മനുഷ്യന് മുമ്പേ റോബോട്ട് മനുഷ്യനെ ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കും
വ്യോംമിത്ര എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് മനുഷ്യനെ ഈ വര്‍ഷം ഡിസംബറോടെയാണ് ബഹിരാകാശത്തേക്ക് അയക്കുക...
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഐ.എസ്.ആര്‍.ഒ പദ്ധതിയായ ഗഗന്‍യാന്റെ ഭാഗമായി റോബോട്ട് മനുഷ്യനെ ആദ്യം ബഹിരാകാശത്തേക്ക് അയക്കും. ഹ്യൂമനോയിഡ് വ്യോംമിത്രയെ(ബഹിരാകാശത്തെ സുഹൃത്ത്) ആയിരിക്കും ഐ.എസ്.ആര്‍.ഒ പരീക്ഷണത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് എത്തിക്കുക. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംങ് ട്വീറ്റ് ചെയ്തു.
ഭൂമിക്ക് ചുറ്റും കറങ്ങുന്ന ബഹിരാകാശ നിലയത്തിലേക്ക് മനുഷ്യരെ എത്തിക്കുകയാണ് ഐ.എസ്.ആര്‍.ഒയുടെ ഗഗന്‍യാന്‍ ദൗത്യം കൊണ്ട് ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായാണ് മനുഷ്യനെ പല കാര്യങ്ങളിലും അനുകരിക്കാന്‍ ശേഷിയുള്ള റോബോട്ട് മനുഷ്യനായ വ്യോംമിത്രയെ അയക്കുന്നത്. ഭൂമിയില്‍ നിന്നുള്ള നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാനും വ്യോംമിത്രക്കാകും.
നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന വ്യോം മിത്രയെ തിരുവനന്തപുരത്തെ വി.എസ്.എസ്.സിയിലാണ് നിര്‍മ്മിച്ചത്. ഈവര്‍ഷം ഡിസംബറിലും അടുത്ത വര്‍ഷം ജൂലൈയിലും വ്യോംമിത്രയെ ബഹിരാകാശത്തേക്ക് അയക്കാനാണ് പദ്ധതി. തലയും രണ്ട് കൈകളുമുള്ള വ്യോംമിത്രക്ക് സ്ത്രീയുടെ മുഖമാണ് നല്‍കിയിരിക്കുന്നത്.
60 വ്യോമസേന പൈലറ്റുമാരില്‍ നിന്നും തെരഞ്ഞെടുത്ത നാലുപേരാണ് ഗഗന്‍യാന്റെ ഭാഗമായി ബഹിരാകാശത്തേക്ക് എത്തുക. ഇവര്‍ക്കുവേണ്ട 11 മാസത്തെ പരിശീലനം വൈകാതെ റഷ്യയില്‍ ആരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ ആരെല്ലാമാണെന്ന് ഇതുവരെ ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിട്ടില്ല.