വാഹനങ്ങളില്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാകാന്‍ പത്ത് ദിവസം കൂടി, എന്താണ് ഫാസ്റ്റ് ടാഗ്? എവിടെ നിന്നു ലഭിക്കും?
ഡിസംബര്‍ ഒന്നിനു ശേഷം ഫാസ്റ്റ് ടാഗ് ഇല്ലാതെ ടോള്‍ പിരിവു കേന്ദ്രങ്ങളിലെത്തുന്ന വാഹനങ്ങള്‍ ഫാസ്റ്റ് ടാഗ് ഗേറ്റിലൂടെ പ്രവേശിച്ചാല്‍ ഇരട്ടി പിഴ...
ഡിസംബര്‍ ഒന്ന് മുതല്‍ രാജ്യത്തെ വാഹനങ്ങളില്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്ക്കരി അറിയിച്ചിരിക്കുന്നത്. അടുത്തമാസം മുതല്‍ ഫാസ്റ്റ് ടാഗ് ഇല്ലാതെ ടോള്‍ പിരിവു കേന്ദ്രങ്ങളിലെത്തുന്ന വാഹനങ്ങള്‍ ഫാസ്റ്റ് ടാഗ് ഗേറ്റിലൂടെ പ്രവേശിച്ചാല്‍ ഇരട്ടി തുക പിഴയായി നല്‍കേണ്ടി വരും. ടോള്‍ കേന്ദ്രങ്ങളില്‍ ഒരു ഗേറ്റിലൂടെ മാത്രമേ ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ കടത്തി വിടൂ.
എന്താണ് ഫാസ്റ്റ് ടാഗ്?
ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ച് ടോള്‍ പിരിക്കുന്ന സംവിധാനമാണ് ഫാസ്റ്റ് ടാഗ്. വാഹനം നിര്‍ത്താതെ തന്നെ ടോള്‍ അടച്ച് കടന്നുപോകാമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന ഗുണം. ഫാസ്റ്റ് ടാഗ് വരുന്നതോടെ ടോള്‍ പിരിവുകേന്ദ്രങ്ങളിലെ നീണ്ട വരി ഇല്ലാതാകുമെന്നാണ് പ്രതീക്ഷ.
നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(NPCI) ആണ് ഫാസ്റ്റ് ടാഗുകള്‍ രാജ്യത്ത് നിര്‍മ്മിച്ചത്. വാഹനങ്ങളുടെ മുന്നിലെ ചില്ലിലാണ് ഫാസ്റ്റ് ടാഗ് സ്റ്റിക്കര്‍ ഒട്ടിക്കേണ്ടത്. ഫാസ്റ്റ് ടാഗുമായി ബന്ധപ്പെടുത്തിയിട്ടുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ടാണ് പണം ഈടാക്കുക. അതുകൊണ്ട് ടോള്‍ അടക്കാനായി അക്കൗണ്ടില്‍ പണമുണ്ടെന്ന് വാഹനവുമായി പോകുന്നവര്‍ ഉറപ്പുവരുത്തിയാല്‍ മാത്രം മതി.
ഫാസ്റ്റ് ടാഗ് എവിടെ നിന്നു ലഭിക്കും?
ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ ഫാസ്റ്റ് ടാഗുകള്‍ ലഭ്യമാണ്. ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന ഫാസ്റ്റ് ടാഗുകള്‍ ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്. അതിനായി മൈ ഫാസ്റ്റ് ടാഗ് എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കണം.
വാഹനത്തിന്റെ വിവരങ്ങള്‍ക്കൊപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇതിന്റെ ഭാഗമായി നല്‍കണം. വാഹനത്തിന്റെ ആര്‍.സി ബുക്കിന്റെ ഇരുവശത്തേയും ചിത്രങ്ങള്‍ എടുത്തിട്ടാല്‍ പേടിഎമ്മും ഫാസ്റ്റ് ടാഗുകള്‍ നല്‍കുന്നുണ്ട്.
ഓഫ്‌ലൈനായി ഫാസ്റ്റ് ടാഗുകള്‍ വേണമെന്നുള്ളവര്‍ക്ക് രാജ്യത്തെ 23 ബാങ്കുകളുടെ ബ്രാഞ്ചുകളെ സമീപിക്കാവുന്നതാണ്. ബാങ്കുകളുടെ പട്ടിക ഈ ലിങ്കിലുണ്ട് npci.org.in/netc-live-members. ദേശീയ പാതകളിലെ പല ടോള്‍ പിരിവു കേന്ദ്രങ്ങളുടെ സമീപത്തു നിന്നും ഫാസ്റ്റ് ടാഗുകള്‍ ലഭ്യമാണ്.