'ഇത് ഫാസിസമാണ്' ലോക്ഡൗണ്‍ അവസാനിപ്പിക്കണമെന്ന് എലോണ്‍ മസ്‌ക്

'ജനങ്ങള്‍ ദേഷ്യത്തിലാണെന്നാണ് എനിക്ക് തോന്നുന്നത്. വീട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ ജനങ്ങളെ അറസ്റ്റു ചെയ്യുകയാണ്. ഇത് ഫാസിസമാണ്. ജനാധിപത്യമല്ല. ഇതല്ല സ്വാതന്ത്ര്യം...'

Update: 2020-04-30 10:48 GMT
Advertising

കോവിഡ് രോഗത്തെ തുടര്‍ന്ന് അമേരിക്കയില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെതിരെ പരസ്യ എതിര്‍പ്പുമായി ടെസ്‌ല മേധാവിയും ശതകോടീശ്വരനുമായ എലോണ്‍ മസ്‌ക്. വ്യക്തിസ്വാതന്ത്ര്യം തകര്‍ക്കുന്ന ഫാസിസ്റ്റ് തീരുമാനമെന്നാണ് മസ്‌ക് ലോക്ഡൗണിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുമെന്നും മസ്‌ക് ചൂണ്ടിക്കാണിക്കുന്നു.

തുടക്കം മുതല്‍ ലോക്ഡൗണിനെ എതിര്‍ത്തു വന്നിരുന്ന എലോണ്‍ മസ്‌ക് വൈദ്യുത കാര്‍ നിര്‍മ്മാതാക്കളുടെ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പരസ്യമായി ലോക്ഡൗണ്‍ വിരുദ്ധത പ്രകടമാക്കിയത്. ലോക്ഡൗണ്‍ തന്റെ കമ്പനിയുടെ കാലിഫോര്‍ണ്ണിയയുടെ നിര്‍മ്മാണ യൂണിറ്റിനെ ബാധിച്ചിട്ടുണ്ടെന്നും എപ്പോഴാണ് നിര്‍മ്മാണം പുനരാരംഭിക്കാനാവുകയെന്ന് അറിയില്ലെന്നുമാണ് എലോണ്‍ മസ്‌ക് പറഞ്ഞത്.

'വ്യക്തികളെ വീടുകളില്‍ നിര്‍ബന്ധമായി തടവിലാക്കിയിരിക്കുകയാണ്. ഇത് എല്ലാവിധ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും എതിരാണ്. ഈ രീതിയില്‍ പൗരന്മാരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ല. ഇതിനുവേണ്ടിയല്ല അമേരിക്കയിലേക്ക് ജനങ്ങള്‍ കുടിയേറി ഈ രാജ്യം കെട്ടിപ്പടുത്തത്.' എന്നായിരുന്നു ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ കൂടി ഉടമയായ മസ്‌കിന്റെ വാക്കുകള്‍.

'ജനങ്ങള്‍ ദേഷ്യത്തിലാണെന്നാണ് എനിക്ക് തോന്നുന്നത്. വീടുകളില്‍ നിന്നും പുറത്തിറങ്ങിയാല്‍ ജനങ്ങളെ അറസ്റ്റു ചെയ്യുകയാണ്. ഇത് ഫാസിസമാണ്. ജനാധിപത്യമല്ല. ഇതല്ല സ്വാതന്ത്ര്യം. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം തിരികെ നല്‍കൂ' എന്നും മസ്‌ക് പറഞ്ഞു.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് രോഗികള്‍ക്ക് നല്‍കണമെന്ന് ട്രംപിന് മുമ്പേ പരസ്യമായി ആവശ്യപ്പെട്ടയാളാണ് എലോണ്‍ മസ്‌ക്. ട്വീറ്റുകളിലൂടെ ലോക്ഡൗണ്‍ തുടരുന്നതിലെ അസ്വസ്തത പ്രകടമാക്കുകയും ചെയ്തിരുന്നു. തന്റെ ഓഹരികളിലുണ്ടായ ഇടിവാണ് ശതകോടീശ്വരനായ എലോണ്‍ മസ്‌കിനെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതെന്ന ആരോപണവുമായി നിരവധി പേര്‍ ലോക്ഡൌണ്‍ വിരുദ്ധ ട്വീറ്റിന് താഴെ കമന്റു ചെയ്തിട്ടുണ്ട്.

അതില്‍ ഒരാള്‍ ശാസ്ത്രവും ഞാനും ഒരുഭാഗത്തു നിന്നാല്‍ ശാസ്ത്രത്തെ സ്വീകരിക്കാന്‍ പറയുന്ന മസ്‌കിന്റെ മുന്‍ ട്വീറ്റാണ് മറുപടിയായി നല്‍കിയിരിക്കുന്നത്.

Tags:    

Similar News