2.2 കോടി അണ്‍അക്കാദമി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക് വെബ്ബില്‍ വില്‍പനക്ക്
വിവരങ്ങള്‍ ചോര്‍ത്തിയ ഹാക്കര്‍മാര്‍ ഒന്നരലക്ഷം രൂപക്കാണ് ഈ വിവരങ്ങള്‍ വില്‍പനക്ക് വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്...
2.2 കോടി അണ്‍അക്കാദമി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ഹാക്കര്‍മാര്‍ ഡാര്‍ക് വെബ്ബില്‍ വില്‍പനക്കുവെച്ചു. ഒന്നരലക്ഷം രൂപക്കാണ്(2000 ഡോളര്‍) ഉപഭോക്താക്കളുടെ വിവരങ്ങള്‍ വില്‍പനക്കുവെച്ചത്. അമേരിക്കന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ സൈബിള്‍ ആണ് ഡാര്‍ക് വെബില്‍ അണ്‍അക്കാദമിയുടെ യൂസര്‍ ഡാറ്റാബേസ് വില്‍പ്പനക്ക് വെച്ചത് കണ്ടെത്തിയത്.
അണ്‍അക്കാദമി 20 മില്യണ്‍ എന്ന പേരിലാണ് വിവരങ്ങള്‍ വില്‍പനക്ക് വെച്ചത്. ഈ വിവരങ്ങള്‍ ഒരാള്‍ വാങ്ങിയതായും സൂചിപ്പിക്കുന്നുണ്ട്. ഇ ലേണിങ് ആപ്പ് ഇതുവരെ ഉപയോഗിച്ച ഏതാണ്ട് എല്ലാവരുടെയും വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഉപയോക്താക്കളുടെ പേര്, യൂസര്‍ നെയിം, ഇമെയില്‍, പാസ്‌വേഡുകള്‍ എന്നിവയെല്ലാം ചോര്‍ന്നിട്ടുണ്ട്.
സാധാരണക്കാരുടെ വിവരങ്ങള്‍ക്ക് പുറമേ, കോഗ്‌നിസന്റ്, ഗൂഗിള്‍, ഇന്‍ഫോസിസ്, ഫേസ്ബുക്ക്, വിപ്രോ തുടങ്ങിയ ടെക് വമ്പന്‍മാരുടെ കോര്‍പറേറ്റ് ഇമെയില്‍ ഐഡികളുടെ വിവരങ്ങളും ചോര്‍ത്തപ്പെട്ടിട്ടുണ്ട്. ഇനി ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അവരുടെ ഔദ്യോഗിക ഐഡികള്‍ ഉപയോഗിച്ചാണ് അണ്‍അക്കാദമിയില്‍ ലോഗിന്‍ ചെയ്തതെങ്കില്‍ അതും ചോര്‍ത്തിയിട്ടുണ്ട്.
ഉപയോക്താക്കളുടെ പൊതുവിവരങ്ങള്‍ മാത്രമാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നതെന്നും സാമ്പത്തിക വിവരങ്ങളും ലൊക്കേഷനുമെല്ലാം സുരക്ഷിതമാണെന്നുമാണ് അണ്‍അക്കാദമി സഹസ്ഥാപകനും സി.ഇ.ഒയുമായ ഗൗരവ് മഞ്ചള്‍ പ്രതികരിച്ചിരിക്കുന്നത്. 1.1 കോടി ഉപഭോക്താക്കളുടെ വിവരങ്ങളാണ് നഷ്ടമായെന്ന് അണ്‍ അക്കാദമി സമ്മതിക്കുന്നുണ്ട്. ഉപഭോക്താക്കളോട് പാസ്‌വേഡുകള്‍ മാറ്റാന്‍ അണ്‍അക്കാദമി നിര്‍ദേശിച്ചു.