാവദൂഷ്യത്തിന് അന്വേഷണം നേരിട്ടതിന് പിന്നാലെയാണ് ബിന്നി ബിന്‍സാലിന്റെ രാജി.
ഇ കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്പ്കാര്‍ട്ടിന്റെ സ്ഥാപകരിലൊരാളായ ബിന്നി ബന്‍സാല്‍ രാജിവെച്ചു. സ്വഭാവദൂഷ്യത്തിന് അന്വേഷണം നേരിട്ടതിന് പിന്നാലെയാണ് ബിന്നി ബിന്‍സാലിന്റെ രാജി.
36കാരനായ ബിന്നി, സച്ചിന്‍ ബന്‍സാലുമായി ചേര്‍ന്ന് 2007ലാണ് ഫ്ലിപ്പ്കാര്‍ട്ട് സ്ഥാപിച്ചത്. ഈ വര്‍ഷം ആദ്യം ഫ്ലിപ്പ്കാര്‍ട്ട് അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ട് ഏറ്റെടുത്തിരുന്നു. കമ്പനി അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ബിന്നിയുടെ രാജിക്കാര്യം അറിയിച്ചത്.
ബിന്നിക്കെതിരായ ആരോപണത്തിന്‍റെ വിശദാംശങ്ങള്‍ കമ്പനി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ആരോപണങ്ങള്‍ ബിന്നി നിഷേധിച്ചിരുന്നു. അന്വേഷണം നടത്തിയ സമിതിക്കും ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കമ്പനി പറയുന്നത്. ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ രാജിവെക്കാനുള്ള ബിന്നിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് ബിന്നി അവകാശപ്പെട്ടു. താനും കുടുംബവും പ്രതിസന്ധി നിറഞ്ഞ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. സ്ഥാപനത്തില്‍ താന്‍ കാരണമുണ്ടായ അസ്വസ്ഥതയില്‍ ഖേദമുണ്ടെന്നും ബിന്നി വ്യക്തമാക്കി.
ഫ്ലിപ്പ്കാര്‍ട്ടിലെ ജീവനക്കാരി സ്ഥാപനം വിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിന്നിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2016ലാണ് കമ്പനിക്ക് പരാതി ലഭിച്ചത്. 2012ല്‍ ഇവര്‍ കമ്പനി വിട്ടിരുന്നു. പരാതിയുടെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല.
ഫ്ലിപ്പ്കാര്‍ട്ട് സി.ഇ.ഒ ആയി കല്യാണ്‍ കൃഷ്ണമൂര്‍ത്തി തുടരും. ഫ്ലിപ്പ്കാര്‍ട്ടിന് കീഴിലുള്ള മൈന്ത്ര, ജബോങ് എന്നീ സ്ഥാപനങ്ങളുടെ സി.ഇ.ഒ ആയി അനന്ത് നാരായണും തുടരും. ഫ്ലിപ്പ്കാര്‍ട്ട് വാള്‍മാര്‍ട്ട് ഏറ്റെടുത്തതിന് പിന്നാലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സഹസ്ഥാപകനായ സച്ചിന്‍ ബന്‍സാല്‍ പുറത്തു പോയിരുന്നു. ബിന്നിയും പുറത്ത് പോകുന്നതോടെ സ്ഥാപകര്‍ ഇല്ലാത്ത കമ്പനിയായി ഫ്ലിപ്പ്കാര്‍ട്ട് മാറി.
സി.ഇ.ഒ സ്ഥാനം രാജിവെച്ചെങ്കിലും കമ്പനിയുടെ കൂടുതല്‍ ഓഹരികള്‍ ബിന്നിയുടെ കൈവശമാണ്. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ അംഗമായി തുടരും.