ഭൂമിക്ക് ചന്ദ്രനല്ലാതെ പുതിയൊരു ഉപഗ്രഹം കൂടി
കുറഞ്ഞത് മൂന്ന് വര്‍ഷമായി ഈ വസ്തു ഭൂമിയെ കറങ്ങുന്നുണ്ടെങ്കിലും ഇപ്പോള്‍ മാത്രമാണ് ശ്രദ്ധയില്‍പെട്ടത്...
ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ കണ്ടെത്തി അത്ഭുതപ്പെടുത്തുകയാണ് ശാസ്ത്രലോകം. ഇപ്പോഴിതാ ഭൂമിക്ക് ചന്ദ്രനെ കൂടാതെ മറ്റൊരു ഉപഗ്രഹം കൂടിയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. 2020CD3 എന്ന് പേരിട്ടിരിക്കുന്ന ഈ ഉപഗ്രഹത്തിന് പിന്നാലെയാണ് ഒരുകൂട്ടം പ്രപഞ്ചശാസ്ത്രജ്ഞര്‍.
അരിസോണയിലെ കറ്റാലിന സ്‌കൈ സര്‍വേയില്‍ ഫെബ്രുവരി 15നാണ് വാനനിരീക്ഷകര്‍ ഭൂമിക്ക് അരികിലൂടെ അതിവേഗം കടന്നുപോകുന്ന വസ്തു ശ്രദ്ധയില്‍ പെട്ടത്. വിവരം നല്‍കിയതോടെ ഭൂമിയിലെ മറ്റു നിരീക്ഷണ കേന്ദ്രങ്ങളും കൂടി ഈ വസ്തുവിന്റെ പിന്നാലെ കൂടി. ഭൂമിയിലെ ആറ് നിരീക്ഷണകേന്ദ്രങ്ങള്‍ ഈ വസ്തുവിന്റെ സാന്നിധ്യം അറിയുകയായിരുന്നു. അങ്ങനെയാണ് വര്‍ഷങ്ങളായി ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന പുത്തനൊരു ഉപഗ്രഹത്തെ ശാസ്ത്രലോകം തിരിച്ചറിഞ്ഞത്.
ഒരു ചെറുകാറിന്റെ വലിപ്പം മാത്രമേ കുഞ്ഞു ചന്ദ്രനുള്ളൂ. 1.9 മീറ്റര്‍ വീതിയും 3.5 മീറ്റര്‍ നീളവുമാണ് ഈ വസ്തുവിന് കണക്കാക്കുന്നത്. കുറഞ്ഞത് മൂന്ന് വര്‍ഷമായി ഈ വസ്തു ഭൂമിയെ കറങ്ങുന്നത് എന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇപ്പോള്‍ മാത്രമാണ് മനുഷ്യന്റെ ശ്രദ്ധ അതില്‍ പതിയുന്നത് എന്നുമാത്രം.
ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ പെട്ടാണ് ഈ ഛിന്നഗ്രഹം ഭൂമിക്ക് ചുറ്റും കറങ്ങുന്നതെന്നാണ് കരുതുന്നത്. അതേസമയം ഈ ചെറു ഉപഗ്രഹത്തിന്റെ ഭ്രമണപഥം സ്ഥിരമല്ല. അതുകൊണ്ടുതന്നെ ഭൂമിയില്‍ നിന്നും അകലേക്ക് പോകാനുള്ള സാധ്യതയും ശാസ്ത്രജ്ഞര്‍ തള്ളിക്കളയുന്നില്ല.
ആദ്യമായല്ല ഇത്തരം ചെറു ഉപഗ്രഹങ്ങള്‍ ശാസ്ത്രലോകത്തിന്റെ ശ്രദ്ധയില്‍ വരുന്നത്. 2006ല്‍ RH120 എന്ന് പേരിട്ടിരുന്ന ഒരു ഛിന്നഗ്രഹം ഭൂമിയെ വലം വെക്കുന്നതായി വാനനിരീക്ഷകര്‍ കണ്ടെത്തിയിരുന്നു. 2006 സെപ്തംബര്‍ മുതല്‍ 2007 ജൂണ്‍ വരെയാണ് ഇതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. പിന്നീട് ഇത് ഭൂമിയില്‍ നിന്നും അകന്നുപോവുകയായിരുന്നു.