ഏത് ഐഫോണ്‍ പൂട്ടും തുറക്കുന്ന ജയില്‍ ബ്രേക്ക് ടൂളുമായി ഹാക്കര്‍മാര്‍
ഏറ്റവും പുതിയ ഐ.ഒ.എസ് 13.5ല്‍ വരെ ഇത് ഉപയോഗിക്കാനാകുമെന്നാണ് ഹാക്കര്‍മാരുടെ വെളിപ്പെടുത്തല്‍. സെപ്തംബറില്‍ ഇറങ്ങാനിരിക്കുന്ന ഐ.ഒ.എസ് 14 പൂര്‍ണ്ണമായും ഹാക്കര്‍മാര്‍ക്ക് ചോര്‍ന്നുകിട്ടിയിട്ടുണ്ട്...
ഏത് ഐഫോണുകളിലും നുഴഞ്ഞുകയറാന്‍ സഹായിക്കുന്ന 'ജയില്‍ ബ്രേക്ക് ടൂള്‍ ഹാക്കര്‍മാര്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഐ.ഒ.എസ് 11 മുതല്‍ ഏറ്റവും പുതിയ ഐ.ഒ.എസ് 13.5ല്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വരെ ഇത് ഉപയോഗിക്കാനാകുമെന്നാണ് ടെക്‌നോളജി വെബ്‌സൈറ്റായ ടെക്ക്രഞ്ച് റിപ്പോര്‍ട്ടു ചെയ്യുന്നത്. അതേസമയം ഇപ്പോഴും ഈ ജയില്‍ ബ്രേക്ക് ടൂളിന്റെ വിശദാംശങ്ങള്‍ പരസ്യമായിട്ടില്ല.
'unc0ver' എന്ന ഹാക്കര്‍മാരുടെ സംഘമാണ് ഈ ജയില്‍ ബ്രേക്ക് ടൂളിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. സുരക്ഷക്ക് വലിയ പ്രാധാന്യമാണ് ആപ്പിള്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ ആപ്പിളിന്റെ അനുമതിയില്ലാതെ ഐഫോണുകളില്‍ മൂന്നാം കക്ഷി പ്രോഗ്രാമുകളോ ആപ്ലിക്കേഷനുകളോ ഉപയോഗിക്കാനാവില്ല. ആപ്പിളിന്റെ ഈ സുരക്ഷാ മതിലിനെ ജയില്‍ എന്നാണ് ഹാക്കര്‍മാര്‍ വിളിക്കുന്നത്. ഈ സുരക്ഷാമതില്‍ തകര്‍ത്ത് സ്വന്തം ഇഷ്ടത്തിന് ഐഫോണില്‍ മാറ്റം വരുത്താന്‍ സഹായിക്കുന്നവയാണ് ജയില്‍ ബ്രേക്ക് ടൂളുകള്‍.
ഈ സുരക്ഷാ വീഴ്ച്ചക്കെതിരെ ആപ്പിള്‍ എന്ത് നടപടിയെടുക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും. ഈ ആഴ്ച്ച പുറത്തിറങ്ങിയ ഐ.ഒ.എസ് 13.5ല്‍ വരെ ഈ ജയില്‍ബ്രേക്ക് ടൂള്‍ പ്രവര്‍ത്തിക്കുമെന്നത് ആപ്പിളിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. അതേസമയം സെപ്തംബറില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐ.ഒ.എസ് 14ന്റെ പ്രീ റിലീസ് വെര്‍ഷന്‍ പല ഹാക്കര്‍മാരുടെ പക്കലുമുണ്ടെന്ന് നേരത്തെ ടെക്‌നോളജി സൈറ്റായ മദര്‍ബോര്‍ഡ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതുവഴിയാണോ പുതിയ ജയില്‍ ബ്രേക്ക് ടൂള്‍ ഹാക്കര്‍മാര്‍ വികസിപ്പിച്ചതെന്ന ആശങ്കയുമുണ്ട്.
ഐഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നത് ലോകമെങ്ങുമുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് പോലും തലവേദനയാണ്. തങ്ങളുടെ ഐഫോണുകളുടെ സുരക്ഷ തകര്‍ത്ത് വിവരങ്ങള്‍ നല്‍കാന്‍ ആപ്പിള്‍ സഹകരിക്കാറില്ല. ഗ്രേഷിഫ്റ്റ് പോലുള്ള കമ്പനികളുടെ സഹായമാണ് ഈ അവസരങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ സ്വീകരിക്കാര്‍. ഇവരുടെ ഗ്രേ ടൂള്‍ എന്ന കീ ഉപയോഗിച്ച് പാസ് വേഡ് ഊഹിച്ചെടുക്കുകയാണ് ചെയ്യുക. പക്ഷേ അതിന് 11 മണിക്കൂര്‍ വരെ എടുക്കാറുണ്ടെന്നാണ് ഗാഡ്‌ജെറ്റ് നൗ റിപോര്‍ട്ടു ചെയ്യുന്നത്.