എക്കാലത്തേയും വലിയ ഇന്റര്‍നെറ്റ് തട്ടിപ്പിന് കളമൊരുക്കി കോവിഡ്

കോവിഡ് ഭീതി മുതലെടുത്തുകൊണ്ട് നടക്കുന്ന പലവിധ തട്ടിപ്പുകളുടേയും കേന്ദ്രമായി ഇന്റര്‍നെറ്റ് മാറുന്നു. പ്രതിദിനം പത്ത് കോടി തട്ടിപ്പ് മെയിലുകളാണ് ജിമെയിലില്‍ മാത്രം...

Update: 2020-04-17 12:00 GMT
ലോകാരോഗ്യ സംഘടനയുടെ പേരില്‍ പ്രചരിക്കുന്ന തട്ടിപ്പ് സന്ദേശങ്ങളിലൊന്ന്
Advertising

ലോകത്ത് ഭൂരിഭാഗം മനുഷ്യരും കോവിഡ് ഭീതിയില്‍ വീട്ടിലിരിക്കുമ്പോള്‍ ഇന്റര്‍നെറ്റില്‍ തട്ടിപ്പുകാര്‍ക്ക് ചാകരക്കാലമാണ്. കോവിഡ് ഭീതി മുതലെടുത്തുകൊണ്ട് നടക്കുന്ന പലവിധ തട്ടിപ്പുകളുടേയും കേന്ദ്രമായി ഇന്റര്‍നെറ്റ് മാറുകയാണെന്ന മുന്നറിയിപ്പ് നല്‍കുന്നത് ഗൂഗിള്‍ തന്നെയാണ്. പ്രതിദിനം 10 കോടി തട്ടിപ്പ് മെയിലുകളാണ് തടയുന്നതെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്.

കോവിഡ് രോഗം വ്യാപിച്ചതിനേക്കാള്‍ വേഗത്തിലാണ് ഇന്റര്‍നെറ്റില്‍ കൊറോണ വൈറസിനെ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയില്‍ ശരാശരി പത്ത് കോടി ഇമെയിലുകള്‍ വീതം തടഞ്ഞുവെന്നാണ് ഗൂഗിള്‍ പറഞ്ഞത്. 150 കോടി പേര്‍ ഉപയോഗിക്കുന്ന ജിമെയിലില്‍ നിന്നുള്ള അഞ്ചില്‍ ഓരോ മെയിലും കോവിഡുമായി ബന്ധമുള്ള തട്ടിപ്പ് മെയിലാണെന്നാണ് ഗൂഗിളിന്റെ വെളിപ്പെടുത്തല്‍. ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പ് വിഷയമായി മാറിയിരിക്കുകയാണ് കൊറോണ വൈറസ്.

പലവിധത്തിലുള്ള തട്ടിപ്പുകളാണ് അരങ്ങേറുന്നത്. പലവിധ സോഫ്റ്റ്‌വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് ലോകാരോഗ്യ സംഘടന മുതലുള്ള പല സംഘടനകളുടേയും സര്‍ക്കാരുകളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും പേരില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിവിധ സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ള പൗരന്മാര്‍ക്കുള്ള കോവിഡ് സഹായങ്ങള്‍ തട്ടിയെടുക്കാനും ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.

ये भी पà¥�ें- കോവിഡ് നിയന്ത്രണം; ലോകത്തിന് മുന്നില്‍ കേരളം തിളങ്ങുന്ന മാതൃകയാവുമെന്ന് ആനന്ദ് മഹീന്ദ്ര

കോവിഡ് കാലത്ത് ഇന്റര്‍നെറ്റ് തട്ടിപ്പുകള്‍ വലിയ തോതില്‍ വര്‍ധിച്ചെന്ന് പല ഇന്റര്‍നെറ്റ് സുരക്ഷാ കമ്പനികളും മുന്നറിയിപ്പ് നല്‍കിയിരുന്നു. തട്ടിപ്പ് മെയിലുകളില്‍ 667 ശതമാനം വര്‍ധനവുണ്ടായെന്നാണ് ബറാകുഡ നെറ്റ്‌വര്‍ക്ക്‌സ് അറിയിച്ചത്. തങ്ങളുടെ മെഷീന്‍ ലേണിംങ് അല്‍ഗോരിതം വഴി 99.9% തട്ടിപ്പ് മെയിലുകളേയും അയക്കുന്നവരിലെത്തും മുമ്പേ തടയാനാവുന്നുണ്ടെന്നാണ് ഗൂഗിളിന്റെ അവകാശവാദം.

Tags:    

Similar News