റെയിൽവേ സ്‌റ്റേഷനിലെ സൗജന്യ വൈഫൈ; ഗൂഗിൾ പിന്മാറുന്നു, സേവനം തടസ്സപ്പെടില്ല
അഞ്ചുവർഷം മുമ്പാണ് ഗൂഗിളും റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റെയിൽടെല്ലും കൈകോർത്ത് വൈഫൈ വഴി സൗജന്യ ഇന്റർനെറ്റ് വിതരണം ആരംഭിച്ചത്.
റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ സൗജന്യ ഇന്റർനെറ്റ് നൽകുന്ന സേവനത്തിൽ നിന്ന് ടെക്‌നോളജി ഭീമനായ ഗൂഗിൾ പിന്മാറുന്നു. റെയിൽടെല്ലുമായി സഹകരിച്ചുകൊണ്ടുള്ള 'സ്റ്റേഷൻ' പദ്ധതിയിലൂടെ ഇന്ത്യയിലെ 415 റെയിൽവേ സ്റ്റേഷനുകളിലാണ് ഗൂഗിൾ വൈഫൈ വഴി സൗജന്യ അതിവേഗ ഇന്റർനെറ്റ് നൽകിയിരുന്നത്. ഇന്റർനെറ്റ് കുറഞ്ഞ ചെലവിൽ വ്യാപകമായി ലഭ്യമാകുന്നതിനാലാണ് പദ്ധതിയിൽ നിന്ന് പിന്മാറുന്നതെന്നും മറ്റുരാജ്യങ്ങളിലും സമാനമായ പദ്ധതികളിൽ നിന്ന് പിന്മാറുന്നതായും ഗൂഗിൾ വ്യക്തമാക്കി. അതേസമയം, ഗൂഗിളിന്റെ പിന്മാറ്റം ഉപഭോക്താക്കളെ ബാധിക്കില്ലെന്നും സൗജന്യ ഇന്റർനെറ്റ് ലഭ്യത തുടരുമെന്നും റെയിൽടെൽ അറിയിച്ചു.
അഞ്ചുവർഷം മുമ്പാണ് ഗൂഗിളും റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റെയിൽടെല്ലും കൈകോർത്ത് വൈഫൈ വഴി സൗജന്യ ഇന്റർനെറ്റ് വിതരണം ആരംഭിച്ചത്. എ 1, എ, സി കാറ്റഗറികളിലുള്ള 415 സ്റ്റേഷനുകളിൽ ഇവർ വൈഫൈ ലഭ്യമാക്കി. അടിസ്ഥാന സൗകര്യങ്ങളും ഐ.എസ്.പി കണക്ഷനുകളും റെയിൽടെൽ ഒരുക്കിയപ്പഓൾ സാങ്കേതിക സഹായവും റേഡിയോ ആക്‌സസ് നെറ്റ് വർക്കും (റാൻ) ഗൂഗിൾ ആണ് നൽകിയത്. മറ്റ് സേവനദാതാക്കളുമായി സഹകരിച്ച് 5190 ബി, സി, ഡി സ്‌റ്റേഷനുകളിൽ റെയിൽടെൽ വൈഫൈ നൽകുന്നുണ്ട്.
ഗൂഗിളിന്റെ പിന്മാറ്റം ഉപഭോക്താക്കളെ ബാധിക്കില്ലെന്നും സൗജന്യ വൈഫൈ തുടരുമെന്നും റെയിൽടെൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യമെങ്ങും 5600-ലധികം സ്റ്റേഷനുകളിൽ റെയിൽടെൽ ഇന്റർനെറ്റ് ലഭ്യമാക്കുന്നുണ്ടെന്നും കൂടുതൽ സ്റ്റേഷനുകളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നും റെയിൽടെൽ പ്രസ്താവനയിൽ അറിയിച്ചു.