1999 രൂപക്ക് അടിപൊളി ബാന്‍ഡുമായി വാവെയ്
ഓട്ടം, നടത്തം, നീന്തല്‍, തുഴച്ചില്‍ തുടങ്ങി ഒമ്പത് തരം വ്യായാമങ്ങള്‍ രേഖപ്പെടുത്താന്‍ വാവെയ് ബാന്‍ഡ് 4നാകും...
ഏറെകാലത്തെ കാത്തിരിപ്പിനുശേഷം വാവെയ് അവരുടെ ബാന്‍ഡ് 4 ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ചൈനയില്‍ പുറത്തിറക്കിയ ബാന്‍ഡാണ് മൂന്ന് മാസത്തെ ഇടവേളയില്‍ ഇന്ത്യയിലേക്ക് വരുന്നത്. ഹോണര്‍ ബാന്‍ഡ് 5ഐയുമായി നിരവധി കാര്യങ്ങളില്‍ സാമ്യത പുലര്‍ത്തുന്നുണ്ട് വാവെയുടെ ബാന്‍ഡ് 4.
അപ്പോളോ 3 മൈക്രോ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന വാവെയ് ബാന്‍ഡ് 4ല്‍ 0.96ഇഞ്ച് 80*160 റെസല്യൂഷനുള്ള പിക്‌സല്‍ ഡിസ്‌പ്ലേയാണുള്ളത്. ഓട്ടം, നടത്തം, നീന്തല്‍, തുഴച്ചില്‍ തുടങ്ങി ഒമ്പത് തരം വ്യായാമങ്ങള്‍ രേഖപ്പെടുത്താന്‍ വാവെയ് ബാന്‍ഡ് 4നാകും.
24 മണിക്കൂറും തുടര്‍ച്ചയായി ഹൃദയമിടിപ്പ് രേഖപ്പെടുക്കാന്‍ കഴിയുന്ന വാവെയ് ബാന്‍ഡ് 4ല്‍ ആറ് തരത്തിലുള്ള ഉറക്കത്തിലെ വ്യതിയാനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും സാധിക്കും.
ഈമാസം ആദ്യം ഇന്ത്യയില്‍ അവതരിപ്പിച്ച ഹോണര്‍ ബാന്‍ഡ് 5ഐയിലേതുപോലെ നേരിട്ട് ചാര്‍ജ്ജ് ചെയ്യാനാകുമെന്നത് വാവെയ് ബാന്‍ഡ് 4ന്റെ ഗുണമാണ്. ഇത് എക്‌സ്ട്രാ കേബിളുകളും ചാര്‍ജിംങ് ഹബുമൊന്നും ആവശ്യമില്ലാതാക്കുന്നു.
91എം.എ.എച്ച് ബാറ്ററിയുള്ള ബാന്‍ഡ് 4ല്‍ ഒമ്പത് ദിവസത്തോളം ഒറ്റ ചാര്‍ജില്‍ പ്രവര്‍ത്തിക്കാനാകുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. ആന്‍ഡ്രോയിഡ് 4.4നും ഐ.ഒ.എസ് 9.0ക്കും അതിന് മുകളിലുമുള്ള വെര്‍ഷനുകളില്‍ ഈ ബാന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളുമായി ബന്ധിപ്പിക്കാനാകും. 24 ഗ്രാമാണ് വാവെയ് ബാന്‍ഡ് 4ന്റെ ഭാരം.
ഗ്രാഫൈറ്റ് ബ്ലാക്ക് നിറത്തിലായിരിക്കും വാവെയ് ബാന്‍ഡ് 4 ലഭ്യമാവുക. 1999 രൂപയാണ് വിലയെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും വാവെയ് ബാന്‍ഡ് 4 എന്ന് മുതല്‍ വാങ്ങാനാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം ഫ്ളിപ്കാര്‍ട്ടില്‍ നോട്ടിഫൈ മി ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്.