മറഞ്ഞിരിക്കുന്ന ക്യാമറയുമായി വണ്‍പ്ലസ്

ബ്രിട്ടീഷ് വാഹനനിര്‍മ്മാതാക്കളായ മക്‌ലാരനുമായി ചേര്‍ന്നാണ് വണ്‍പ്ലസ് ഈ മറഞ്ഞിരിക്കുന്ന ക്യാമറകള്‍ നിര്‍മ്മിക്കുന്നത്.

Update: 2020-01-03 13:03 GMT
Advertising

വണ്‍പ്ലസിന്റെ കണ്‍സെപ്റ്റ് വണ്‍ സ്മാര്‍ട്ട്‌ഫോണിന്റെ ക്യാമറകള്‍ ഒറ്റനോട്ടത്തില്‍ കാണാനാവാത്തവയായിരിക്കുമെന്ന് വെളിപ്പെടുത്തല്‍. മറഞ്ഞിരിക്കുന്ന ക്യാമറക്കൊപ്പം കളര്‍ ഷിഫ്റ്റിംങ് ഗ്ലാസ് സാങ്കേതികവിദ്യയും പുതിയ ഫോണിലുണ്ടാകുമെന്നും വണ്‍ പ്ലസ് ട്വീറ്റ് ചെയ്തു. ലാസ് വേഗാസില്‍ ജനുവരി ഏഴ് മുതല്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലായിരിക്കും ഈ ആശയം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വണ്‍പ്ലസ് വെളിപ്പെടുത്തുക.

ബ്രിട്ടീഷ് വാഹനനിര്‍മ്മാതാക്കളായ മക്‌ലാരനുമായി ചേര്‍ന്നാണ് വണ്‍പ്ലസ് ഈ മറഞ്ഞിരിക്കുന്ന ക്യാമറകള്‍ നിര്‍മ്മിക്കുന്നത്. മക്‌ലാരന്റെ ഇലക്ട്രോക്രോമിക് ഗ്ലാസ് സാങ്കേതികവിദ്യയാണ് ഈ സ്മാര്‍ട്ട്‌ഫോണുകളിലെ ക്യാമറകളിലുണ്ടാവുക. പിന്‍ ക്യാമറകളുടെ ലെന്‍സുകള്‍ ക്യാമറ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ മാത്രമേ കാണാനാവൂ എന്നതാണ് പ്രത്യേകത. അല്ലാത്ത സമയത്ത് അവിടെ ക്യാമറ ഇലക്ട്രോക്രോമിക് ഗ്ലാസുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കും.

സ്മാര്‍ട്ട് ഗ്ലാസ് എന്നും ഇലക്ട്രോക്രോമിക് ഗ്ലാസുകള്‍ക്ക് പേരുണ്ട്. വിമാനങ്ങളുടെ ജനാലകളിലും ചില കാറുകളുടെ സണ്‍റൂഫിലും ഈ ചില്ലുകളാണ് ഉപയോഗിക്കുന്നത്. മക്‌ലാരന്റെ 720s കാറുകളില്‍ ഈ സ്മാര്‍ട്ട് ഗ്ലാസുകളാണ് സണ്‍റൂഫില്‍ ഉപയോഗിച്ചിരിക്കുന്നത്.

നേരത്തെ വണ്‍പ്ലസ് 6ടി, വണ്‍പ്ലസ് 7ടി പ്രൊ മോഡലുകളുടെ നിര്‍മ്മാണത്തിലും മക്‌ലാരനുമായി സഹകരിച്ചിരുന്നു. വണ്‍പ്ലസ് 7ടി പ്രൊ മോഡലിന്റെ ക്യാമറ സ്‌പെസിഫിക്കേഷനായിരിക്കും വണ്‍പ്ലസ് കണ്‍സെപ്റ്റ് വണ്‍ ഫോണുകളിലുമുണ്ടാവുക.

എന്നാല്‍, ഈ ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ വണ്‍പ്ലസിന് പദ്ധതിയില്ല. കണ്‍സെപ്റ്റ് വണ്‍ എന്നത് പരീക്ഷണപതിപ്പാണെന്ന് വണ്‍പ്ലസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കണ്‍സെപ്റ്റ് വണ്‍ എന്ന മാതൃക വിജയിച്ചാല്‍ വണ്‍പ്ലസ് തീര്‍ച്ചയായും മറഞ്ഞിരിക്കുന്ന കാമറകള്‍ പുത്തന്‍ മോഡലുകളില്‍ അവതരിപ്പിക്കുമെന്നുറപ്പിക്കാം.

Tags:    

Similar News