നിരക്ക് കുത്തനെ വര്‍ധിപ്പിക്കാന്‍ വൊഡാഫോണ്‍- ഐഡിയയും എയര്‍ടെല്ലും; ഡിസംബര്‍ മുതല്‍ താരിഫുകള്‍ കൂടും

ജിയോയോട് മത്സരിക്കാന്‍ നിരക്കുകള്‍ കുത്തനെ വെട്ടിക്കുറച്ചെങ്കിലും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വോഡഫോണ്‍ - ഐഡിയയും എയര്‍ടെല്ലും നേരിടുന്നത്. 

Update: 2019-11-19 09:45 GMT
Advertising

റിലയന്‍സ് ജിയോ അവതരിപ്പിച്ചതു മുതല്‍ അടിതെറ്റി തുടങ്ങിയതാണ് ഇന്ത്യയിലെ മറ്റു ടെലികോം കമ്പനികള്‍ക്ക്. ദിവസങ്ങള്‍ കൊണ്ട് ലക്ഷക്കണക്കിന് ഉപഭോക്താക്കളെ സ്വന്തമാക്കി പ്രയാണം തുടങ്ങിയ ജിയോ ഇന്ന് മറ്റു ടെലികോം കമ്പനികള്‍ക്ക് മരണമണി മുഴക്കി കൊണ്ടിരിക്കുകയാണ്. ജിയോയോട് മത്സരിക്കാന്‍ നിരക്കുകള്‍ കുത്തനെ വെട്ടിക്കുറച്ചെങ്കിലും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വോഡഫോണ്‍ - ഐഡിയയും എയര്‍ടെല്ലും നേരിടുന്നത്. ഒടുവിലിതാ നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഈ കമ്പനികള്‍.

ഡിസംബര്‍ മുതല്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം. മൂന്നു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് നിരക്ക് വര്‍ധനയുണ്ടാകുന്നത്. എന്നാല്‍ ഇവര്‍ നിരക്ക് കൂട്ടിയാല്‍ ഇനിയും ജിയോയിലേക്ക് ഉപഭോക്താക്കള്‍ കൂടുമാറുമെന്ന വിലയിരുത്തലുകളുമുണ്ട്. വന്‍ സാമ്പത്തിക പ്രതിസന്ധിയും കനത്ത മത്സരവും മൂലം കടുത്ത പരീക്ഷണം നേരിടുന്ന ഈ മേഖലയിലെ കമ്പനികള്‍ക്ക് താങ്ങാവാന്‍ പക്ഷേ സര്‍ക്കാരും തയ്യാറല്ലെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ റീചാര്‍ജ് നിരക്കുകളില്‍ എത്രത്തോളം വര്‍ധനവുണ്ടാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. 30 മുതല്‍ 45 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിലവിലെ നിരക്കിന്റെ മൂന്നിരട്ടി വരെ വര്‍ധനവുണ്ടായേക്കും.

മൂന്ന് വർഷം മുമ്പ് ടെലികോം മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചു കൊണ്ട് കടന്നു വന്ന ജിയോ, വിപണിയിൽ കുതിച്ചുകയറുകയും നിരക്ക് യുദ്ധത്തിന് കാരണമാവുകയും ചെയ്തിരുന്നു. ഇതേസമയം, മറ്റു ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനവെന്ന പ്രഖ്യാപനത്തോട് ജിയോ പ്രതികരിച്ചിട്ടില്ല. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ടെലികോം മേഖലയുടെ നട്ടെല്ലാണ് മൂലധനം. അതിനാൽ തുടർച്ചയായ നിക്ഷേപം ആവശ്യമാണ്. അതുകൊണ്ട് തന്നെ ലാഭമുണ്ടാകേണ്ടത് അത്യാവശ്യമാണെന്നും എയര്‍ടെല്‍ പറയുന്നു. ഇതൊക്കെയാണെങ്കിലും നിരക്ക് വര്‍ധിപ്പിച്ചാല്‍ ഉപഭോക്താക്കള്‍ വീണ്ടും ജിയോയിലേക്ക് ഒഴുകുമെന്ന സൂചനകളുമുണ്ട്.

Tags:    

Similar News