പി.എസ്.എല്‍.വി റോക്കറ്റ് ശ്രേണിയിലെ അന്‍പതാമത് വിക്ഷേപണം ഇന്ന്
ഭൌമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബി ആറിനെയും വഹിച്ചാണ് പി.എസ്.എല്‍.വി - സി 48 റോക്കറ്റിന്റെ യാത്ര
ഇന്ത്യയുടെ അഭിമാനമായി മാറിയ പി.എസ്.എല്‍.വി റോക്കറ്റ് ശ്രേണിയിലെ അന്‍പതാമത് വിക്ഷേപണം ഇന്ന് നടക്കും. ഭൌമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബി ആറിനെയും വഹിച്ചാണ് പി.എസ്.എല്‍.വി - സി 48 റോക്കറ്റിന്റെ യാത്ര. കൌണ്ട് ഡൌണ്‍ പുരോഗമിക്കുന്നു.
ഇന്ത്യന്‍ ബഹിരാകാശ സ്വപ്നങ്ങളെ വാനോളം ഉയര്‍ത്തിതാണ് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ എന്ന പി.എസ്.എല്‍.വി റോക്കറ്റ് . ഐഎസ്ആര്‍ഒയുടെ മൂന്നാം തലമുറ വിക്ഷേപണ വാഹനം. ചന്ദ്രയാന്‍ 1, മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ തുടങ്ങി ഇന്ത്യയുടെ നിരവധി അഭിമാന പദ്ധതികളെ ഭൂമിയുടെ ശക്തമായ ഗുരുത്വാകര്‍ഷണം മറികടന്ന് വിജയിപ്പിച്ചു. ആ ശ്രണിയിലെ അന്‍പതാമത് വിക്ഷേപണമാണ് നടക്കാന്‍ പോകുന്നത്. 628 കിലോഗ്രാം ഭാരം വരുന്ന റഡാര്‍ ഇമേജിങ് നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് 2- ബിആറിനെയും വഹിച്ചാണ് യാത്ര. കൂടെ അമേരിക്ക, ഇസ്രായേല്‍, ഇറ്റലി ,ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒന്‍പത് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും വൈകിട്ട് 3.25നാണ് വിക്ഷേപണം. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 75മത് വിക്ഷേപണം കൂടിയാണ് നടക്കുന്നത്. 16 മിനിറ്റിനുള്ളില്‍ റിസാറ്റ് 2- ബിആര്‍ വണിനെ റോക്കറ്റ് ലക്ഷ്യസ്ഥാനത്തെത്തിക്കും.
തുടര്‍ന്ന് മറ്റ് ഒന്‍പത് വിദേശ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിക്കും.21 മിനിറ്റിനുള്ളില്‍ വിക്ഷേപണ ദൌത്യം അവസാനിക്കുമെന്നാണ് ഇസ്രോയുടെ കണക്ക്കൂട്ടല്‍. 1993ലാണ് പി.എസ്.എല്‍.വി റോക്കറ്റിന്റെ ആദ്യ വിക്ഷേപണം. ഇതുവരെയുള്ള ദൌത്യങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് പരാജയപ്പെട്ടത്.