ട്വിറ്ററിനേക്കാള്‍ ലാഭം നേടിയ ആപ്പിള്‍ ഉത്പന്നം
ഐപോഡുകള്‍ക്ക് ശേഷം ആപ്പിളിന്റെ ഏറ്റവും വിജയിച്ച ഉത്പന്നമായി മാറിക്കൊണ്ടിരിക്കുകയാണ് എയര്‍പോഡ്...
ആപ്പിളിന്റെ എക്കാലത്തേയും വിജയിച്ച ഉത്പന്നങ്ങളുടെ പട്ടികയില്‍ കുതിക്കുകയാണ് എയര്‍പോഡ്. ആപ്പിള്‍ വാച്ചും എയര്‍പോഡും ഉള്‍പ്പെടുന്ന ആപ്പിളിന്റെ വെയറബിള്‍ ഉത്പന്നങ്ങളുടെ ആകെ കച്ചവടം കണക്കാക്കുകയാണ് സാങ്കേതിക വിദഗ്ധര്‍. സി.എന്‍.ബി.സി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം എയര്‍പോഡുകളുടെ അവസാന പാദവാര്‍ഷികത്തിലെ വരവ് 10 ബില്യണ്‍ ഡോളര്‍ കവിയും.
എയര്‍പോഡുകളുടേയും ആപ്പിള്‍ വാച്ചുകളുടേയും പാദവാര്‍ഷികത്തിലെ ഒന്നിച്ചുള്ള വരുമാനം 27 ബില്യണ്‍ ഡോളറാകുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. തങ്ങള്‍ വിറ്റ ഓരോ ഉത്പന്നങ്ങളുടേയും യഥാര്‍ഥ എണ്ണം പുറത്തുവിടുന്ന രീതി ആപ്പിളിനില്ല. അതുകൊണ്ടുതന്നെ ഒരു പരിധി വരെ ഊഹക്കണക്കാണ് പുറത്തുവരുന്നത്. അപ്പോഴും 4 ബില്യണ്‍ ഡോളര്‍ വരുമാനം കണക്കാക്കുന്ന ട്വിറ്ററിനേക്കാള്‍ ഏഴിരട്ടിയോളം വരുമാനം ആപ്പിളിന്റെ വാച്ചും എയര്‍പോഡും ചേര്‍ന്ന് നേടിയെന്നാണ് കണക്കാക്കുന്നത്. ഈ മാസം അവസാനത്തോടെ തങ്ങളുടെ പാദവാര്‍ഷിക ഫലം ആപ്പിള്‍ തന്നെ പുറത്തുവിടുന്നതോടെ കൂടുതല്‍ ചിത്രം വ്യക്തമാകും.
2007ല്‍ ആപ്പിളിന് ആഗോളതലത്തില്‍ ആരാധകരുണ്ടാക്കിയ ഉത്പന്നങ്ങളിലൊന്നായ ഐപോഡ് ഒരു പാദവാര്‍ഷികത്തില്‍ നാല് ബില്യണ്‍ ഡോളറിന്റെ വരവ് രേഖപ്പെടുത്തിയിരുന്നു. ഐപോഡിനെ കവച്ചുവെക്കുന്ന പ്രകടനമായിരിക്കും എയര്‍പോഡ് നടത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഉത്പന്നങ്ങളിലൊന്നായി ഇപ്പോള്‍ തന്നെ എയര്‍പോഡുകള്‍ മാറി കഴിഞ്ഞു.
എയര്‍പോഡും എയര്‍പോഡ് പ്രോയുമാണ് ആപ്പിള്‍ പുറത്തിറക്കുന്നത്. അതില്‍ നോയിസ് ക്യാന്‍സലേഷന്‍ അടക്കമുള്ള എയര്‍പോഡ് പ്രോക്ക് 24990 രൂപയാണ് വിലവരുന്നത്. സാധാരണ എയര്‍പോഡില്‍ വയര്‍ലെസ് ചാര്‍ജറുള്ളവക്ക് 18990 രൂപയും സാധാരണ ചാര്‍ജ്ജറുകള്‍ ഉപയോഗിക്കുന്നവക്ക് 14990 രൂപയുമാണ് വില. അഞ്ച് കോടിയോളം പേര്‍ ആപ്പിളിന്റെ എയര്‍പോഡുകള്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.