മുഖാവരണങ്ങളുടെ പരസ്യങ്ങള്‍ക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നിരോധം

ജനങ്ങള്‍ വലിയ തോതില്‍ മുഖാവരണങ്ങള്‍ വാങ്ങിക്കൂട്ടിയതോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പോലും ആവശ്യത്തിന് മുഖാവരണങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു...

Update: 2020-03-08 12:20 GMT
Advertising

മുഖാവരണങ്ങളുടെ പരസ്യങ്ങള്‍ക്ക് താത്ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തി ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ ഭീതിയിലാക്കി മുതലെടുപ്പ് നടത്തുന്നത് ഒഴിവാക്കാനാണ് നടപടി. വൈറസ് ഭീതിയുടെ മറവില്‍ സാമ്പത്തികനേട്ടത്തിനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയാണ് ലക്ഷ്യം.

ഫേസ്ബുക്കിലെ പരസ്യങ്ങള്‍ മാത്രമല്ല ഇവയുടെ ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസിലെ ലിങ്കുകളും മരവിപ്പിക്കും. മുഖാവരണം അടക്കമുള്ള വസ്തുക്കള്‍ക്ക് കൊറോണ ഭീതിയെ തുടര്‍ന്ന് വലിയ തോതില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇതോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പോലും ആവശ്യമായ മുഖാവരണങ്ങള്‍ ലഭിക്കുന്നില്ലെന്നും വലിയ തോതില്‍ ഇവയുടെ വില ഉയരുന്നുവെന്നും പരാതി വന്നു. തുടര്‍ന്നാണ് ഫേസ്ബുക്ക് അടക്കമുള്ള കമ്പനികള്‍ നടപടിയുമായി എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പ്രൊഡക്ട് മാനേജ്‌മെന്റ് ഡയറക്ടര്‍ റോബ് ലാതേണാണ് മുഖാവരണത്തിന്റെ പരസ്യങ്ങളും വില്‍പനയുടെ ലിങ്കുകളും പിന്‍വലിക്കുന്ന വിവരം അറിയിച്ചത്. അതേസമയം കുറച്ചു ദിവസങ്ങള്‍ക്കകം ഈ നിരോധം പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നും ബ്ലോഗ് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലും സമാനമായ നടപടിയുണ്ടായിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം ചുമതലയുള്ള ആദം മൊസേരിയാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ ഭീതിയെ തുടര്‍ന്ന് ഫേസ്ബുക്കിന്റെ സിയാറ്റില്‍ ഓഫീസ് അടച്ചിരുന്നു. ഇവിടെയുള്ള അയ്യായിരത്തോളം ജീവനക്കാര്‍ക്ക് മാര്‍ച്ച് 31വരെ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഫേസ്ബുക്കും ഗൂഗിളും വിവിധ രാജ്യങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന നിരവധി കോണ്‍ഫറന്‍സുകളും കൊറോണ ഭീതിയില്‍ റദ്ദാക്കിയിരുന്നു.

ഇബേ, ആമസോണ്‍ തുടങ്ങിയ ഇന്റര്‍നെറ്റ് ഷോപിംങ് സൈറ്റുകളും ഫേസ്ബുക്കിന് സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. മുഖാവരണത്തിന് പുറമേ സാനറ്റൈസറുകളുടേയും വൈയ്പ്‌സുകളുടേയും വില്‍പനക്കും ഇ കൊമേഴ്‌സ് സൈറ്റുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News