ഫേസ്ബുക്കിന്റെ 'സുപ്രീംകോടതി'യിലെ ഇന്ത്യക്കാരന്‍
ഫേസ്ബുക്ക് ഉള്ളടക്കങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങളില്‍ സുക്കര്‍ബര്‍ഗ് അടക്കം ഫേസ്ബുക്കിലെ ആരെക്കാളും ഈ സമിതിക്കായിരിക്കും അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം...
ഉള്ളടക്കം സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാനായി 20 അംഗ പരമോന്നത തര്‍ക്ക പരിഹാര സമിതിയെ തെരഞ്ഞെടുത്ത വിവരം മെയ് ആറിനാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചത്. സുക്കര്‍ബര്‍ഗ് അടക്കം ഫേസ്ബുക്കിലെ ആരെക്കാളും ഉള്ളടക്കത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഈ സമിതിക്കാണെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ ഇരുപതംഗ സമിതിയിലെ ഏക ഇന്ത്യക്കാരനാണ് സുധീര്‍ കൃഷ്ണസ്വാമി.
നീക്കം ചെയ്യുകയും നിലനിര്‍ത്തുകയും ചെയ്യേണ്ട ഉള്ളടക്കങ്ങള്‍ ഏതൊക്കെയാണെന്ന വെല്ലുവിളി ഫേസ്ബുക്കിന് തുടക്കം മുതലേയുണ്ട്. പ്രചാരം വര്‍ധിക്കുംതോറും ഇത് ഫേസ്ബുക്കിന് തീരാ തലവേദനയാവുകയും ചെയ്തു. ഇതോടെയാണ് ആഗോളതലത്തിലെ വിദഗ്ധരുടെ സമിതിയെ ഉള്ളടക്കം സംബന്ധിച്ച തര്‍ക്കങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ അധികാരം നല്‍കി നിയമിക്കാന്‍ ഫേസ്ബുക്ക് തീരുമാനിക്കുന്നത്.
മുന്‍ പ്രധാനമന്ത്രിയും നോബല്‍ സമ്മാനജേതാവും മാധ്യമപ്രവര്‍ത്തകരും നിയമവിദഗ്ധരും അടക്കമുള്ള ഇരുപതംഗ സമിതിയെയാണ് ഫേസ്ബുക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. പിന്നീട് ഈ സമിതിയിലെ അംഗങ്ങളുടെ എണ്ണം 40 ആക്കി ഉയര്‍ത്താനും ഫേസ്ബുക്കിന് പദ്ധതിയുണ്ട്. ആറ് വര്‍ഷത്തേക്ക് ഈ സമിതിയുടെ പ്രവര്‍ത്തനത്തിനായി 130 ദശലക്ഷം ഡോളര്‍ നീക്കിവെക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നും ഫേസ്ബുക്കിന്റെ 'സുപ്രീംകോടതി'യിലെത്തിയ സുധീര്‍ കൃഷ്ണസ്വാമി നിയമവിദഗ്ധനാണ്. ബംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാന്‍സലറായി ചുമതലയേറ്റയാള്‍. പ്രധാനമന്ത്രിയുടെ അടിസ്ഥാന സൗകര്യ വികസന സമിതിയിലും ബംഗളുരുവിലെ ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള കസ്തൂരി രംഗന്‍ കമ്മറ്റിയിലും സുധീര്‍ കൃഷ്ണസ്വാമി അംഗമായിരുന്നു. 1975ല്‍ ബംഗളൂരുവില്‍ ജനിച്ച സുധീര്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് നിയമബിരുദം നേടിയത്. ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയിലായിരുന്നു ഉന്നത പഠനം.