ആഗോള 5ജി ഫോണ്‍ വിപണിയില്‍ 46%വും ചൈനക്ക് സ്വന്തം
അതേസമയം കൊറോണ(കോവിഡ് 19) വൈറസ് ബാധയെ തുടര്‍ന്ന് ചൈനീസ് വിപണിയിലുണ്ടായ മാന്ദ്യം ആഗോളതലത്തില്‍ ബാധിച്ചു തുടങ്ങിയിട്ടുണ്ട്...
2019-20 സാമ്പത്തിക വര്‍ഷത്തിലെ 5ജി സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പനയില്‍ ചൈനീസ് കമ്പനികള്‍ക്ക് മേല്‍ക്കൈ. ഇക്കാലയളവില്‍ ആകെ വിറ്റ 5ജി ഫോണുകളില്‍ 46 ശതമാനവും ചൈനീസ് കമ്പനികളുടേതാണ്. അതേസമയം, ആഗോള 5ജി വിപണിയില്‍ 40ശതമാനം നേടിക്കൊണ്ട് സാംസങാണ് ഏറ്റവും വലിയ കമ്പനിയായതെന്ന് സ്മാര്‍ട്ട്‌ഫോണ്‍ വിശകലന വിദഗ്ധരായ കൗണ്ടര്‍ പോയിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ചൈനയില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ എട്ട് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ കാലയളവില്‍ ആഗോള തലത്തില്‍ മൂന്ന് ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒട്ടുമിക്ക ഫോണ്‍ കമ്പനികളും വില്‍പനയില്‍ ഇടിവ് രേഖപ്പെടുത്തി. വാവെയും ഹോണറും മാത്രമാണ് ചൈനയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നേട്ടം കൊയ്തവര്‍. അമേരിക്കയുടെ ചൈനീസ് ഉപരോധം ഈ കമ്പനികള്‍ക്ക് ചൈനീസ് വിപണിയില്‍ മേധാവിത്വം ലഭിക്കാന്‍ സഹായിക്കുകയായിരുന്നു.
ചൈനയിലെ 5ജി സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പനയില്‍ 74 ശതമാനവും വാവെയ് സ്വന്തമാക്കി. എന്നാല്‍, ചൈനയിലെ കൊറോണ (കോവിഡ് 19) വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിക്ക് സാധ്യതയുള്ള കമ്പനിയും വാവെയ് ആണ്. ആഗോള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍ പകുതിയോളം ചൈനയില്‍ നിന്നുള്ളതാണ്. ഇതിനെ വലിയ തോതിലാണ് കോവിഡ് 19(കൊറോണ) വൈറസിന്റെ വരവ് ബാധിക്കുക.
പ്രധാന ചൈനീസ് കമ്പനികളെല്ലാം നിര്‍മ്മാണ യൂണിറ്റുകള്‍ പൂട്ടുകയോ പ്രവര്‍ത്തനം കുറക്കുകയോ ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. തൊഴിലാളികളുടെ കുറവാണ് ഇതിലേക്ക് കമ്പനികളെ നയിച്ചത്. ഓഫ്‌ലൈന്‍ വില്‍പനയിലും വലിയതോതില്‍ കുറവുണ്ടായിട്ടുണ്ട്. ഈവര്‍ഷം ആദ്യ പാദത്തില്‍ വില്‍പനയില്‍ 20 ശതമാനത്തിന്റെ കുറവാണ് കൗണ്ടര്‍ പോയിന്റ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.