മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്ക് ഇനി വേഗത്തില്‍
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഇനിമുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ ചെയ്യാന്‍ ട്രായ് നിര്‍ദേശം. പോര്‍ട്ടബിലിറ്റി സംവിധാനത്തില്‍ ട്രായ് വരുത്തിയ പ്രധാന മാറ്റങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം...
മൊബൈല്‍ സേവന ദാതാക്കളെ നമ്പര്‍ മാറ്റാതെ മാറാനായി ഉപഭോക്താക്കളെ സഹായിക്കുന്ന പോര്‍ട്ടബിലിറ്റി സംവിധാനത്തിന് പുതിയ നിര്‍ദേശങ്ങളുമായി ട്രായ്. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി കൂടുതല്‍ വേഗത്തിലാക്കുന്ന നിര്‍ദേശങ്ങളാണ് ടെലിക്കോം അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ന് മുതലാണ്(ഡിസംബര്‍ 16) മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയില്‍ ട്രായ് വരുത്തിയ മാറ്റങ്ങള്‍ നിലവില്‍ വരിക.
ട്രായ് വരുത്തിയ മാറ്റങ്ങളില്‍ ഏറ്റവും പ്രധാനം മൂന്ന് മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ മൊബൈല്‍ സേവനദാതാക്കളെ ഉപഭോക്താക്കള്‍ക്ക് മാറ്റാന്‍ സാധിക്കണമെന്നതാണ്. ഇതുവരെ 15 ദിവസമായിരുന്ന കാലപരിധിയാണ് അഞ്ച് ദിവസത്തിലേക്ക് ചുരുങ്ങുന്നത്. ഇത് ഉപഭോക്താക്കള്‍ക്ക് ഏറെ സഹായകരവുമാണ്.
ഒരേ സര്‍ക്കിളിലേയോ എല്‍.എസ്.എ(ലൈസന്‍സ്ഡ് സര്‍വീസ് ഏരിയ)യിലേയോ മൊബൈല്‍ സേവന ദാതാക്കളിലേക്കാണ് മാറുന്നതെങ്കിലാണ് ഈകാലപരിധി. ഇനി മറ്റൊരു സര്‍ക്കിളിലേക്കാണ് പോര്‍ട്ട് ചെയ്യുന്നതെങ്കില്‍ അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍ വരെ എടുക്കാം. എന്നാല്‍ അസമിലും കശ്മീരിലും ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പോര്‍ട്ടബിലിറ്റിക്ക് 15 പ്രവര്‍ത്തിദിനങ്ങള്‍ തന്നെ എടുക്കും.
എങ്ങനെ പോര്‍ട്ട് ചെയ്യാം?
* മൊബൈല്‍ നമ്പര്‍ പോര്‍ട്ടു ചെയ്യുന്നതിന് ആദ്യം യു.പി.സി അഥവാ യൂണിക് പോര്‍ട്ടിംങ് കോഡ് ലഭിക്കണം.
* PORT എന്ന് ടൈപ്പ് ചെയ്ത ശേഷം സ്‌പേസ് ഇട്ട് പത്ത് അക്ക മൊബൈല്‍ നമ്പര്‍ 1900 എന്ന നമ്പറിലേക്ക് അയച്ചുകൊടുക്കണം.
* ശേഷം ഉപഭോക്താക്കള്‍ക്ക് UPC എസ്.എം.എസായി ലഭിക്കും. നാല് ദിവസത്തേക്കായിരിക്കും ഈ കോഡിന് കാലാവധി ഉണ്ടാവുക. അതേസമയം കശ്മീര്‍, അസം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഈ കാലാവധി 15 ദിവസമായിരിക്കും.
* UPC ലഭിച്ചാല്‍ ഏത് മൊബൈല്‍ സര്‍വീസിലേക്കാണോ സന്ദേശം മാറ്റേണ്ടത് അവരുടെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടുക.
* CAF(Customer Acquisition Form)ഉം പോര്‍ട്ടിംങ് ഫോമും പൂരിപ്പിച്ച ശേഷം KYC രേഖകള്‍ കൂടി കൈമാറിയി ആവശ്യമായ റീചാര്‍ജ്ജുകള്‍ ആരംഭിക്കാവുന്നതാണ്.
* രേഖകള്‍ സമര്‍പിച്ചാല്‍ പുതിയ സിം കാര്‍ഡ് ലഭിക്കും. വൈകാതെ പോര്‍ട്ടിംങ് അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ അതിന്റെ സന്ദേശവും ലഭിക്കും. ഈ സന്ദേശത്തില്‍ പോര്‍ട്ടിംങിന്റെ ദിവസവും സമയവും അടക്കം രേഖപ്പെടുത്തിയിരിക്കും.
ये à¤à¥€ पà¥�ें- മൊബൈല്‍ നിരക്കുകള്‍ ഇനിയും ഉയര്‍ന്നേക്കും
ഓരോ തവണ പോര്‍ട്ട് ചെയ്യാനും ട്രായ് 6.46 രൂപയാണ് ഈടാക്കുക. പോര്‍ട്ട് ചെയ്യുന്ന ദിവസം രാത്രി നാല് മണിക്കൂറോളം സര്‍വീസ് തടസപ്പെടുമെന്നും ട്രായ് വ്യക്തമാക്കുന്നു.
പോര്‍ട്ട് ചെയ്ത ശേഷം റദ്ദാക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. അതിനായി CANCEL എന്ന് ടൈപ്പ് ചെയ്ത് സ്‌പേസ് ഇട്ട് ശേഷം മൊബൈല്‍ നമ്പറും അടിച്ച് 1900 എന്ന നമ്പറിലേക്ക് അയച്ചാല്‍ മതി. പോര്‍ട്ടിംങിന് അപേക്ഷ നല്‍കി 24 മണിക്കൂര്‍ മാത്രമേ റദ്ദാക്കാന്‍ അവസരമുണ്ടാകൂ എന്ന് പ്രത്യേകം ഓര്‍ക്കുക.