ഡോക്ടര്‍മാര്‍ക്ക് പിന്നാലെ കോവിഡ് കാലത്ത് വിശ്രമമില്ലാത്ത മറ്റൊരു വിഭാഗത്തിനും ഗൂഗിളിന്‍റെ നന്ദി
പുതിയ ഗൂഗിള്‍ ഡൂഡില്‍വഴിയാണ് പാക്കിംങ്, ഷിപ്പിംങ്, വിതരണ തൊഴിലാളികള്‍ക്ക് ഗൂഗിള്‍ നന്ദി പറഞ്ഞിരിക്കുന്നത്....
കോവിഡ് കാലത്ത് വിശ്രമമില്ലാതെ പണിയെടുത്ത് ലോകമെങ്ങുമുള്ളവരുടെ ജീവിതം കൂടുതല്‍ എളുപ്പമാക്കുന്ന ലോജിസ്റ്റിക് വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് നന്ദി പറഞ്ഞ് ഗൂഗിള്‍. ഏറ്റവും പുതിയ ഡൂഡില്‍ വഴിയാണ് ഗൂഗിള്‍ സ്‌നേഹം കൈമാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ളതായിരുന്നു ഗൂഗിളിന്റെ ഡൂഡില്‍.
ഗൂഗിളിന്റ 'ജി' അക്ഷരത്തിന്റെ കൈവശമുള്ള പെട്ടിയില്‍ നിന്ന് ഹൃദയ ചിഹ്നം ഡെലിവറി വാനിന്റെ ഡ്രൈവറുടെ വേഷത്തിലിരിക്കുന്ന 'ഇ'യിലേക്ക് പറന്നുപോകുന്നതാണ് പുതിയ ഡൂഡിലിലുള്ളത്. ജിഫ് ഫയലായി ചലിക്കുന്ന രൂപത്തിലാണ് ഗൂഗിള്‍ ഈ ഡൂഡില്‍ ഒരുക്കിയിരിക്കുന്നത്. ഈ ഡൂഡിലില്‍ ക്ലിക്ക് ചെയ്താല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കോവിഡ് വെബ് സൈറ്റിലേക്കും(corona.mygov.in) ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളിലേക്കുമാണ് പോവുക.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഡോക്ടര്‍മാരും നേഴ്‌സുമാരും അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഗൂഗിള്‍ ഡൂഡിലിലൂടെ നന്ദി അറിയിച്ചത്. മൗസ് ഓവറില്‍ ഇക്കാര്യം എഴുതുക്കാണിക്കുകയും ചെയ്തിരുന്നു. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഗൂഗിള്‍ അവതരിപ്പിക്കുന്ന പുതിയ ഡൂഡില്‍ പരമ്പരയില്‍ ആദ്യത്തേതായിരുന്നു ഇത്. കൂടുതല്‍ കോവിഡ് ഡൂഡിലുകള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.
ചരിത്രത്തിലെ ഓര്‍മ്മപ്പെടുത്തലുകളും ആഘോഷങ്ങളും പ്രമുഖരുടെ ജന്മദിനങ്ങളിലും ഓര്‍മ്മ ദിനങ്ങളിലുമൊക്കെയാണ് സാധാരണ ഗൂഗില്‍ ഡൂഡിലുകള്‍ പ്രത്യക്ഷപ്പെടാറ്. രാജ്യങ്ങളുടെ പൊതു ആഘോഷങ്ങളുടെ ഭാഗങ്ങളായും ഗൂഗിള്‍ ഡൂഡിലുകള്‍ അവതരിപ്പിക്കാറുണ്ട്. ഗൂഗിളിന്റെ ഹോം പേജിലെ Google എന്ന് എഴുതിയിരിക്കുന്ന അക്ഷരങ്ങളുമായി ചേര്‍ത്താണ് ഓരോ ഡൂഡിലും തയ്യാറാക്കാറ്. ഓരോ രാജ്യങ്ങള്‍ക്കും വ്യത്യസ്തമായ ഡൂഡിലുകളാണ് ഗൂഗിള്‍ തയ്യാറാക്കുന്നത്.