കോവിഡ് കാലത്ത് ഉപയോഗം കൂടി, ഇന്ത്യയിലെ ഇന്റര്‍നെറ്റ് വേഗത കുറഞ്ഞു

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ആഗോളരാജ്യങ്ങളില്‍ യു.എ.ഇയാണ് മുന്നിലുള്ളത്...

Update: 2020-04-12 09:18 GMT
Advertising

കോവിഡ് മഹാമാരിയായതോടെ ലോകത്തെ ഭൂരിഭാഗം മനുഷ്യരും വീടുകളില്‍ അടച്ചുപൂട്ടിയിരിപ്പാണ്. 135 കോടി ജനസംഖ്യയുള്ള ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. സ്വാഭാവികമായും ഇന്റര്‍നെറ്റ് ഉപയോഗം കൂടി. അടുത്തിടെയായി പഴയ വേഗത ഇന്റര്‍നെറ്റിനില്ലെന്ന് തോന്നാറുണ്ടെങ്കില്‍ അത് സത്യമാണെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.

ഇന്റര്‍നെറ്റ് വേഗതയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന അന്താരാഷ്ട്ര കമ്പനിയായ ഓക്‌ലയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ഇന്റര്‍നെറ്റ് വേഗത കുത്തനെ താഴേക്കാണ്. ഓക്‌ലയുടെ മാര്‍ച്ചിലെ റിപ്പോര്‍ട്ട് അനുസരിച്ച് മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ ആഗോള തലത്തില്‍ 130ആമതാണ്. ബ്രോഡ്ബാന്‍ഡിലാകട്ടെ 71ആം സ്ഥാനമാണ് ഇന്ത്യക്ക്.

രാജ്യത്തെ ബ്രോഡ്ബാന്‍ഡ് വേഗത 39.65 എംബിപിഎസില്‍ നിന്നും 35.98 എംബിപിഎസിലേക്കാണ് കുറഞ്ഞത്. ഈവര്‍ഷം ജനുവരി മുതല്‍ ഇന്ത്യയിലെ ശരാശരി ബ്രോഡ്ബാന്‍ഡ് വേഗതയില്‍ കുറവുവരുന്നുണ്ട്. ജനുവരിയില്‍ 41.48 എംബിപിഎസ് ആയിരുന്ന വേഗതയാണ് മാര്‍ച്ച് ആകുമ്പോഴേക്കും 5.5 എംബിപിഎസ് കുറഞ്ഞ് 35.98ലെത്തിയിരിക്കുന്നത്. അതേസമയം മൊബൈല്‍ ഡാറ്റയുടെ വേഗത 1.68എംബിപിഎസ് കണ്ട് കുറഞ്ഞിട്ടുമുണ്ട്.

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ആഗോളരാജ്യങ്ങളില്‍ യു.എ.ഇയാണ് മുന്നിലുള്ളത്. 83.52എംബിപിഎസാണ് യു.എ.ഇയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത. ബ്രോഡ്ബാന്‍ഡ് വേഗതയെടുത്താല്‍ ഒന്നാമത് സിംഗപൂരാണ്. ഒരു സെക്കന്റില്‍ 197.26 മെഗാബൈറ്റാണ് സിംഗപൂരിന്റെ ഇന്റര്‍നെറ്റ് വേഗം.

Tags:    

Similar News